കോഴിക്കോട്:
പേരാമ്പ്രയില്‍ അതിവേഗത്തിലെത്തിയ കാര്‍ റോഡില്‍ പെട്ടന്ന് ബ്രേക്കിട്ട് നിര്‍ത്തി മണിക്കൂറുകളോളം യാതൊരു അനക്കവുമില്ലാതെ കിടന്നത് പരിഭ്രാന്തി പടര്‍ത്തി. കുറ്റ്യാടി പേരാമ്പ്ര റോഡില്‍ പാലേരി വടക്കുമ്പാട് തണലിന് സമീപത്താണ് സംഭവം. കാര്‍ നിര്‍ത്തി യുവാവ് ഉറങ്ങിപ്പോയതോടെയാണ് നാട്ടുകാരും പൊലീസും വലഞ്ഞത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.
പെട്ടന്ന് നിര്‍ത്തിയ കാറില്‍ നിന്നും ആരും പുറത്തിറങ്ങിയില്ല. വാഹനം നിര്‍ത്തി ഏറെ നേരം കഴിഞ്ഞിട്ടും ആളുകളെ ഒന്നും പുറത്ത് കാണാതായതോടെ സംശയം തോന്നിയ നാട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് ഒരാള് കാറിലിരുന്ന് ഉറങ്ങുന്നത് കണ്ടത്. ഇയാളെ ഉണര്‍ത്താന്‍ നാട്ടുകാര്‍ പല ശ്രമങ്ങളും നടത്തിയെങ്കിലും ഫലമുണ്ടായില്ല. സീറ്റിലിരുന്ന് യുവാവ് ഉറക്കം തുടര്‍ന്നു.
ഏറെ നേരം കഴിഞ്ഞിട്ടും അനക്കമൊന്നുമില്ലാതായതോടെ നാട്ടുകാര്‍ പൊലീസിനെയും നാട്ടുകാരെയും വിവരമറിയിച്ചു. ഫയര്‍ഫോഴ്സെത്തി കാറിന്‍റെ ഡോര്‍ മുറിക്കാന്‍ ശ്രമം തുടങ്ങി. അതിന് മുന്നോടിയായി പൊലീസും ഫയര്‍ഫോഴ്സ് അംഗങ്ങളും ശക്തിയായി കാര്‍ പിടിച്ച് കുലുക്കി. പെട്ടന്ന് ഉറക്കം ഞെട്ടിയെഴുന്നേറ്റ യുവാവ് ഡോര്‍ തുറന്ന് പുറത്തിറങ്ങി.
ചുറ്റിനും കൂടിയ ആളുകളെ കണ്ട് യുവാവും അമ്പരന്നു. ആരോഗ്യ വകുപ്പ് ജീവനക്കാരനായ ആദിലെന്ന യുവാവാണ് കാറിലുണ്ടായിരുന്നു. തുടര്‍ച്ചയായുള്ള നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ പെട്ടന്ന് ഉറക്കം വന്നപ്പോള്‍ വാഹനം നിര്‍ത്തിയതാണെന്ന് യുവാവ് വ്യക്തമാക്കി. എന്തായാലും പുറത്ത് നടന്ന കോലാഹാലമൊക്കെ അറിഞ്ഞ് യുവാവും ഞെട്ടി.