രണ്ടാം ടെസ്റ്റിൽ ശ്രീലങ്കയെ 109 റൺസിന് പുറത്താക്കി ഇന്ത്യ 143 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കി. 43 റൺസെടുത്ത എയ്ഞ്ചലോ മാത്യൂസാണ് ലങ്കൻ നിരയിലെ ടോപ്സ്കോറർ. ആറിന് 86 റൺസെന്ന നിലയിലായിരുന്നു ലങ്ക ഡേ-നൈറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ചത്.
എന്നാൽ വെറും 35 പന്തുകൾക്കുള്ളിൽ ശേഷിക്കുന്ന ലങ്കൻ ബാറ്റർമാരെ കൂടി ഇന്ത്യൻ ബൗളർമാർ കൂടാരം കയറ്റി. ഇന്ത്യക്കായി ജസ്പ്രീത് ബൂംറ അഞ്ചു വിക്കറ്റ് വീഴ്ത്തി. പത്തോവറിൽ വെറും 24 റൺസ് മാത്രം വഴങ്ങിയാണ് ബൂംറ അഞ്ചുവിക്കറ്റ് വീഴ്ത്തിയത്.
മുഹമ്മദ് ഷമിയും ആർ അശ്വിനും രണ്ടുവിക്കറ്റെടുത്തു. അക്സർ പട്ടേൽ ഒരുവിക്കറ്റെടുത്തു. ഉദ്യാന നഗരിയിൽ വാടിയ പൂക്കൾ കണക്കെ വിക്കറ്റ് കൊഴിഞ്ഞ ഒന്നാം ദിനത്തിൽ ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ മുൻതൂക്കം നേടിയിരുന്നു. ആദ്യദിനം 16 വിക്കറ്റുകളാണ് കൊഴിഞ്ഞത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ലങ്കൻ സ്പിന്നർമാർക്കുമുന്നിൽ പതറിയെങ്കിലും പ്രത്യാക്രമണ ഇന്നിങ്സുമായി കളംനിറഞ്ഞ ശ്രേയസ് അയ്യരുടെ (92) കരുത്തിൽ 252 റൺസടിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്ക ഇന്ത്യൻ പേസർമാർക്ക് മുന്നിൽ മുട്ടിടിച്ച് ആറിന് 86 എന്ന നിലയിലാണ് ആദ്യ ദിനം കളിയവസാനിപ്പിച്ചത്. മൂന്നു വിക്കറ്റുമായി ജസ് പ്രീത് ബുംറയും രണ്ടു വിക്കറ്റോടെ മുഹമ്മദ് ഷമിയും ചേർന്ന പേസാക്രമണമാണ് ലങ്കയുടെ നടുവൊടിച്ചത്.
ഒരു വിക്കറ്റ് ഇടംകൈയ്യൻ സ്പിന്നർ അക്സർ പട്ടേലിനാണ്. 43 റൺസടിച്ച വെറ്ററൻ താരം എയ്ഞ്ചലോ മാത്യൂസ് മാത്രമാണ് ലങ്കൻ നിരയിൽ പിടിച്ചുനിന്നത്. നായകൻ ദിമുത് കരുണരത്നെ (4), കുശാൽ മെൻഡിസ് (2), ലാഹിരു തിരിമന്നെ (8), ധനഞ്ജയ ഡിസിൽവ (10), ചരിത് അസലങ്ക (5) എന്നിവരാണ് പുറത്തായ മറ്റു ബാറ്റർമാർ. നിരോഷൻ ഡിക് വെല്ലയും (13) ലസിത് എംബുൽഡെനിയയും (0) ആണ് ക്രീസിൽ.