Wed. Jan 22nd, 2025

ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച മുന്‍ ഇന്ത്യന്‍ താരം എസ് ശ്രീശാന്തിനെ പ്രശംസിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. വളരെയധികം പ്രതിഭാസമ്പന്നനായ ബൗളറായിരുന്നു ശ്രീശാന്തെന്നും, ഇന്ത്യന്‍ ടീമിന്‍റെ ഭാഗമായി അദ്ദേഹത്തിന് ദീര്‍ഘനാള്‍ കളിക്കാന്‍ സാധിച്ചതില്‍ അഭിനന്ദിക്കേണ്ടതുണ്ടെന്നും സച്ചിന്‍ പറഞ്ഞു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു ശ്രീശാന്തിന് സച്ചിന്‍റെ പ്രശംസ.

ജീവിതത്തിലെ രണ്ടാം ഇന്നിംഗ്സിന് എല്ലാവിധ ആശംസകള്‍ നേരുന്നുവെന്നും സച്ചിൻ കൂട്ടിച്ചേര്‍ത്തു.
പണ്ട് ചലഞ്ചര്‍ സീരീസില്‍‌ സച്ചിന്‍ തെണ്ടുല്‍ക്കറുടെ വിക്കറ്റെടുത്താണ് ശ്രീശാന്ത് ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്നത്. അന്ന് ഒരു ഇന്‍സ്വിങ്ങറിലൂടെ സച്ചിനെ ശ്രീശാന്ത് എൽ ബി ഡബ്ല്യു ആക്കുകയായിരുന്നു.

കഴിഞ്ഞ ബുധനാഴ്ചയാണ്​ ശ്രീശാന്ത് ക്രിക്കറ്റില്‍ നിന്ന്​ വിരമിക്കൽ പ്രഖ്യാപിച്ചത്​. എന്നാൽ ഏറെക്കാലം ഒരുമിച്ച്​ കളിച്ച്​ ശ്രീക്ക്​ മുൻതാരങ്ങൾ ആരും ആശംസകൾ അറിയിക്കാത്തതിനെതിരെ സാമൂഹിക മാധ്യമങ്ങളിലടക്കം വ്യാപക വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിനിടെയാണ്​ സച്ചിന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റെത്തുന്നത്.

നേരത്തെ സുരേഷ് റെയ്നയും ഹര്‍ഭജന്‍ സിങും മാത്രമാണ് ക്രിക്കറ്റ് മേഖലയില്‍ നിന്ന് താരത്തിന്‍റെ വിടവാങ്ങല്‍ സമയത്ത് പോസ്റ്റിട്ടത്. അവസാനമായി മേഘാലയക്കെതിരെ രഞ്ജി ട്രോഫിയിലാണ് ശ്രീശാന്ത് കളിച്ചത്. ടൂർണമെന്‍റിനിടെ താരത്തിന്‍റെ കൈക്ക് പരിക്കേറ്റിരുന്നു. പിന്നാലെ കേരളം രഞ്ജിയില്‍ നിന്ന് പുറത്തായതോടെ ശ്രീശാന്ത് വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു.