ആലപ്പുഴ:
പെൺകുട്ടികൾക്കുനേരെയുള്ള അതിക്രമങ്ങൾ കുഞ്ഞുമനസ്സിനെ എത്രത്തോളം വേദനിപ്പിച്ചെന്നതിന്റെ നേർചിത്രമാണ് നാലാം ക്ലാസുകാരി ഗായതി പ്രസാദിന്റെ സംവിധാനത്തിൽ പുറത്തിറക്കിയ ‘പ്രണയാന്ധം’ ചെറുസിനിമ. പൂമ്പാറ്റകളെപോലെ പാറിപ്പറന്നും കഥകൾ കേട്ടും സഞ്ചരിക്കേണ്ട ബാല്യത്തിൽ മനസ്സിൽ കുറിച്ചിട്ട പ്രണയചിന്തകൾക്ക് പുതുഭാവവും പാഠങ്ങളും പകർന്നാണ് സിനിമയിലെ പ്രണയകഥ സഞ്ചരിക്കുന്നത്. വർത്തമാനകാലത്ത് കുടുംബ ബന്ധങ്ങളിലെ വിള്ളൽ സൃഷ്ടിക്കുന്ന ആകുലതകളും അതുവഴി വഴിതെറ്റിപ്പോകുന്ന മക്കളുടെ ഭാവിയുമെല്ലാം കുഞ്ഞുപ്രായത്തിൽ കൃത്യമായി ഒപ്പിയെടുക്കുന്നതാണ് ചിത്രത്തെ വേറിട്ടുനിർത്തുന്നത്.
കോട്ടയം പാലായിലെ കോളജ് കാമ്പസിൽ പെൺകുട്ടിയെ കാമുകൻ കഴുത്തറുത്ത് കൊന്ന സംഭവത്തിന്റെ പിരിമുറുക്കത്തിൽനിന്നാണ് 18 മിനിറ്റ് നീളുന്ന ‘പ്രണയാന്ധം’ ഹ്രസ്വചിത്രത്തിന്റെ പിറവി. ആലപ്പുഴ കളർകോട് പവിത്രം വീട്ടിലിരുന്ന് മനസ്സിൽ രൂപപ്പെട്ട ആശയം ആദ്യമായി പങ്കുവെച്ചത് പിതാവ് ഗിരിപ്രസാദിനോടും മാതാവ് കസ്തൂരിയോടുമായിരുന്നു. അവർ അതിന് ചിറകുവിടർത്തിയപ്പോൾ കേരളത്തിന് സ്വന്തമായത് ഏറ്റവും പ്രായംകുറഞ്ഞ സംവിധായകയെയാണ്. വീടും പരിസരവും സമീപത്തെ പറവൂർ സ്കൂളിലുമായി സിനിമ ചിത്രീകരിക്കാൻ വേണ്ടിവന്നത് രണ്ടുദിവസമാണ്.