Mon. Dec 23rd, 2024
കോഴിക്കോട്:

ജെന്‍റര്‍ ന്യൂട്രാലിറ്റി യൂണിഫോമുകള്‍ നടപ്പാക്കിയും കൂടുതല്‍  മിക്സഡ് സ്കൂളുകള്‍ അനുവദിച്ചും സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റമാണ് വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്നത്. വിപ്ലവകരമായ മാറ്റങ്ങളില്‍ നടപ്പാക്കുന്നതില്‍ കോഴിക്കോട് ജില്ല മുന്നില്‍ തന്നെയുണ്ട്. ജില്ലയിലെ നിരവധി സ്കൂളുകളില്‍ ജെന്‍റര്‍ ന്യൂട്രാലിറ്റി യൂണിഫോമുകൾ നടപ്പാക്കിയിരുന്നു.

ഇപ്പോഴിതാ കോഴിക്കോട് കൂടുതല്‍ സ്കൂളുകളില്‍ ആൺപെൺ വേർതിരിവ് അവസാനിക്കുന്നു. മിക്സഡ് സ്കൂളുകളാകാന്‍ അനുമതി തേടി കൂടുതല്‍ സ്കൂളുകൾ വിദ്യാഭ്യാസ വകുപ്പിനെ സമീപിച്ചു. ചാലപ്പുറം ഗണപത് ബോയ്സ് സ്കൂളാണ് ഏറ്റവും ഒടുവില്‍ ആൺ പെൺ വ്യത്യാസം അവസാനിപ്പിച്ച് മിക്സഡ് സ്കൂളായി മാറിയത്.

നൂറ്റാണ്ടുകളുടെ ചരിത്രമുള്ള ചാലപ്പുറം ഗവ ഗണപത് ബോയ്സ് ഹൈസ്കൂളില്‍ അടുത്ത അധ്യയനവർഷം മുതലാണ് പെൺകുട്ടികൾക്കും പ്രവേശനം. പെൺകുട്ടികളുടെ ബാസ്ക്കറ്റ് ബോൾ മത്സരം സംഘടിപ്പിച്ചാണ് മിക്സഡ് സ്കൂളായി അനുമതി ലഭിച്ചത് സ്കൂൾ ആഘോഷമാക്കിയത്. കോഴിക്കോട്ടെ കൂടുതല്‍ സ്കൂളുകൾ ആൺ പെൺ വേർതിരിവ് അവസാനിപ്പിക്കാനായി മുന്നോട്ട് വന്നുകഴിഞ്ഞു.

ജില്ലയില്‍ ആകെയുള്ള 335 സർക്കാർ സ്കൂളുകളടക്കം 1280 സ്കൂളുകൾ. ഇതില്‍ ആൺകുട്ടികൾക്ക് മാത്രമായി 8 സ്കൂളുകളാണുള്ളത്. സർക്കാർ സ്കൂളായ പറയഞ്ചേരി ബോയ്സും, മലബാർ ക്രിസ്ത്യന്‍ കോളേജും പെൺകുട്ടികൾക്ക് പ്രവേശനം നല്‍കാനായി വിദ്യാഭ്യാസ വകുപ്പിനോട് അനുമതി തേടി കഴിഞ്ഞു.

ബാക്കിയുള്ള ആറ് സ്കൂളുകളില്‍ ചിലത് മിക്സഡ് ആക്കുന്നതിനെ കുറിച്ചുള്ള ആലോചനയും തുടങ്ങി. ജില്ലയില്‍ ആകെയുള്ള 21 ഗേൾസ് സ്കൂളുകളിലും ചിലതും മാറുന്നതിനെ കുറിച്ച് ചർച്ച തുടങ്ങിയിട്ടുണ്ട്.