Fri. Apr 25th, 2025
തിരുവനന്തപുരം:

കോട്ടയം ഉൾപ്പെടെ ആറ് ജില്ലകളിൽ ഇന്ന് താപനില ഉയരുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. രണ്ടു മുതൽ മൂന്നു ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാനാണ് സാധ്യത. കോട്ടയം, കൊല്ലം, ആലപ്പുഴ, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്.

ഈ ജില്ലകളിൽ ജാഗ്രത വേണമെന്ന് അധികൃതർ അറിയിച്ചു. ഇവിടെ ഇന്നലെയും ജാഗ്രതാ മുന്നറിയിപ്പു നൽകിയിരുന്നു. കോട്ടയം, കൊല്ലം ജില്ലകളിൽ 37, തൃശൂരിൽ 38.6, പാലക്കാട് 38 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെ ഇന്നലെ ഉയർന്ന താപനില രേഖപ്പെടുത്തി.

തിരുവനന്തപുരം നഗരത്തിൽ 34.5 ആയിരുന്നു. ശരാശരിയിൽ നിന്നു 33% മഴ കുറഞ്ഞതും വരണ്ട വടക്കു കിഴക്കൻ കാറ്റിന്റെ സ്വാധീനവുമാണ് താപനില ഉയരാൻ കാരണം. കോട്ടയം, ഇടുക്കി, കൊല്ലം, പത്തനംതിട്ട, ജില്ലകളിൽ 15ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.