പൂച്ചാക്കൽ:
ചേർത്തല-അരൂക്കുറ്റി റോഡിൽ പൂച്ചാക്കൽ തെക്കേ കരമുതൽ വീരമംഗലം വരെ ഭാഗം മാത്രം പുനർ നിർമിക്കാത്തത് ധാരാളം അപകടങ്ങൾക്ക് കാരണമായപ്പോൾ കുഞ്ഞുമനസ്സുകളുടെ ഇടപെടൽ ശ്രദ്ധേയമായി. പാണാവള്ളി സബ് രജിസ്ട്രാർ ഓഫിസിന് മുന്നിൽ ധാരാളം അപകടക്കുഴികൾ രൂപപ്പെട്ട് അപകടം നിത്യ സംഭവമായതിനെത്തുടർന്ന് കുഴികളടക്കാൻ കുട്ടികൾ പിതാവിനൊപ്പം രംഗത്തുവരുകയായിരുന്നു. മൂന്ന് മാസത്തിനിടെ മാത്രം ഈ ഭാഗങ്ങളിൽ നൂറിലധികം ഇരുചക്ര വാഹന യാത്രികരാണ് അപകടത്തിൽപെട്ടത്.
കഴിഞ്ഞ ദിവസം ഒരുസ്ത്രീയും മകനും സഞ്ചരിച്ച ഇരുചക്ര വാഹനം കുഴിയിൽ വീണ് മാതാവ് തെറിച്ചുപോയി. ഇവരെ ആശുപത്രിയിലെത്തിച്ച ബ്ലു ലെയിൻ ടൂർസ് ആൻഡ് ട്രാവൽസ് ഉടമ സാബു ഗൗരിശങ്കരവും മക്കളുമാണ് റോഡിലെ കുഴികളടക്കാൻ മുന്നോട്ടുവന്നത്. എട്ടാം ക്ലാസ് വിദ്യാർത്ഥി നീരജ് സാബു, ഒന്നാം ക്ലാസിൽ പഠിക്കുന്ന നിഖിൽ സാബു, സഹോദരപുത്രൻ നാലാം ക്ലാസ് വിദ്യാർത്ഥിയായ യദുകൃഷ്ണ എന്നിവരാണ് ഇതിന് മുതിർന്നത്. സ്റ്റുഡന്റ് പൊലീസ് കാഡറ്റുകൂടിയായ നീരജ് സാബുവിന്റെ നേതൃത്വത്തിലാണ് പണി നടന്നത്.