Wed. Jan 22nd, 2025
കണ്ണൂർ:

കണ്ണൂർ കൊട്ടിയൂർ അമ്പായത്തോട് മേഖലയിൽ മാവോയിസ്റ്റ് സാന്നിധ്യം. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് മേലെ പാൽ ചുരത്തിന് സമീപമുള്ള കാട്ടിലൂടെ മാവോയിസ്റ്റുകൾ നടന്ന് പോകുന്നതായി വനപാലകരുടെ ശ്രദ്ധയിൽ പെട്ടത്. ആയുധ ധാരികളായ രണ്ട് പുരുഷൻമാരും ഒരു സ്ത്രീയുമാണ് സംഘത്തിലുണ്ടായിരുന്നത്.

വനപാലകരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേളകം പൊലീസ് യു എ പി എ ചുമത്തി കേസെടുത്തു. മാവോയിസ്റ്റ് നേതാവ് മൊയ്തീൻ സംഘത്തിലുണ്ടായിരുന്നെന്ന് സൂചന. നേരത്തെ ഫെബ്രുവരി 21 ന് നാദാപുരം പശുക്കടവിൽ മാവോയിസ്റ്റ് സംഘമെത്തിയതായി വിവരം ലഭിച്ചിരുന്നു.

ഫെബ്രുവരി 21 ന് വൈകുന്നേരത്തോടെയാണ് പാമ്പൻകോട് മലയിൽ മാവോയിസ്റ്റ് സംഘമെത്തിയതെന്നാണ് വിവരം ലഭിച്ചത്. ഇവിടെ താമസിക്കുന്ന എം സണ്ണി, എംസി അശോകൻ എന്നിവരുടെ വീടുകളിലാണ് മാവോയിസ്റ്റുകൾ എത്തിയത്. മാവോയിസ്റ്റ് സംഘത്തിൽ ആറ് പേരുണ്ടായിരുന്നതായാണ് സണ്ണിയും അശോകനും വിവരം നൽകിയത്. ഇവരിൽ നാല് പേർ സ്ത്രീകളും രണ്ട് പേർ പുരുഷന്മാരുമായിരുന്നു.

സംഘത്തിന്റെ പക്കൽ തോക്കുമുണ്ടായിരുന്നതായാണ് പൊലീസിന് ലഭിച്ച മൊഴി. മാവോയിസ്റ്റ് ലഘുലേഖകൾ വീട്ടുകാർക്ക് നൽകിയ ശേഷം ആറംഗ സംഘം ഇവിടെ നിന്ന് ആഹാരവും കഴിച്ചാണ് മടങ്ങിയത്. വിവരം അറിഞ്ഞ് നാദാപുരം ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ അന്ന് കേരള പൊലീസ് സംഘവും തണ്ടർബോൾട്ടും ഈ മേഖലയിൽ തിരച്ചിൽ നടത്തിയിരുന്നു.