Mon. Dec 23rd, 2024

അമൽ നീരദ് സംവിധാനം ചെയ്ത മമ്മൂട്ടി നായകനായ ചിത്രം ‘ഭീഷ്മപർവ’ത്തിനെതിരെ കടുത്ത വർഗീയ പരാമർശങ്ങൾ അടങ്ങിയ വിമർശനവുമായി കെസിബിസി പ്രസിദ്ധീകരണം. എല്ലാ തരത്തിലുമുള്ള തിന്മകളുടെയും പ്രതിരൂപങ്ങളായാണ് ചിത്രത്തിൽ ക്രിസ്ത്യൻ വിശ്വാസികളെ അവതരിപ്പിച്ചിരിക്കുന്നതെന്നും എല്ലാ സദ്ഗുണങ്ങളുമായി മുസ്‌ലിം കഥാപാത്രങ്ങളെ കാണിക്കുന്നുവെന്നും കെസിബിസിയുടെ ജാഗ്രതാ ന്യൂസിൽ എഴുതിയ ലേഖനത്തിൽ വിമർശിച്ചിരിക്കുന്നു. ക്രൈസ്തവവിരുദ്ധത സിനിമയുടെ പ്രധാന അജണ്ടയാണെന്ന് കാണാനാകുന്നുവെന്നും ജാഗ്രതാ ന്യൂസ് മാർച്ച് ലക്കത്തിൽ പ്രസിദ്ധീകരിച്ച കുറിപ്പിൽ ആരോപിക്കുന്നു.

ലേഖനത്തിന്റെ പൂർണരൂപം കെസിബിസി ജാഗ്രതാ കമ്മീഷൻ ഫേസ്ബുക്ക് പേജിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കഥാപാത്രങ്ങൾക്കും കഥാസന്ദർഭങ്ങൾക്കും പുറമെ, ക്രൈസ്തവ വിരുദ്ധത നിറഞ്ഞുനിൽക്കുന്നതും അവഹേളനപരവുമായ സംഭാഷണങ്ങളും സിനിമയിൽ ഉടനീളമുണ്ട്. ചില ആനുകാലിക സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഇസ്‌ലാമിക നീക്കങ്ങൾക്കെതിരായി ഉയർന്നിട്ടുള്ള ശബ്ദങ്ങൾക്ക് മറുപടി എന്നവണ്ണം ചില ഡയലോഗുകൾ ഇടക്കുണ്ട്.

കഥാഗതിയും, അതിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടിട്ടുള്ള സന്ദർഭങ്ങളും കഥാപാത്രങ്ങളും, എഴുതപ്പെട്ടിട്ടുള്ള ഡയലോഗുകളും അതിന്റെ ശൈലിയും നിരീക്ഷിച്ചാൽ ക്രൈസ്തവവിരുദ്ധത സിനിമയുടെ ഒരു പ്രധാന അജണ്ട തന്നെയാണെന്ന് കാണാവുന്നതാണെന്ന് ലേഖനത്തിൽ ആരോപിക്കുന്നു. ‘മലയാള സിനിമയിലെ ട്രോജൻ കുതിരകൾ’ എന്ന തലക്കെട്ടിലാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിമർശനത്തിനെതിരെ സിനിമ പ്രേമികളും രംഗത്തെത്തിയിട്ടുണ്ട്. ‘‘മുസ്‍ലിംകളെ തീവ്രവാദികളായി ചിത്രീകരിച്ച് ‘അൻവർ’ എന്ന സിനിമയെടുത്ത സംവിധായകൻ എന്ന നിലയിലെങ്കിലും അമൽ നീരദിനെ ക്രിസ്ത്യൻ തീവ്രവാദികൾ വെറുതെ വിടണം’’ എന്നാണ് ഒരു സിനിമ പ്രേമി സാമൂഹികമാധ്യമം വഴി പ്രതികരിച്ചത്.

കഥാപാത്രങ്ങൾക്കും കഥാസന്ദർഭങ്ങൾക്കും പുറമെ, ക്രൈസ്തവ വിരുദ്ധത നിറഞ്ഞുനിൽക്കുന്നതും അവഹേളനപരവുമായ സംഭാഷണങ്ങളും സിനിമയിൽ ഉടനീളമുണ്ട്. ചില ആനുകാലിക സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഇസ്‌ലാമിക നീക്കങ്ങൾക്കെതിരായി ഉയർന്നിട്ടുള്ള ശബ്ദങ്ങൾക്ക് മറുപടി എന്നവണ്ണം ചില ഡയലോഗുകൾ ഇടയ്ക്കുണ്ട്. കഥാഗതിയും, അതിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടിട്ടുള്ള സന്ദർഭങ്ങളും കഥാപാത്രങ്ങളും, എഴുതപ്പെട്ടിട്ടുള്ള ഡയലോഗുകളും അതിന്റെ ശൈലിയും നിരീക്ഷിച്ചാൽ ക്രൈസ്തവവിരുദ്ധത സിനിമയുടെ ഒരു പ്രധാന അജണ്ട തന്നെയാണെന്ന് കാണാവുന്നതാണ്.

സമഗ്രമായ രീതിയിൽ വിലയിരുത്തിയാൽ, ഇസ്‌ലാമിക-ക്രൈസ്തവ വിവാദ വിഷയങ്ങളെ തുടർന്ന് ഈ സമൂഹത്തിൽ ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്ന സാമൂഹിക ധ്രുവീകരണത്തിന്റെ ഉപോല്പന്നമാണ് ഈ സിനിമ എന്ന് കരുതുന്നതിൽ തെറ്റില്ല. സമീപകാലങ്ങളിൽ പലപ്പോഴായി ഉയർത്തിക്കാണിക്കപ്പെട്ടിട്ടുള്ള വിവിധ ആശങ്കകളുമായി ബന്ധപ്പെട്ട് വിപരീത ആശയം ഒളിച്ചുകടത്തുന്ന ട്രോജൻ കുതിരയാണ് ഈ ചലച്ചിത്രം.