Mon. Dec 23rd, 2024

വനിതാ ലോക കപ്പ് ക്രിക്കറ്റിൽ ഇന്ത്യക്ക് വിജയം. വെസ്റ്റ് ഇന്‍ഡീസിനെ 40.3 ഓവറില്‍ 162 റണ്‍സില്‍ എറിഞ്ഞിട്ടാണ് 155 റണ്‍സിന്‍റെ വമ്പന്‍ ജയം മിതാലി രാജും സംഘവും നേടിയത്. 318 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസിനെ 162 റൺസിന് ഇന്ത്യൻ സംഘം പുറത്തതാക്കി.

സ്‌കോര്‍: ഇന്ത്യ-317/8 (50), വിന്‍ഡീസ്-162-10 (40.3 Ov). ബാറ്റിംഗില്‍ സെഞ്ചുറികളുമായി സ്‌മൃതി മന്ഥാനയും ഹര്‍മന്‍പ്രീത് കൗറും തിളങ്ങിയപ്പോള്‍ ബൗളിംഗില്‍ സ്‌നേഹ് റാണ മൂന്നും മേഘ്‌ന സിംഗ് രണ്ടും വിക്കറ്റ് വീഴ്‌ത്തി. സ്മൃതി 119 പന്തുകളില്‍ നിന്ന് 13 ഫോറിന്റെയും രണ്ട് സിക്സിന്റെയും അകമ്പടിയോടെ 123 റണ്‍സെടുത്തപ്പോള്‍ ഹര്‍മന്‍പ്രീത് 107 പന്തുകളില്‍ നിന്ന് പത്ത് ബൗണ്ടറിയുടെയും രണ്ട് സിക്സിന്റെയും സഹായത്തോടെ 109 റണ്‍സെടുത്തു.

മറുപടി ബാറ്റിംഗില്‍ ശക്തമായ തുടക്കം ലഭിച്ച വിന്‍ഡീസ് വനിതകള്‍ 100-1 എന്ന നിലയില്‍ നിന്ന് 134-6 എന്ന നിലയിലേക്ക് കൂപ്പുകുത്തി. ഒന്നാം വിക്കറ്റില്‍ ഡീന്‍ഡ്രാ ഡോട്ടിന്‍-ഹെയ്‌ലി മാത്യൂസ് സഖ്യം 12.2 ഓവറില്‍ 100 റണ്‍സ് ചേര്‍ത്തു. 46 പന്തില്‍ 62 റണ്‍സുമായി തകര്‍ത്തടിച്ചിരുന്ന ഡോട്ടിനെയും 36 പന്തില്‍ 43 റണ്‍സെടുത്ത ഹെയ്‌ലിയേയും സ്‌നേഹ് റാണ മടക്കിയത് നിര്‍ണായകമായി.

ഈ വിജയത്തോടെ ഇന്ത്യ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. മൂന്ന് മത്സരങ്ങളില്‍ നിന്ന് നാല് പോയന്റാണ് ടീമിനുള്ളത്. മികച്ച നെറ്റ് റണ്‍റേറ്റാണ് ടീമിന് തുണയായത്.