കാസർകോട്:
പള്ളം കൽമാടി കണ്ടൽക്കാടുകൾക്കിടയിൽ നിന്നു ഒരു മാസം കൊണ്ട് വനംവകുപ്പ് നീക്കിയത് 15 ലോറി നിറയെ പ്ലാസ്റ്റിക് മാലിന്യം. ഓപ്പറേഷൻ ഗ്രീൻ ഗ്രാസിന്റെ ഭാഗമായാണ് കണ്ടൽക്കാട് ശുചീകരിച്ചത്.പ്ലാസ്റ്റിക് ശേഖരിക്കാനിറങ്ങിയ വനംവകുപ്പിനെ ഞെട്ടിക്കുന്നതായിരുന്നു അവിടെ കണ്ട കാഴ്ച.
കെട്ടിക്കിടക്കുന്ന മലിന ജലത്തിലും കരയിലും പ്ലാസ്റ്റിക് കവറുകൾ കുമിഞ്ഞുകൂടി ഭീകരമായിരുന്നു അവസ്ഥ. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കോരിയെടുക്കാൻ നോക്കിയെങ്കിലും സാധിച്ചില്ല. ഒടുവിൽ തൊഴിലാളികളെ ഉപയോഗിച്ച് പെറുക്കി എടുക്കുകയായിരുന്നു.
കഴിഞ്ഞ ഒക്ടോബർ മാസം മുതൽ ഇതുവരെ 3 ഘട്ടമായി 30 ദിവസമാണ് ശുചീകരണം നടത്തിയത്. ഇതിനകം 15 ലോഡ് പ്ലാസ്റ്റിക് ശേഖരിച്ച് നഗരസഭയുടെ മാലിന്യ സംസ്കരണ യൂണിറ്റിന് കൈമാറി. ഇനിയും ലോഡ് കണക്കിനു പ്ലാസ്റ്റിക്കാണ് ഇവിടെ അടിഞ്ഞിരിക്കുന്നത്. വീടുകളിൽ നിന്നും മറ്റും കൊണ്ടു തള്ളുന്ന പ്ലാസ്റ്റിക്കാണ് ഒരുകാലത്ത് നാടിന്റെ ശുദ്ധജല സ്രോതസ്സായിരുന്ന കൽമാടി തോടിനെ നശിപ്പിച്ചത്.