Sat. Apr 27th, 2024
ഉത്തരാഖണ്ഡ്:

ഉത്തരാഖണ്ഡിൽ കേവല ഭൂരിപക്ഷം കടന്ന് ബിജെപി. 44 സീറ്റുകളിലാണ് ബിജെപി മുന്നേറുന്നത്. ഇതോടെ ഭരണതുടർച്ച ഉറപ്പാക്കി ബിജെപി ചരിത്രവിജയത്തിലേക്ക് കടക്കുകയാണ്.

വോട്ടെണ്ണൽ നാലുമണിക്കൂർ പിന്നിടുമ്പോൾ കോൺഗ്രസ് 23 സീറ്റിൽ മാത്രമാണ് മുന്നേറ്റം നടക്കുന്നത്. ഇത്തവണ മത്സരരംഗത്തുള്ള ആംആദ്മി പാർട്ടിക്ക് ഇതുവരെ ഒരു സീറ്റിൽ പോലും ലീഡുയർത്താൻ സാധിച്ചിട്ടില്ല. 152 സ്വതന്ത്രർ അടക്കം 632 സ്ഥാനാർത്ഥികളാണ് ഉത്തരാഖണ്ഡിൽ മത്സര രംഗത്തുണ്ടായിരുന്നത്.

രണ്ട് പതിറ്റാണ്ട് മാത്രം പ്രായമുള്ള സംസ്ഥാനത്ത് അഞ്ചുവർഷം കൂടുമ്പോൾ കോൺഗ്രസും ബിജെപിയും മാറിമാറിയാണ് ഭരണം. 2017 ൽ 57 സീറ്റ് നേടിയാണ് ബിജെപി ഭരണത്തിലേറിയത്. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഭരണത്തുടർച്ച ലഭിച്ചാൽ അത് പുതിയ ചരിത്രമാകും. ആ ചരിത്ര നിമിഷത്തിലേക്ക് ബിജെപിക്ക് കടന്നുകഴിഞ്ഞു.

അതേ സമയം നേരത്തെ മുന്നിലായിരുന്ന മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി ഇപ്പോൾ ഏറെ പിന്നിലാണ്. സിറ്റിംഗ് മുഖ്യമന്ത്രി തോൽക്കുന്ന പതിവ് ആവർത്തിക്കാതിരിക്കാനുള്ള പോരാട്ടത്തിലാണ് ധാമിയിപ്പോൾ. കൂടാതെ മുഖ്യമന്ത്രിമാരെല്ലാം നിയമസഭ തെരഞ്ഞെടുപ്പിൽ തോൽക്കുന്നതും ഉത്തരാഖണ്ഡിന്റെ പ്രത്യേകതയാണ്.

2017 ലെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായിരുന്നു ഹരീഷ് റാവത്ത്. ഉദ്ദം സിംഗ് നഗർ ജില്ലയിലെ കിച്ച മണ്ഡലത്തിൽ നിന്നും ഹരിദ്വാർ ജില്ലയിലെ ഹരിദ്വാർ റൂറൽ മണ്ഡലത്തിൽ നിന്നുമാണ് ഹരീഷ് ജനവിധി തേടിയത്. എന്നാൽ രണ്ടിടത്തും വൻ തോൽവിയാണ് ഹരീഷിനെ കാത്തിരുന്നത്.

ഹരിദ്വാർ റൂറലിൽ പന്ത്രണ്ടായിരം വോട്ടുകൾക്കും കിച്ചയിൽ രണ്ടായിരത്തോളം വോട്ടുകൾക്കും ദയനീയമായി തോറ്റു. 2012 ൽ മുഖ്യമന്ത്രി സ്ഥാനാർഥിയായ ഖണ്ഡൂരിയും ദയനീയമായി തോറ്റിരുന്നു. ഏതായാലും ആ ചരിത്രം ഇത്തവണ ധാമി തിരുത്തുമോ എന്നാണ് ഉറ്റുനോക്കുന്നത്. അതേ സമയം കോൺഗ്രസ് സ്ഥാനാർഥി ഹരീഷ് റാവത്ത് ഏറെ പിന്നിലാണ്.