കുറ്റ്യാടി:
പെരുവണ്ണാമൂഴി അണക്കെട്ടിലെ വെള്ളം വടകര താലൂക്കിലെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്ന കുറ്റ്യാടി ജലസേചനപദ്ധതി വലതുകര മെയിൻകനാലിന്റെ തകർച്ചകാരണം താലൂക്കിൽ വിവിധ പഞ്ചായത്തുകൾ വരൾച്ചയിലേക്ക്. 34 കിലോമീറ്റർ ദൈർഘ്യമുള്ള കനാൽ 6000 ഹെക്ടർ കൃഷിഭൂമി നനക്കാനുള്ളതാണ്. അതിലേറെ കുടിവെള്ളത്തിനും ഉപയോഗപ്പെടുന്നു.
വേനലിൽ വറ്റുന്ന കിണറുകളിൽ കനാൽജലം അരിച്ചെത്തി ജലസമൃൃദ്ധിയുണ്ടാവുകയും കുടിവെള്ളക്ഷാമം പരിഹരിക്കുകയും ചെയ്യുന്നു. കനാൽ ജലം ബ്രാഞ്ച് കനാലുകളിലും കൈക്കനാലുകളിലും ഫീൽഡ് ബൂത്തുകളിലും എത്തും മുമ്പേ മെയിൻ കനാൽ തകർന്നിരിക്കുകയാണ്. കനാൽ വെള്ളത്തെ മാത്രം ആശ്രയിച്ച് ഏക്കർ കണക്കിൽ വയലുകളിൽ കൃഷി ഇറക്കിയിട്ടുണ്ട്.
വ്യാപകമായി പച്ചക്കറി കൃഷിയും തുടങ്ങിയിട്ടുണ്ട്. ഇതിന്റെയൊക്കെ ഭാവി എന്താവുമെന്നാണ് കർഷകരുടെ ഉത്കണ്ഠ. റോഡ്, കെട്ടിടം ഉൾപ്പെടെ നിർമാണപ്രവൃത്തികൾക്ക് വെള്ളമെടുക്കുന്നത് കനാൽ ജലം കാരണം ജലവിതാനം ഉയർന്ന കിണറുകളിൽനിന്നാണ്. താലൂക്കിലെ മൂന്നോ നാലോ മലയോര പഞ്ചായത്തുകൾ ഒഴികെയും വടകര നഗരസഭയിലും കനാൽ ജലം എത്തുന്നുണ്ട്.
പൊട്ടിയ സ്ഥലത്തിനടുത്ത് കനാൽ തടഞ്ഞ് തുടക്ക ഭാഗത്തുള്ള പഞ്ചായത്തുകളിൽ വെള്ളം നൽകാൻ കഴിയുമോ എന്ന ആലോചനയും നടക്കുന്നുണ്ട്. ഇതെല്ലാം ഇനി മുടങ്ങുമെന്നാണ് വിലയിരുത്തൽ. മെയിൻകനാലിന് ആറ് കിലോമീറ്റർ പിന്നിടുന്ന മരുതോങ്കര പഞ്ചായത്തിലെ മരുതോങ്കര കെ സി മുക്കിലാണ് വൻ തകർച്ച ഉണ്ടായത്.
പത്തുമീറ്ററോളം നീളത്തിൽ സൈഡ് ഭിത്തി ഒലിച്ചുപോയി. ആഴത്തിൽ വൻ കിടങ്ങ് രൂപപ്പെട്ടു. തകർന്ന ഭിത്തി പുനഃസ്ഥാപിക്കുന്നതിന് പകരം ജപ്പാൻ കുടിവെള്ള പദ്ധതിക്ക് ഉപയോഗിക്കുന്ന വലിയ പൈപ്പുകളിട്ട് ജലവിതണം പുനരാരംഭിക്കണമെന്ന് ഇ കെ വിജയൻ എംഎൽഎ ആവശ്യപ്പെട്ടങ്കിലും ജലസേചന വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥർ അതിനോട് പ്രതികരിച്ചിട്ടില്ല.
ഗ്യാലൻ കണക്കിൽ വെള്ളം തള്ളുന്ന കനാലിന് പകരം പൈപ്പ് ഉപയോഗിച്ചൽ താങ്ങാനാവുമോ എന്നാണ് സംശയം. മെയിൻ കനാലിന് ഏതാണ്ട് രണ്ട് മീറ്റർ വീതിയും ആഴവുമുണ്ട്. ഇത്രയും അധികം വെള്ളം എങ്ങനെ പൈപ്പിൽ ഒതുക്കാം എന്നാണ് ചോദിക്കുന്നത്.