Fri. Nov 22nd, 2024
കട്ടപ്പന:

അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറയും സ്പീഡ് റഡാറും ഘടിപ്പിച്ച ഇന്റർസെപ്റ്റർ വാഹനം ഉപയോഗിച്ചുള്ള പരിശോധന കർശനമാക്കി സേഫ് കേരള ഉദ്യോഗസ്ഥർ. കട്ടപ്പനയിൽ ചൊവ്വാഴ്‌ച നടത്തിയ വാഹനപരിശോധനയിൽ നിരവധി വാഹനങ്ങൾ കുടുങ്ങി. നൂറുമീറ്റർ അകലെനിന്നുപോലും നിയമലംഘനങ്ങൾ കണ്ടെത്താൻ ശേഷിയുള്ള നൂതന ക്യാമറയാണ് ഇന്റർസെപ്റ്റർ വാഹനത്തിലുള്ളത്.

46 കേസ്‌ രജിസ്റ്റർചെയ്‌തു. 2,21,000 രൂപ പിഴയും ചുമത്തി. കൃത്യമായ നമ്പർ പ്ലേറ്റ് പ്രദർശിപ്പിക്കാത്തവർക്കും ഹെൽമെറ്റ് ധരിക്കാതെ വാഹനം ഓടിച്ചവർക്കും പിൻസീറ്റ് യാത്ര ചെയ്‌തവർക്കും എതിരെ നടപടി സ്വീകരിച്ചു.

ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗം, അമിതശബ്ദം പുറപ്പെടുവിക്കുന്ന രൂപമാറ്റം വരുത്തിയ സൈലൻസർ, സീറ്റ് ബെൽറ്റിടാതെ യാത്ര, അമിതഭാരം കയറ്റിയ ടോറസ് ലോറികൾ, ലൈസൻസ് ഇല്ലാത്തവർ എന്നിങ്ങനെയും കേസെടുത്തു. അലക്ഷ്യമായും അമിതവേഗത്തിലും വാഹനമോടിക്കുന്ന ചെറുപ്പക്കാർക്കെതിരെ ലൈസൻസ് സസ്പെൻഷൻ അടക്കമുള്ള നടപടികളുണ്ടാകുമെന്ന്‌ അധികൃതർ അറിയിച്ചു. വരും ദിവസങ്ങളിലും കട്ടപ്പന കേന്ദ്രീകരിച്ച് ശക്തമായ വാഹന പരിശോധനയുണ്ടാവും.

താലൂക്കിലെ നാൽപതോളം അപകടസാധ്യതാ മേഖലകൾ സംഘം പരിശോധിച്ചു. ഈ മേഖലകളിൽ തുടർച്ചയായ നിരീക്ഷണവും പരിശോധനയും നടത്തും. മോട്ടോർ വാഹന നിയമങ്ങൾ അനുസരിച്ച്‌ പൊതുജനങ്ങൾ സഹകരിക്കണമെന്ന് എൻഫോഴ്‌സ്‌മെന്റ്‌ ആർടിഒ പി എ നസീർ അഭ്യർഥിച്ചു. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ അബ്ദുൽ ജലീൽ, അസിസ്റ്റന്റ്‌ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ നിർമ്മൽ വിശ്വൻ, ജോബിൻ ജോസ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.