Fri. Jan 10th, 2025

ഐസിസി ടെസ്റ്റ് റാങ്കിംഗിൽ രവീന്ദ്ര ജഡേജയ്ക്ക് നേട്ടം. പുതിയ പട്ടിക പ്രകാരം ഇന്ത്യൻ താരം ഓൾറൗണ്ടർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. വിൻഡീസ് താരം ജേസൻ ഹോൾഡറെ മറികടന്നാണ് ജഡേജ ഒന്നാം സ്ഥാനത്തെത്തിയത്.

ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റിലെ പ്രകടനം ജഡേജയുടെ റാങ്കിംഗിൽ നിർണായക പങ്കുവഹിച്ചു. 406 ആണ് ജഡേജയുടെ റേറ്റിംഗ്. ഹോൾഡറിന് 382 റേറ്റിംഗുണ്ട്.

ബാറ്റർമാരിൽ ഇന്ത്യൻ താരം വിരാട് കോഹ്‌ലിയാണ് ഏറ്റവും മുന്നിലുള്ള താരം. 763 റേറ്റിംഗുള്ള താരം പട്ടികയിൽ അഞ്ചാമതാണ്. രണ്ട് പോയിൻ്റ് വ്യത്യാസത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ്മ ആറാമതും 723 റേറ്റിംഗുമായി വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് 10ആം സ്ഥാനത്തുമാണ്.

ബൗളർമാരുടെ പട്ടികയിൽ ആർ അശ്വിൻ രണ്ടാമതുണ്ട്. 850 ആണ് അശ്വിൻ്റെ റേറ്റിംഗ്. ഒന്നാം സ്ഥാനത്തുള്ള ഓസീസ് ക്യാപ്റ്റൻ പാറ്റ് കുമ്മിൻസിന് 892 റേറ്റിംഗാണ് ഉള്ളത്.

766 റേറ്റിംഗുമായി പട്ടികയിൽ 10ആം സ്ഥാനത്തുള്ള ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ജസ്പ്രീത് ബുംറയാണ് ആദ്യ പത്തിലെ മറ്റൊരു ഇന്ത്യൻ താരം. ഓൾറൗണ്ടർമാരിൽ ജഡേജയ്ക്കൊപ്പം അശ്വിൻ മൂന്നാമതുണ്ട്. 347 ആണ് അശ്വിൻ്റെ റേറ്റിംഗ്.