Wed. Jan 22nd, 2025

ഭിന്നശേഷിക്കാരനായ ആരാധകന് ജേഴ്സി സമ്മാനിക്കുന്ന വിരാട് കോഹ്‌ലിയുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ തരംഗമായി. ധരംവീർ പാൽ എന്ന ആരാധകനാണ് കോഹ്ലി ജേഴ്‌സി സമ്മാനമായി നൽകിയത്. മൊഹാലിയിൽ നടന്ന ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റ് വിജയത്തിന് ശേഷം ടീം ബസിലേക്ക് പോകുന്നതിനിടയിലാണ് കോഹ്‌ലി തന്നെ നോക്കിയിരിക്കുന്ന ആരാധകനെ കണ്ടത്.

ഉടൻ തന്നെ ഭിന്നശേഷിക്കാരനായ ധരംവീറിന് സമീപമെത്തി ജേഴ്‌സി നൽകി തിരികെ ബസിൽ കയറുകയായിരുന്നു കോഹ്‌ലി. ബയോ ബബിൾ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനിടയിലും ആരാധകന് സമീപമെത്തി ജേഴ്‌സി നൽകിയതിനെ സാമൂഹിക മാധ്യമങ്ങളിൽ പുകഴ്ത്തുകയാണ് ആരാധകർ. ധരംവീർ വിഡിയോ ട്വിറ്ററിലൂടെ പങ്കുവെക്കുകയായിരുന്നു.

ഇതെന്‍റെ ജീവിതത്തിലെ വലിയ ദിവസമാണ്. തന്‍റെ നൂറാമത്തെ മത്സരം കളിച്ച കോഹ്ലി എനിക്ക് സമ്മാനമായി അദ്ദേഹത്തിന്‍റെ ജേഴ്സി നല്കിയിരിക്കുന്നു’ -ധരംവീർ ട്വീറ്റ് ചെയ്തു. കോഹ്‌ലിയുടെ നൂറാം ടെസ്റ്റ് മത്സരമായിരുന്നു മൊഹാലിയിൽ നടന്നത്. ടെസ്റ്റ് കരിയറിൽ 8000 റൺസ് പൂർത്തിയാക്കാൻ കോഹ്‌ലിക്കായി.

മത്സരത്തിൽ രവീന്ദ്ര ജഡേജയുടെ ഓൾറൗണ്ട് മികവിൽ ഇന്ത്യ ആധികാരിക ജയം സ്വന്തമാക്കി. ആദ്യ ഇന്നിങ്സിൽ 175 റൺസും രണ്ട് ഇന്നിങ്‌സുകളിൽ നിന്നുമായി ഒമ്പത് വിക്കറ്റുകളുമാണ് ജഡേജ സ്വന്തമാക്കിയത്. രോഹിത് ശർമ്മ ആദ്യമായി ഇന്ത്യൻ ടീമിനെ നയിക്കുന്നുവെന്ന പ്രത്യകത കൂടിയുണ്ട് ഈ ടെസ്റ്റിന്.