Mon. Nov 18th, 2024
കാഞ്ഞങ്ങാട്:

ഒരാഴ്ചക്കാലം കാഞ്ഞങ്ങാട്ടെ ന​ഗരത്തിൽ മഞ്ഞ ജേഴ്സിയിട്ട് സൈക്കിളിൽ കറങ്ങുന്നവരെ കണ്ടാൽ ശ്രദ്ധിക്കുക, ചിലപ്പോഴത് വയനാട്ടിൽ നിന്നെത്തിയ റനീഷും നിജിനുമായിരിക്കും. ഒരു രൂപയ്ക്ക് അഞ്ച് വീടോ ? എന്നെഴുതിയ സൈക്കിളുമായാണ് ഇവരുടെ കറക്കം. നിർധനരായ അഞ്ചുപേർക്ക് വീട് നൽകാനാണ് ഇവർ രാജ്യം കറങ്ങുന്നത്.

കാണുന്നവരിൽ നിന്നെല്ലാം ഒരു രൂപയെങ്കിലും ശേഖരിച്ചുള്ള യാത്ര ഇതിനകം 86 ദിവസം പിന്നിട്ടു. കിട്ടിയതാകട്ടെ 2.38 ലക്ഷം രൂപയും.
പരസഹായം കൂടാതെ ജീവിക്കാൻ ഒരു നിവൃത്തിയും ഇല്ലാത്തവരെ യാത്രക്കിടെ തന്നെ കണ്ടെത്താനാണ് ലക്ഷ്യം.

യാത്രക്ക്‌ മുമ്പു തന്നെ സ്ഥലം കണ്ടുവച്ച് അഡ്വാൻസ് കൊടുത്തു. തറയും നിരപ്പാക്കി തുടങ്ങി. ഇവിടെ ആറുലക്ഷം വില വരുന്ന 600 സ്ക്വയർ ഫീറ്റിലുള്ള വീടുകൾ പണിയുകയാണ് ലക്ഷ്യം.

രണ്ട് വർഷമെങ്കിലും സഞ്ചാരം തുടരേണ്ടിവരും. സൈക്കിളിൽ സോളാറടക്കം ഘടിപ്പിച്ച് സകല സന്നാഹങ്ങളോടെയുമാണ് യാത്ര. കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശിയും കായികാധ്യാപകനുമായ കെ ജി നിജിൻ സുൽത്താൻ ബത്തേരിയിലെ മെക്ലോഡ്സ് സ്കൂളിൽ ജോലിക്കെത്തിയപ്പോൾ മൊബൈൽ കട നടത്തിയിരുന്ന ടി ആർ റനീഷിനെ പരിചയപ്പെടുന്നത്.

ടെന്റടിച്ച് തങ്ങിയും ആരെങ്കിലും കൊടുക്കുന്നത് വാങ്ങി കഴിച്ചുമാണ് യാത്ര. മിഷൺ വൺ റുപീ എന്ന പേരിൽ നവമാധ്യമങ്ങളിലും ഇവരുടെ പ്രവർത്തനം കാണാം. സ്വന്തമായി വീടില്ലാത്തതിന്റെ പ്രയാസം അറിയുന്നയാളാണ് താനെന്നും ജീവിതത്തിലെ രണ്ട് വർഷം കൊണ്ട് അഞ്ചുപേർക്ക് കിടപ്പാടം ഒരുക്കാനായാൽ ഇതാണ് ഏറെ സന്തോഷമെന്നും റനീഷ് പറഞ്ഞു.  ഇവരെ വിളിക്കാം. ഫോൺ: 7012640149, 9633284201