Mon. Dec 23rd, 2024
വർക്കല:

ചെറുന്നിയൂർ ബ്ലോക്ക് ഓഫിസിന് സമീപം വീടിന് തീപിടിച്ച് പിഞ്ച് കുഞ്ഞ് ഉൾപ്പെടെ അഞ്ചുപേർ മരിച്ചു. പുലർച്ചെ ആണ് സംഭവം. വീട്ടുടമസ്ഥൻ ബേബിേ എന്ന പ്രതാപൻ(62), ഭാര്യ ഷെർലി(53), ഇവരുടെ മകൻ അഹിൽ(25), മറ്റൊരു മകന്റെ ഭാര്യ അഭിരാമി(24), നിഹുലിന്റേയും അഭിരാമിയുടെയും എട്ട് മാസം പ്രായമുള്ള ആൺ കുഞ്ഞ് എന്നിവർ ആണ് മരിച്ചത്. ഗുരുതരമായ പരിക്കേറ്റ മൂത്ത മകൻ നിഹുലിനെ(29) തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

രണ്ട് നില കെട്ടിടത്തിനാണ് തീ പിടിച്ചത്. കാർപോർച്ചിൽ തീളി ആളിക്കത്തുന്നത് കണ്ട അയൽവാസിയായ കെ ശശാങ്കനാണ് നാട്ടുകാരെ വിവരം അറിയിച്ചത്. ആളുകൾ എത്തുമ്പോഴേക്കും വീടിനുള്ളിലേക്ക് തീ പടർന്നു പിടിച്ചിരുന്നു. കാർപോർച്ചിലുണ്ടായിരുന്ന നാല് ബൈക്കുകൾ കത്തിയിട്ടുണ്ട്.

പുലർച്ചെ 1.40 ആയപ്പോൾ തീ കത്തുന്നതും പൊട്ടിത്തെറിയുടെ ശബ്ദം കേൾക്കുകയും ചെയ്തതോടെ അയൽവാസിയായ ശശാങ്കന്റെ മകൾ നിഹുലിനെ ഫോണിൽ വിളിച്ചിരുന്നു എന്ന് ആ കുട്ടി പറയുന്നു. നിഹുൽ ഫോൺ എടുത്ത് സംസാരിച്ചെങ്കിലും പുറത്തേക്ക് വന്നില്ല. കുറച്ചു സമയശേഷം നിഹുൽ പുറത്തേക്ക് വന്നെങ്കിലും മറ്റാരും പുറത്തേക്ക് എത്തിയില്ല.