Mon. Dec 23rd, 2024
കൊല്ലം:

കേന്ദ്രസർക്കാർ അവഗണനയെ തുടർന്ന്‌ ദുരിതപൂർണമായ തൊഴിൽ സാഹചര്യങ്ങളിൽ നട്ടംതിരിഞ്ഞ്‌ തപാൽ ബ്രാഞ്ച് ഓഫീസുകളിലെ വനിതാ ജീവനക്കാർ. ജില്ലയിലെ 200 ബ്രാഞ്ച്‌ ഓഫീസുകളിലായി 300 വനിതകൾ ജോലി ചെയ്യുന്നത്‌ അസൗകര്യങ്ങൾ നിറഞ്ഞ കുടുസുമുറിയിൽ. ശുചിമുറിയും കുടിവെള്ള സൗകര്യവും ഇല്ലാതെ ദുരിതം നേരിടുന്ന ഇവരുടെ പ്രശ്നങ്ങൾക്കു മുന്നിൽ കണ്ണടയ്ക്കുകയാണ്‌ കേന്ദ്രസർക്കാർ.

ആയിരം ഗ്രാമീൺ ഡാക്‌ സേവക്‌ (ജിഡിഎസ്‌)ജീവനക്കാരിൽ 75 ശതമാനത്തിലധികവും സ്ത്രീ ജീവനക്കാരാണ്. നിന്നുതിരിയാനിടമില്ലാത്ത ഇടുങ്ങിയ കുടുസുമുറികളിലാണ് ബ്രാഞ്ച് ഓഫീസുകൾ ഭൂരിഭാഗവും. പോസ്റ്റ്മാൻമാരും പാക്കറും ഉൾപ്പെടെയുള്ളവർ ജോലിചെയ്യുന്ന ഇവിടെ തപാൽ ഉരുപ്പടികൾകൂടി വന്നുചേരുന്നതോടെ ദുരിതമേറും.

വനിതകളായ 200 ബ്രാഞ്ച്‌ പോസ്റ്റ്‌മാസ്റ്റർമാരുടെ അവസ്ഥയും ദുരിതമാണ്‌. സ്വന്തം കൈയിൽനിന്ന്‌ വാടക നൽകിയാണ്‌ ഇവരിൽ പലരും ഓഫീസ്‌ പ്രവർത്തിപ്പിക്കുന്നത്‌. ബ്രാഞ്ച് ഓഫീസുകളുടെ കെട്ടിടത്തിന്റെ നിർമാണത്തിന് എംപി, എംഎൽഎ ഫണ്ട്‌ ഉപയോഗിക്കാൻ വ്യവസ്ഥയില്ലാത്തതും പ്രശ്‌നം രൂക്ഷമാക്കുന്നു.

തൊട്ടടുത്ത വീടുകളുടെയും സ്ഥാപനങ്ങളുടെയും കനിവിലാണ് ജീവനക്കാർ അടിയന്തരാവശ്യങ്ങൾ നിർവഹിക്കുക. തപാൽവിതരണത്തിനും ബാങ്കിങ്‌ ജോലികൾക്കും പുറമേ തപാൽ വകുപ്പിന്റെ കീഴിലെ സ്വകാര്യ ബാങ്കിന് അക്കൗണ്ടുകൾ സമ്പാദിക്കാൻ മേലധികാരികളിൽനിന്ന് കടുത്ത സമ്മർദമാണ് ഇവർക്കുള്ളത്. പ്രസവാവധിയ്ക്കുള്ള അപേക്ഷയിൽ പോലും മനുഷ്യത്വരഹിതമായ സമീപനമാണ് വകുപ്പ് അധികാരികളുടേത്.

എംബിബിഎസ്‌ ഉൾപ്പെടെയുള്ള പ്രൊഫഷണൽ ബിരുദമുള്ള ഉദ്യോഗാർത്ഥികളാണ് ഈ ജോലിയിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നത്. പക്ഷേ, ഇവരുടെ പ്രതിദിന വേതനമാകട്ടെ 500 രൂപയിൽ താഴെയും. മെച്ചപ്പെട്ടതും അടിസ്ഥാനാവശ്യങ്ങൾ നിർവഹിക്കാനാകുന്നതുമായ തൊഴിൽ സാഹചര്യങ്ങൾ അനുവദിക്കണമെന്ന ആവശ്യം ഈ വനിതാ ദിനത്തിലും അവഗണനയിലാണ്‌.