പുതുപ്പള്ളി:
കുണ്ടും കുഴിയും നിറഞ്ഞ പാതകള്‍, കരിങ്കല്ലുറച്ച ഇടുങ്ങിയ പാതകള്‍, ചെളിയില്‍ കുതിര്‍ന്ന കയറ്റിറക്കങ്ങള്‍, പൊടിപറക്കുന്ന മണ്‍പാതകള്‍. ട്രാക്കിലെ ട്രിക്‌സ് ആന്‍ഡ് ടേണ്‍സിന് മുന്നില്‍ പതറാതെ, മനസ്സിലെ ധൈര്യം പോളോ റാലി കാറിലേക്ക് പകര്‍ന്ന് ട്രാക്കില്‍ അതിവേഗം പായുകയായിരുന്നു ആതിരയെന്ന മിടുക്കി. ഇന്ത്യയിലെ ഏറ്റവും വലിയ റാലിയായ ഇന്ത്യന്‍ നാഷണല്‍ റാലി ചാമ്പ്യന്‍ഷിപ്പി(ഐഎന്‍ആര്‍സി)ൽ കേരളത്തെ പ്രതിനിധീകരിച്ച് വിജയം കൊയ്തത് കൂരോപ്പട ളാക്കാട്ടൂർ സ്വദേശി ആതിര മുരളി.
2020-21 ലെ റാലി ഇവന്റാണ് 2022 ല്‍ കോയമ്പത്തൂരില്‍ നടന്നത്. ഏറ്റവും കൂടിയ വേഗത്തില്‍ ഏറ്റവും കുറവ് സമയത്തിനുള്ളിലാണ് ആതിര റാലി ട്രാക്ക് കൈപ്പിടിയിലൊതുക്കിയത്. ആറ് വനിതകളായിരുന്നു മത്സരത്തിനുണ്ടായിരുന്നത്.
57 മത്സരാര്‍ത്ഥികളില്‍ 9 -ാം സ്ഥാനവും ഐഎന്‍ആര്‍സി 3 ക്ലാസില്‍ 6ാം സ്ഥാനവും ആതിര സ്വന്തമാക്കി. 2021 ല്‍ ആദ്യ ഇവന്റിലും വിജയിച്ചിരുന്നു. അന്ന് ഐഎന്‍ആര്‍സി 4 ക്ലാസിലായിരുന്നു ട്രാക്കിലിറങ്ങിയതെങ്കില്‍ ഇത്തവണ കുറച്ചുകൂടി മികച്ച സ്പീഡ് സമ്മാനിക്കുന്ന ഐഎന്‍ആര്‍സി 3 ക്ലാസിലായിരുന്നു വാഹനമോടിച്ചത്.
വുമണ്‍ ഇന്‍ മോട്ടോര്‍ സ്‌പോര്‍ട്‌സും ജെകെ ടയേഴ്‌സും പൂര്‍ണ്ണ പിന്തുണയുമായി ആതിരയ്‌ക്കൊപ്പം നിന്നു. ആദ്യമായി കഴിഞ്ഞ വര്‍ഷമാണ് പങ്കെടുക്കുന്നത്. 2014 മുതല്‍ റാലി എന്ന ആഗ്രഹം മനസ്സില്‍ കൊണ്ടു നടന്നിരുന്നു.
പോളോ ആദ്യമായി ട്രാക്കിലോടിക്കുന്നതിന്റെ എല്ലാ സങ്കോചവും ഉണ്ടായിരുന്നു. രണ്ട് ദിവസങ്ങളായി 8 റൗണ്ടുകളിലായിരുന്നു മത്സരം. ജോര്‍ജ് വര്‍ഗീസായിരുന്നു നാവിഗേറ്റര്‍. ഫാസ്റ്റ്, ട്രിക്കി ട്രാക്കുകളായിരുന്നു ഭൂരിഭാഗവും.
വണ്ടിക്ക് കേടുപാടുകളില്ലാതെ ഏറ്റവും വേഗത്തില്‍ ഫിനിഷ് ചെയ്യുകയായിരുന്നു ലക്ഷ്യം. എല്ലാ സുരക്ഷാ സംവിധാനങ്ങളും പാലിച്ചാണ് ട്രാക്കിലിറങ്ങുന്നത്. നമ്മുടെ റോഡുകളില്‍ സ്പീഡില്‍ പായുന്നവരോട് ഒന്നേ പറയാനുള്ള, അതിനുള്ള ഇടങ്ങള്‍ വേറെയുണ്ട്, ട്രാക്കില്‍ വേണം സ്പീഡ് എക്‌സ്പീരിയന്‍സ് ചെയ്യാന്‍..’- ആതിര പറയുന്നു.
കോട്ടയത്തിന് അഭിമാനമായി മാറിയ ഈ പെൺകുട്ടിക്ക് വാഹനത്തോടുള്ള കമ്പം കുട്ടിക്കാലം മുതൽ തുടങ്ങിയതാണ്. ഡ്രൈവിംഗ് സ്കൂൾ നടത്തുന്ന അച്ഛൻ വി എൻ മുരളിധരൻ തന്നെയായിരുന്ന ആദ്യ ഗുരു. ആദ്യം സ്കൂട്ടറിൽ തുടക്കം. പിന്നീട് ഒന്നിന് പിറകെ ഒന്നായി എല്ലാ വാഹനങ്ങളും.
വീട്ടുകാരിൽ നിന്നും നാട്ടുകാരിൽ നിന്നും ലഭിച്ച പൂർണ പിന്തുണയാണ് ആതിരയുടെ വേഗമേറിയ സ്വപ്നങ്ങൾ യാഥാർഥ്യമാക്കിയത്. ളാക്കാട്ടൂർ ശൈവ വിലാസം വീട്ടിൽ വി എൻ മുരളീധരൻ–ഉഷാ മുരളീധരൻ ദമ്പതികളുടെ മകളാണ്. സഹോദരി ആര്യാ മുരളി അഭിഭാഷകയാണ്.