Wed. Jan 22nd, 2025
തൊടുപുഴ:

ജില്ലയിലെ നാല് ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് യു എന്‍ വനിത വിഭാഗം സംഘടിപ്പിക്കുന്ന ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചു. തിങ്കളാഴ്ച രാവിലെ ഡല്‍ഹി ലോധി റോഡിലെ ഇന്ത്യ ഹാബിറ്റാറ്റ് സെന്‍ററില്‍ നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കാന്‍ ഇവര്‍ ഞായറാഴ്ച നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്ന് യാത്ര തിരിച്ചു. കര്‍മരംഗത്ത് നേരിട്ട അനുഭവങ്ങള്‍ പങ്കുവെക്കാനും വിജയഗാഥകള്‍ പറയാനും ഇവര്‍ക്ക് അവസരം ലഭിക്കും.

തൃശൂര്‍ ജില്ലയില്‍നിന്നുള്ള ഒരു സേനാംഗവും ഇവര്‍ക്കൊപ്പമുണ്ട്. അനു സുനില്‍ (കാന്തല്ലൂര്‍), രേഖ സോണി (മറയൂര്‍), പി എസ് ലയമോള്‍, സിമി ബേസില്‍ (മാങ്കുളം), ഗിരിജ രവി (അതിരപ്പിള്ളി) എന്നീ ഹരിതകര്‍മ സേനാംഗങ്ങളോടൊപ്പം യു എൻ ഡി പി ക്ലസ്റ്റര്‍ കോഓഡിനേറ്റര്‍ കാര്‍ത്തികയും യു എന്‍ വനിതവിഭാഗം സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. പാഴ്‌വസ്തു ശേഖരണ സംസ്കരണ പ്രക്രിയയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ലഭിച്ച അംഗീകാരമാണ് യു എൻ വനിതസമ്മേളനത്തിലെ പ്രാതിനിധ്യമെന്ന് നവകേരളം കര്‍മപദ്ധതി കോഓഡിനേറ്ററും ഹരിതകേരളം മിഷന്‍ എക്‌സിക്യൂട്ടിവ് വൈസ് ചെയര്‍പേഴ്‌സനുമായ ഡോ ടി എൻ സീമ പറഞ്ഞു.