Sat. Nov 23rd, 2024
കളമശ്ശേരി:

തീരപരിപാലന ചട്ടം ലംഘിച്ച് പെരിയാറിന് തീരത്ത് നിർമിച്ച സ്വകാര്യകമ്പനിയിൽനിന്ന്​ മലിനജലം ഒഴുക്കുന്ന പൈപ്പ് കണ്ടെത്തി. എടയാർ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന എല്ല് സംസ്കരണ കമ്പനിയിൽനിന്ന്​ പുറന്തള്ളുന്ന മലിനജല പൈപ്പാണ് കണ്ടെത്തിയത്. ഏലൂരിലെ ജനജാഗ്രത പ്രവർത്തകരാണ് പൈപ്പ് കണ്ടെത്തിയത്.

വിവരം അറിയിച്ചതനുസരിച്ച് മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരെത്തി ജല സാമ്പിൾ ശേഖരിച്ചു. അനുവദനീയമായതിൽ കൂടുതൽ അളവ് ഊഷ്മാവിലെ ജലമാണ് കമ്പനി ഒഴുക്കിയതെന്ന് കണ്ടെത്തിയതായി അവർ പറഞ്ഞു. എന്നാൽ, പകൽ വെളുത്ത നിറത്തിലെ ജലവും രാത്രികളിൽ കറുത്ത മലിനജലവുമാണ് കമ്പനി പുഴയിലേക്ക്​ ഒഴുക്കുന്നതെന്ന് പരിസ്ഥിതി പ്രവർത്തകർ ആരോപിച്ചു.

ഇതേസമയം, പാതാളം റെഗുലേറ്റർ ബ്രിഡ്ജിനകത്തെ പുഴയിൽ പകൽ വ്യാപകമായി വെള്ളപ്പാടയോടെ കറുത്ത മാലിന്യം ഒഴുകിയെത്തി. റബർ കമ്പനിയിൽനിന്നുള്ളതെന്നാണ് സംശയിക്കുന്നത്. ഒഴുകിയെത്തിയ മാലിന്യം ബ്രിഡ്ജിലെ ഷട്ടറിൽ വന്ന് കെട്ടിക്കിടക്കുകയാണ്.