Fri. Nov 22nd, 2024
വർക്കല:

ട്രെയിനിൽ നിന്ന് ഇറങ്ങുമ്പോൾ കാൽ തെറ്റി പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലേക്കു വീണ നാലു വയസ്സുകാരി കാര്യമായ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. മധുര – പുനലൂർ പാസഞ്ചറിൽ മധുരയിൽ നിന്നു വർക്കല സന്ദർശിക്കാനെത്തിയ സംഘത്തിലെ തമിഴ്നാട് സ്വദേശികളായ സെൽവകുമാറിന്റെയും രേമുഖിയുടെയും മകളായ റിയശ്രീയാണ് അപകടത്തിൽപ്പെട്ടത്. റെയിൽവേ പൊലീസ് സേനാംഗങ്ങൾ കുട്ടിയെ രക്ഷപ്പെടുത്തി.

വൈകിയോടിയ മധുര പുനലൂർ പാസഞ്ചർ ട്രെയിൻ കഴിഞ്ഞ ദിവസം ഉച്ചയ്ക്കു വർക്കല റെയിൽവേ സ്റ്റേഷൻ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ എത്തിയ ഉടൻ, റിയശ്രീ പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങവെയാണ് ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലൂടെ ട്രാക്കിലേക്കു കാൽ വഴുതി വീണത്. രക്ഷിതാക്കളുടെ നിലവിളി കേട്ട് ഓടിയെത്തിയ പൊലീസുകാരായ വി ബിനീഷ്, എംഎസ്ഷാൻ എന്നിവർ നിർത്തിയിട്ട ട്രെയിനിന്റെ ബോഗികൾക്കടിയിലൂടെ ട്രാക്കിലേക്ക് ഇറങ്ങി കുട്ടിയെ സുരക്ഷിതമായി പുറത്ത് എടുത്തു. പൊലീസുകാർ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.

കുട്ടിയുടെ മൂക്കിനു നേരിയ പരുക്കേറ്റു. സിവിൽ പൊലീസ് ഓഫിസർമാർക്കൊപ്പം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന റെയിൽവേ സ്റ്റേഷൻ മാനേജർ മാനേജർ എം ശിവാനന്ദൻ, സ്റ്റാഫ്‌ ആതിര എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. കുട്ടിയെ രക്ഷപ്പെടുത്തിയ പൊലീസ് ഓഫിസർമാരെ വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷൻ വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് സി പ്രസന്നകുമാർ അനുമോദിച്ചു.