Wed. Jan 22nd, 2025
തൊടുപുഴ:

ഫേസ്ബുക്ക് വഴി സൗഹൃദം സ്ഥാപിച്ചശേഷം ലോട്ടറി അടിച്ചെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയുടെ രണ്ടര ലക്ഷം രൂപ തട്ടിയെടുത്തു.ഇടുക്കി തൂക്കുപാലം സ്വദേശിനിക്കാണ് പണം നഷ്ടമായത്. ഇടുക്കി സൈബർ പൊലീസ് അന്വേഷണം തുടങ്ങി.

തട്ടിപ്പിന് ഉപയോഗിച്ച അക്കൗണ്ട് മരവിപ്പിച്ചിട്ടുണ്ട്. ലണ്ടനിൽ ജോലി ചെയ്യുന്ന ഡോക്ടർ എന്നുപറഞ്ഞാണ് തട്ടിപ്പ് സംഘത്തിലെ അംഗം വീട്ടമ്മയെയും സഹോദരനെയും പരിചയപ്പെട്ടത്. വീട്ടമ്മക്ക് ഒരു കോടിയോളം രൂപ ലോട്ടറി അടിച്ചെന്നും നികുതി, കസ്റ്റംസ് ക്ലിയറൻസ് തുടങ്ങിയ നടപടികൾ പൂർത്തിയാക്കാൻ രണ്ടര ലക്ഷം രൂപ നൽകണമെന്നും ‘ഡോക്ടർ’ അറിയിച്ചു. അക്കൗണ്ട് വിവരങ്ങളും നൽകി.

വീട്ടമ്മയും സഹോദരനും കൂടിയാണ് പണം നൽകിയത്. സമ്മാനത്തുകക്കുള്ള കറൻസി നോട്ടുകൾ ഡൽഹി കസ്റ്റംസ് ഹൗസിൽ പാർസലായി എത്തിയിട്ടുണ്ടെന്ന് അറിയിപ്പ് ലഭിച്ചതിനെത്തുടർന്ന് വീട്ടമ്മയും സഹോദരനും വിമാനമാർഗം ഡൽഹിയിലുമെത്തി. അപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി അറിയുന്നത്.

നാലുമാസം മുമ്പ് പണം നഷ്ടമായെങ്കിലും കഴിഞ്ഞദിവസമാണ് ഇടുക്കി സൈബർ പൊലീസിൽ പരാതി നൽകിയത്. അന്വേഷണത്തിൽ വീട്ടമ്മക്ക് തട്ടിപ്പ് സംഘം നൽകിയത് കൊൽക്കത്തയിലെ ബാങ്ക് ശാഖയിലെ അക്കൗണ്ട് വിവരങ്ങളാണെന്ന് കണ്ടെത്തി. ഈ അക്കൗണ്ട് മരവിപ്പിക്കാൻ ബാങ്ക് അധികൃതർക്ക് കത്ത് നൽകുകയും ചെയ്തു.

കൊൽക്കത്ത കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൻ സംഘമാണ് തട്ടിപ്പിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. വിശദ അന്വേഷണം നടക്കുകയാണ്. കൂടുതൽ പേർ ഇരകളായിട്ടുണ്ടോ എന്നും അന്വേഷിച്ചുവരുന്നു.