തിരുവനന്തപുരം:
സംസ്ഥാനത്ത് സാമ്പത്തിക കുറ്റകൃത്യങ്ങൾ മുമ്പെങ്ങുമില്ലാത്തവിധം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇത്തരം കേസുകൾ കൈകാര്യം ചെയ്യാൻ ‘ഇക്കണോമിക് ഒഫൻസസ് വിങ്’ ഉടൻ പ്രവർത്തനമാരംഭിക്കും. കേരള പൊലീസിന് കീഴിൽ സ്വതന്ത്ര ചുമതലയോടെ പ്രവർത്തിക്കുന്ന സംവിധാനത്തിന്‍റെ ഘടനക്ക് ഏറക്കുറെ രൂപമായി. ഉടൻ നിലവിൽ വരുമെന്ന് ആഭ്യന്തരവകുപ്പ് വൃത്തങ്ങൾ പറഞ്ഞു.
നിലവിൽ ഇത്തരം പരാതികൾ ലോക്കൽ പൊലീസ് സ്റ്റേഷനുകളിലാണ് നൽകുന്നത്. കേസിന്‍റെ സ്വഭാവം അനുസരിച്ച് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറും. എന്നാൽ മറ്റ് പല സംസ്ഥാനങ്ങളിലും സാമ്പത്തിക കുറ്റങ്ങൾ പ്രത്യേകമായി അന്വേഷിക്കാൻ സംവിധാനമുണ്ട്. കേരളത്തിലും ഈ സംവിധാനം വേണമെന്ന ശിപാർശ സർക്കാർ അംഗീകരിക്കുകയായിരുന്നു.