Thu. Dec 26th, 2024
തിരുവനന്തപുരം:

‘നിങ്ങൾ ഒറ്റയ്ക്കല്ല, കാൻസർ ബാധിക്കുന്നത് ജീവിതത്തിന്റെ അവസാനവുമല്ല’ എന്ന് വാക്കുകളിലൂടെയും പ്രവൃത്തിയിലൂടെയും തെളിയിച്ചതിനുള്ള അംഗീകാരമായി ‘ആശ്രയ’യുടെ സ്ഥാപകയും പ്രസിഡന്റുമായ ശാന്താ ജോസിനു ലഭിച്ച വനിതാ രത്നം പുരസ്ക്കാരം. ചികിത്സാ വിവരങ്ങൾ കൈമാറാനായി ആരംഭിച്ച ആശ്രയ ഭക്ഷണം, മരുന്ന്, ജീവനോപാധികൾ തുടങ്ങിയവ നൽകാനായി വർഷം ഒരു കോടി രൂപ ചെലവാക്കുന്ന പ്രസ്ഥാനമായി വളർന്നതിനു പിന്നിൽ ശാന്താ ജോസിന്റെ പ്രവർത്തനമാണ്.

60–ാം വിവാഹ വാർഷിക ദിനത്തിലാണ് പുരസ്കാരം അവരെ തേടിയെത്തിയത്. എഴുപത്തിയാറാം  വയസിലും ചുറുചുറുക്കോടെ  ശാന്താജോസ് മറ്റുള്ളവരുടെ വേദന മായ്ക്കുന്ന തിരക്കിലുമാണ് ശാന്താ ജോസിന്റെ പിതാവ് മാത്യു മാണിക്യം സർക്കാർ ഡോക്ടറായിരുന്നു. ചികിത്സ തേടി  വീട്ടിലെത്തിയിരുന്ന രോഗികളെ പരിശോധിക്കുന്ന പിതാവിനെ സഹായിച്ചു തുടങ്ങിയാണ് ശാന്ത ജീവ കാരുണ്യ പ്രവർത്തനങ്ങളിലേക്ക് ചുവടു വച്ചത്.

വിവാഹ ശേഷം തലസ്ഥാനത്തു താമസിക്കുന്നതിനിടെയാണ് സഹോദരന് കാൻസർ സ്ഥിരീകരിച്ചത്. ചികിത്സാർഥം ആർസിസിയിൽ എത്തിയ ശാന്താ ജോസ് അവിടെ രോഗികളും കൂട്ടിരിപ്പുകാരും അനുഭവിക്കുന്ന ദുരിതം നേരിട്ടു കണ്ടു. ഭക്ഷണത്തിനോ താമസത്തിനോ പണമില്ലാതെ വലയുന്നവരുടെ ജീവിത കഥ ശാന്തയുടെ മനസലിയിച്ചു. ഇത്തരക്കാർക്കു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആശയം സുഹൃത്തുക്കളായ മേരി മാത്യു, പുഷ്പ ആൻഡ്രൂസ് എന്നിവരുമായി പങ്കുവച്ചു.

ആർസിസി ഡയറക്ടറായിരുന്ന എം കൃഷ്ണൻ നായരും ചീഫ് നഴ്സിങ് സൂപ്രണ്ടായിരുന്ന വിജയയും പിന്തുണ നൽകി. അങ്ങിനെ 1996 ജൂണിൽ ആശ്രയ ആരംഭിച്ചു. ചികിത്സയും പരിശോധനകളും നടത്തേണ്ട സ്ഥലങ്ങളെ കുറിച്ചുള്ള വിവരങ്ങൾ രോഗികൾക്ക് പറഞ്ഞു കൊടുത്തും അവരെ സഹായിച്ചുമാണ് ആശ്രയ ആർസിസിൽ സാന്നിധ്യം അറിയിച്ചത്.

കീമോതെറാപ്പി കഴിഞ്ഞവർ കഞ്ഞിവെള്ളം കുടിക്കുന്നത് നല്ലതാണെന്ന് ഡോക്ടർമാർ വഴി അറിഞ്ഞ ശാന്താ ജോസ് ആർസിസി കാന്റീനിൽ നിന്ന് കഞ്ഞിവെള്ളം എത്തിച്ചുകൊടുക്കാൻ വോളന്റിയർമാരെ നിയോഗിച്ചു. കാൽമുട്ടു വേദനയുമായി എത്തിയ യുവാവ് ചികിത്സക്കു പണമില്ലാതെ വലഞ്ഞപ്പോൾ കീമോ തെറാപ്പിക്കു വേണ്ട 18,000 രൂപ സംഘടിപ്പിച്ചു നൽകിയതാണ് പിന്നീടുള്ള പ്രവർത്തനങ്ങൾക്കു പ്രചോദനമായത്. ഭക്ഷണം നേരിട്ടു നൽകുന്നില്ലെങ്കിലും ആവശ്യമുള്ളവർക്ക് ഭക്ഷണത്തിനു വേണ്ട തുക കാന്റീനിൽ അടക്കുന്നുണ്ട്. അത്യാവശ്യം മരുന്നും എത്തിച്ചു നൽകാറുണ്ട്. .

പ്രവർത്തനം ആരംഭിച്ച് 25 വർഷം പിന്നിടുമ്പോഴും സ്വന്തമായി കെട്ടിടമോ സ്ഥലമോ ഇല്ല എന്നത് ആശ്രയയുടെ പ്രവർത്തനങ്ങളെ തളർത്തുന്നില്ല. 30 അംഗം എക്സിക്യുട്ടീവ് കമ്മിറ്റിയും 430 സന്നദ്ധ പ്രവർത്തകരുമാണ് ആശ്രയയുടെ കരുത്ത്. തന്നോടൊപ്പം അക്ഷീണമായി ആശ്രയയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കുമായുള്ള അംഗീകാരമാണിത് എന്ന് ശാന്താ ജോസ്.

കെഎസ്ഇബിയിൽ ടെക്നിക്കൽ അംഗമായിരുന്ന ഭർത്താവ് ജോസ് വി ശങ്കരത്തിൽ 3 മാസം മുൻപാണ് വിടപറഞ്ഞത്. പഠന കാലത്ത് 1962 മാർച്ച് 5 നായിരുന്നു ജോസിന്റെയും ശാന്തയുടെയും വിവാഹം. ഇന്നലെ വിവാഹ വാർഷികം. രണ്ടു മക്കൾ. കൃഷി വകുപ്പിൽ ഡപ്യൂട്ടി ഡയറക്ടറായി വിരമിച്ച നിമ്മി ജോസും അമേരിക്കയിൽ എൻജിനീയറായ ജൂബി ജോസും.