വാർസോ:
യുക്രൈനിലെ ഇന്ത്യൻ രക്ഷാദൗത്യമായ ഓപറേഷൻ ഗംഗയിൽ പോളണ്ടിലെ ഏകോപനം നടത്തുന്നത് മലയാളി വനിതാ ഉദ്യോഗസ്ഥ. പോളണ്ടിലെ ഇന്ത്യൻ അംബാസഡർ നഗ്മ മുഹമ്മദ് മല്ലികാണ് കാര്യങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. കാസർക്കോട് സ്വദേശിയാണ് ഡൽഹിയിൽ ജനിച്ച നഗ്മ. യുക്രൈനിൽനിന്നുള്ള വിദ്യാർത്ഥികളുമായി 13 പ്രത്യേക വിമാനങ്ങളാണ് ഇതുവരെ പോളണ്ടിൽനിന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്.
യുക്രൈൻ-പോളണ്ട് അതിർത്തിയിൽ വിദ്യാർത്ഥിക്ക് ഭക്ഷണവും വെള്ളവും അടക്കമുള്ള അവശ്യസേവനങ്ങൾ നൽകാൻ അംബാസഡർ മുമ്പിലുണ്ടായിരുന്നു. കേന്ദ്രമന്ത്രി വി കെ സിങ് ഇവരുടെ വീഡിയോ കഴിഞ്ഞ ദിവസം പങ്കുവയ്ക്കുകയും ചെയ്തിരുന്നു. യുക്രൈനിലേക്ക് മരുന്ന്, പുതപ്പ് അടക്കമുള്ള മാനുഷിക സഹായം നൽകുന്നതും പോളണ്ട് വഴിയാണ്.
1991 ബാച്ച് ഇന്ത്യൻ വിദേശ സർവീസ് ഉദ്യോഗസ്ഥയാണ് നഗ്മ മല്ലിക്. തുനീഷ്യയിലും ബ്രൂണെയിലും അംബാസഡാറായി സേവനം ചെയ്തിട്ടുണ്ട്. മുൻ പ്രധാനമന്ത്രി ഐകെ ഗുജ്‌റാളിന്റെ സ്റ്റാഫ് ഓഫീസറായിരുന്നു.
ഇന്ത്യയിലെ ആദ്യത്തെ ടെലവിഷൻ സോപ് ഓപറെയായ ഹം ലോഗിൽ അഭിനയിച്ചിട്ടുണ്ട്. ഇന്ത്യൻ വിദേശ സർവീസിലെ ആദ്യത്തെ മുസ്‌ലിം വനിത കൂടിയാണ്. ന്യൂഡൽഹിയിലെ അഭിഭാഷകൻ ഫരീദ് ഇനാം മല്ലികാണ് ഭർത്താവ്. രണ്ടു മക്കളുണ്ട്. കാസർകോട് ഫോർട്ട് റോഡ് സ്വദേശികളായ മുഹമ്മദ് ഹബീബുല്ലയുടെയും സുലുവിന്റെയും മകളാണ്.