Mon. Dec 23rd, 2024
മൗണ്ട് മോംഗനൂയി:

ഐസിസി വനിത ലോകകപ്പിൽ കന്നി കിരീടം ലക്ഷ്യമിടുന്ന ഇന്ത്യക്ക് വിജയത്തുടക്കം. ആദ്യ മത്സരത്തിൽ ഇന്ത്യ പാകിസ്താനെ 107 റൺസിന് തോൽപിച്ചു.

ആദ്യം ബാറ്റുചെയ്ത ഇന്ത്യ പൂജ വസ്ത്രാക്കർ (67), സ്നേഹ് റാണ (53 നോട്ടൗട്ട്), സ്മൃതി മന്ദാന (52), ദീപ്തി ശർമ (40) എന്നിവരുടെ ബാറ്റിങ് മികവിൽ 50 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 244 റൺസ് എടുത്തു. എന്നാൽ പാകിസ്താന്റെ മറുപടി 43 ഓവറിൽ 137ൽ അവസാനിച്ചു. പൂജ വസ്ത്രാക്കറാണ് കളിയിലെ താരം.

സിദ്ര അമീൻ (30), ഡയാന ബെയ്ഗ് (24), ഫാത്തിമ സന (17), നായിക ബിസ്മ മറൂഫ് (15) എന്നിവർ മാത്രമാണ് പാക് നിരയിൽ പിടിച്ചു നിന്നത്. ഇന്ത്യക്കായി രാജേശ്വരി ഗെയ്ക്‍വാദ് നാലുവിക്കറ്റ് വീഴ്ത്തി. ജുലൻ ഗോസ്വാമിയും റാണയും രണ്ടുവിക്കറ്റ് വീതമെടുത്തു. മേഘ്ന സിങ്ങും ദീപ്തി ശർമയും ഓരോ വിക്കറ്റ് വീഴ്ത്തി. വ്യാഴാഴ്ച ഹാമിൽട്ടനിൽ ന്യൂസിലൻഡിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.