കണ്ണൂർ:
ഹാൾട്ട് സ്റ്റേഷനുകളിൽ ട്രെയിനുകൾ നിർത്തുന്നതു നിലച്ചിട്ടു രണ്ടു വർഷം. ഈ സ്റ്റേഷനുകളിൽ നിന്നു ട്രെയിൻ കയറിയിരുന്ന യാത്രക്കാരുടെ മുറവിളികൾ കേട്ടില്ലെന്നു നടിച്ചു ട്രെയിനുകൾ ചൂളംവിളിച്ചു പായാൻ തുടങ്ങിയിട്ടു മാസങ്ങളായി. നിലമ്പൂർ – ഷൊർണൂർ പോലുള്ള ചില റൂട്ടുകളിലെ ഹാൾട്ട് സ്റ്റേഷനുകൾ തുറന്നിട്ടും വടക്കേ മലബാറിലെ സ്റ്റേഷനുകളോടുള്ള അവഗണന റെയിൽവേ തുടരുകയാണെന്നാണ് ആക്ഷേപം.
രാത്രിയിൽ വീടിനടുത്തുള്ള സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങാനുള്ള സൗകര്യം നഷ്ടപ്പെട്ടതു യാത്രക്കാരെ കുറച്ചൊന്നുമല്ല വിഷമിപ്പിക്കുന്നത്. ഹാൾട്ട് സ്റ്റേഷനുകൾ അനിശ്ചിതമായി അടച്ചിട്ടത് യാത്രക്കാരെ മാത്രമല്ല വലച്ചത്. ടിക്കറ്റ് നൽകിയിരുന്ന ഏജന്റുമാരെക്കൂടിയാണ്.
ടിക്കറ്റ് നൽകാൻ റെയിൽവേ ജീവനക്കാർ ഇല്ലാത്ത നാലു സ്റ്റേഷനുകളാണ് വടക്കേ മലബാറിലുള്ളത്. ധർമടം, ചിറക്കൽ, ചന്ദേര, കളനാട് എന്നിവ. സ്റ്റേഷനു സമീപത്തു വീടുള്ളവരിൽ സന്നദ്ധരായവർക്ക് ഏജൻസി നൽകിയാണ് ഈ സ്റ്റേഷനുകളിൽ ടിക്കറ്റ് ലഭ്യമാക്കിയിരുന്നത്.
റെയിൽവേക്ക് മുൻകൂറായി പണം അടച്ചാണ് ഇവർ ടിക്കറ്റെടുക്കുന്നത്. ഇങ്ങനെ എടുത്തു സൂക്ഷിച്ച പതിനായിരക്കണക്കിനു രൂപയുടെ ടിക്കറ്റുകളാണ് ഓരോ ഏജന്റുമാരുടെയും കൈവശമുള്ളത്. കളനാട് സ്റ്റേഷനിലെ ഹാൾട്ട് ഏജന്റ് പി വി ബിന്ദുവിന്റെ കയ്യിൽ സീസൺ ടിക്കറ്റുകൾ ഉൾപ്പെടെ എഴുപതിനായിരത്തോളം രൂപയുടെ ടിക്കറ്റുകൾ ബാക്കിയുണ്ട്.
പ്രതിദിനം നൂറ്റിഅൻപതോളം പേർ ടിക്കറ്റെടുത്തിരുന്ന സ്റ്റേഷനാണ് കളനാട്. പ്രതിമാസം എഴുപതിനായിരത്തിനും എൺപതിനായിരത്തിനും ഇടയിൽ രൂപയുടെ ടിക്കറ്റുകൾ ചെലവായിരുന്നു. 2020 മാർച്ച് 22നാണ് അവസാനമായി ടിക്കറ്റ് വിറ്റത്.
ചിറക്കലിലെ സ്റ്റേഷൻ ഏജന്റ് സജി റോക്കിയുടെ കയ്യിലുമുണ്ട് 13,000 രൂപയുടെ ടിക്കറ്റുകൾ. പ്രതിദിനം നൂറോളം പേർ ചിറക്കൽ സ്റ്റേഷനിൽ നിന്നും ടിക്കറ്റെടുത്തിരുന്നു. ചന്ദേര സ്റ്റേഷനിലെ ഏജന്റ് കെടി ശശിധരന്റെ കൈവശവും മുപ്പതിനായിരത്തോളം രൂപയുടെ ടിക്കറ്റ് ബാക്കിയുണ്ട്. നൂറ്റിഅൻപതോളം പേർ ചന്ദേര സ്റ്റേഷനിൽ നിന്നും പ്രതിദിനം ട്രെയിൻ കയറിയിരുന്നു.
ഇരുന്നൂറോളം പേർ പ്രതിദിനം ഉപയോഗിച്ചിരുന്ന സ്റ്റേഷനാണ് ധർമടം. ഇവിടെ ഹാൾട്ട് സ്റ്റേഷൻ ഏജന്റായിരുന്ന അമൃതം വീട്ടിൽ ഹരിദാസ് രണ്ടു മാസം മുൻപ് മരിച്ചു. ഹരിദാസിന്റെ കയ്യിൽ എത്ര ടിക്കറ്റുകൾ ബാക്കിയുണ്ടെന്നു കൃത്യമായ വിവരമില്ല.