Fri. Nov 22nd, 2024
ദില്ലി:

യുക്രൈനിൽ യുദ്ധം ആരംഭിച്ചതു മുതൽ ഇന്ത്യൻ വിദ്യാർത്ഥികളെയും മറ്റ് അഭയാർത്ഥികളെയും സുരക്ഷിത സ്ഥലങ്ങളിലേക്ക് എത്തിക്കാനും അവർക്കാവശ്യമായ സഹായങ്ങൾ നൽകുന്നതിനുമെല്ലാം സദാ സന്നദ്ധരായി പോളണ്ട്, ഹംഗറി, റൊമാനിയ എന്നിവിടങ്ങളിലുള്ള മാതാ അമൃതാനന്ദമയീമഠം വൊളന്റിയർമാർ.

പോളണ്ടിലേക്കെത്തുന്ന അഭയാർത്ഥികളെ തലസ്ഥാനമായ വാർസോയിലേക്ക് ബസ് മാർഗം എത്തിക്കുകയും ഇന്ത്യൻ പൗരന്മാർക്ക് എംബസിയുമായി ബന്ധപ്പെടുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുകയും ചെയ്യുന്നതിൽ ഇവർ മുഴുവൻ സമയവും വ്യാപൃതരാണ്.

യുദ്ധമുഖത്ത് നിന്ന് രക്ഷപ്പെട്ടു വരുന്നവർക്ക് വസ്ത്രങ്ങൾ, ഷൂസുകൾ, ഭക്ഷണം, പുതപ്പുകൾ എന്നിവ വിതരണം ചെയ്യാൻ കടുത്ത ശൈത്യത്തെ അവഗണിച്ചും പോളണ്ടിലെ സന്നദ്ധപ്രവർത്തകർ അതിർത്തിയിൽ തുടരുകയാണ്. താമസിക്കാൻ സൗകര്യങ്ങൾ ലഭിക്കാത്തവർക്ക് ഇതിനുള്ള സൗകര്യം ഇവർ ഒരുക്കി നൽകുന്നു.

യുദ്ധമേഖലകളിൽ നിന്ന് രക്ഷപ്പെടാൻ ദീർഘദൂരം യാത്രചെയ്ത് എത്തുന്നവരെ സഹായിക്കുകയെന്നതാണ് ഈ സന്നദ്ധപ്രവർത്തകരുടെ ലക്ഷ്യം. യുക്രൈനിൽ നിന്ന് പലായനം ചെയ്യുന്ന അഭയാർത്ഥികളെ സഹായിക്കാൻ പോളണ്ടിലുള്ള മാതാ അമൃതാനന്ദമയീമഠം വൊളന്റിയർമാരുടെ കൂട്ടായ്മയായ അമ്മ പോൾസ്‌ക അസോസിയേഷൻ സദാ സമയവും സജീവമായി രംഗത്തുണ്ട്.