Mon. Dec 23rd, 2024

യുകെയിലെ വാർവിക്ക് യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ലോയിൽ പിഎച്ച്ഡി വിദ്യാർത്ഥിയാണ് ഉമ്മുൽ ഫായിസ. ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ സെന്റർ ഫോർ പൊളിറ്റിക്കൽ സ്റ്റഡീസിൽ നിന്ന് ‘സ്ത്രീകളുടെ അവകാശങ്ങളും മുസ്ലീം വ്യക്തിനിയമങ്ങളും’ എന്ന വിഷയത്തിൽ എംഫിൽ ബിരുദം നേടിയിട്ടുണ്ട്. ഇസ്ലാമിക ഫെമിനിസം; വൈവിധ്യം, സങ്കീർണത, ഭാവി എന്ന പുസ്തകത്തിന്റെ രചയിതാവാണ്. ഇസ്ലാമിക ഫെമിനിസം, ഇസ്ലാമിക വേഷം തുടങ്ങിയ വിഷയങ്ങളിൽ നിരവധി ലേഖനങ്ങൾ വിവിധ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉമ്മുൽ ഫായിസയുമായി വോക്ക് മലയാളം നടത്തിയ അഭിമുഖം.

പലപ്പോഴും ഇസ്ലാമിക വേഷം ധരിക്കുന്നത് ഒരു സാരിയോ, ചുരിദാറോ ധരിക്കുന്ന പോലെ സ്ത്രീകളുടെ സ്വതന്ത്രമായ തിരഞ്ഞെടുപ്പായി സമൂഹം കണക്കാക്കാറില്ലെന്ന് തോന്നിയിട്ടുണ്ട്. എന്തുകൊണ്ടായിരിക്കാം വസ്ത്ര സ്വാതന്ത്ര്യം മുസ്ലിം സ്ത്രീകൾക്ക് മാത്രം ഹനിക്കപ്പെടുന്നത്?

ങ്ങനെയൊരു സംഭാഷണത്തിനു മുമ്പ് ഒരു കാര്യം പറയട്ടെ. ഒരേ സമയം ഹിജാബ് ധരിക്കുകയും എന്നാൽ ഒരു വസ്ത്രം എന്ന നിലയിൽ അതിനെ കേന്ദീകരിച്ചുയർന്ന സാമൂഹിക-രാഷ്ട്രീയ ഉത്കണ്ഠകളെ വിശകലനം ചെയ്യുകയും എന്നത് വിഷമം പിടിച്ച കാര്യമാണ്. ഇവ്വിഷയകമായി വായിച്ച പഠനങ്ങളുടെ പശ്ചാത്തലത്തിലാണ് എന്റെ നിഗമനങ്ങൾ രൂപപ്പെടുന്നത്. അനുഭവങ്ങളെ വിശകലനാത്മകമായി മനസ്സിലാക്കാൻ ഒരുപാടു പ്രയാസമുണ്ട്. ഇവിടെ പറയുന്ന കാര്യങ്ങളുടെ പരിമിതികളും സാധ്യതകളും ഇനിയും തെളിഞ്ഞു വരേണ്ടതുണ്ട്.

നിങ്ങളുടെ ചോദ്യത്തിൽ പറയുന്ന പോലെ, മുസ്‌ലിം സ്ത്രീയുടെ സ്വാതന്ത്ര്യം എന്നത് വളരെ വലിയ കാൻവാസിൽ നിൽക്കുന്ന ഒരു പ്രശ്നമാണ്. സ്വാതന്ത്ര്യം കുറഞ്ഞവളായി മുസ്‌ലിം സ്ത്രീയെ കാണാൻ പരിശീലനം ചെയ്യപ്പെട്ട ഒരു സമൂഹമാണിത്. ചരിത്രപരമായി തന്നെ, സ്വന്തത്താലും മറ്റുള്ളവരാലും അടിച്ചമർത്തപ്പെട്ട മുസ്‌ലിം സ്ത്രീയെ പരിഷ്കരിക്കുക എന്ന ഇന്ത്യൻ ദേശീയ ഉത്കണ്ഠയുടെ സവിശേഷ സാഹചര്യമാണ് ഇത്. മറ്റു സമുദായങ്ങളിലെ സ്ത്രീകളേക്കാൾ പ്രശ്നം അനുഭവിക്കുന്നവരാണ് മുസ്‌ലിം സ്ത്രീകളെന്ന രീതിയിൽ ഒരു ചിത്രീകരണം ഇന്ത്യയിൽ പ്രബലമാണ്. അതിനാൽ തന്നെ മറ്റു സ്ത്രീകളിൽ നിന്ന് കൂടുതലായി പരിഷ്കരണം – വേണ്ടി വന്നാൽ നിരോധനവും – മുസ്‌ലിം സ്ത്രീകൾ നേരിടേണ്ടി വരുമെന്ന പ്രതീതി നമ്മുടെ പൊതു ചർച്ചകളിലും ദൈനംദിന ജീവിതത്തിലും ഏറെ മുഴങ്ങി കേട്ടിട്ടുണ്ട്. ഇത്തരമൊരു പരിഷ്കരണ ആകാംക്ഷയുടെ ഫലം കൊയ്യുന്നത് പക്ഷേ നിർഭാഗ്യവശാൽ സംഘപരിവാറാണ് എന്നതാണ് ഇപ്പോൾ എല്ലാവരെയും അലട്ടുന്നത്.

സംഘപരിവാർ പുതുതായി ചെയ്യുന്ന കാര്യങ്ങൾ നോക്കൂ. ഒരു വശത്ത് മുത്തലാഖ് നിരോധനം ഏർപ്പെടുത്തി, ഒരു അനാചാരം ഇല്ലാതാക്കി എന്ന പേരും പറഞ്ഞ്, മുസ്‌ലിം പുരുഷനിൽ നിന്ന് മുസ്‌ലിം സ്ത്രീകളുടെ രക്ഷകരാവുക. മറുവശത്ത് ഹിജാബ് പോലുള്ള വസ്ത്രങ്ങളിൽ നിന്നു കൂടി മുസ്‌ലിം സ്ത്രീയെ മോചിപ്പിക്കുക, അതുവഴി മുസ്‌ലിം സ്ത്രീകളുടെ തെറ്റായ ബോധ്യങ്ങളിൽ നിന്ന് അവരെ മോചിപ്പിക്കുക. അതായത്, എല്ലാവിധ ദേശീയവാദ സമീപനങ്ങളും പുലർത്തുന്ന പരിഷ്കരണം ആണ് സംഘപരിവാറും ഒരു അളവിൽ പങ്കിടുന്നത്. പരിഷ്കരണത്തിന്റെ ഭാഷ കടമെടുത്താണ് മുസ്‌ലിംകളെ സംഘപരിവാർ പരിഷ്കരിച്ചു നന്നാക്കി തുടങ്ങി ഒടുവിൽ ഇങ്ങനെ ശിക്ഷിക്കുന്നത് എന്നതാണ് പ്രശ്നം.

മറ്റു ലിബറൽ-സെക്കുലർ സമീപനങ്ങൾ മുസ്‌ലിം സ്ത്രീകൾക്ക് നൽകുന്നത് ശിക്ഷയോ നിരോധനമോ ഇല്ലാത്ത പരിഷ്കരണമാണ് എന്നതാണ് വ്യത്യാസം. ഈയൊരു പ്രശ്ന പരിസരത്തെ അഭിസംബോധന ചെയ്യാൻ ഫാസിസ്റ്റ് വിരുദ്ധ സമീപനമുള്ളവർ തയ്യാറാവുമോ എന്നതാണ് കാതലായ ചോദ്യം.

എന്തുകൊണ്ടായിരിക്കാം വസ്ത്ര സ്വാതന്ത്ര്യം മുസ്ലിം സ്ത്രീകൾക്ക് മാത്രം ഹനിക്കപ്പെടുന്നത് എന്ന ചോദ്യത്തിന്റെ ഉത്തരത്തെക്കുറിച്ച് ചിന്തിക്കാൻ ഒരു വഴി പറഞ്ഞുവെന്നേയുള്ളൂ. തീർച്ചയായും ഇന്ത്യയിൽ ഇവ്വിഷയകമായി വലിയ പ്രതിരോധ പ്രസ്ഥാനങ്ങൾ ഉയർന്നു വരേണ്ടതുണ്ട്. ഒപ്പം അതിന്റെ രീതിശാസ്ത്രവും ഉന്നയിക്കപ്പെടണമെന്നു മാത്രമാണ് പറയാനുള്ളത്.

എല്ലായ്‌പ്പോഴും പർദ്ദ, ഹിജാബ് പോലുള്ള വസ്ത്രങ്ങൾ നിരോധിക്കുന്നത് മതേത്വരത്തിന്റെ പുനഃസ്ഥാപനം അല്ലെങ്കിൽ മുസ്ലിം സ്ത്രീയുടെ വിമോചനം എന്ന രീതിയിലൊക്കെയാണാല്ലോ പലരും പരിഗണിക്കുന്നത്. ഇസ്ലാമിക വേഷ നിരോധനത്തെ മാത്രം എന്തായിരിക്കും ഇങ്ങനെയൊരു തലത്തിലേക്ക് കൂടുതലായി ചർച്ച ചെയ്യുന്നത്? 

ന്നത്തെ പ്രധാന രാഷ്ട്രീയ പ്രശ്നമായി ഹിജാബ് അടക്കമുള്ള മുസ്‌ലിം സ്ത്രീ വസ്ത്രങ്ങൾ മാറിയിരിക്കുന്നു. മറ്റു സമുദായങ്ങളിലെയോ രാഷ്ട്രങ്ങളിലെയോ സ്ത്രീകളുടെ വസ്ത്രത്തേക്കാൾ മുസ്‌ലിം സ്ത്രീയുടെ വസ്ത്രത്തെക്കുറിച്ചു പൊതുചർച്ചകളും വിവാദങ്ങളും നിരോധനങ്ങളും കടന്നുവരുന്നതിന്റെ കാരണങ്ങൾ സങ്കീർണമാണ്. വസ്ത്രത്തേക്കാൾ വിപുലമാണ് ഈ പ്രശ്നം. ഒരു വസ്ത്രം സ്വാതന്ത്ര്യം നൽകുമോ ഇല്ലയോ എന്ന ചർച്ച കോഴിയോ മുട്ടയോ ആദ്യം എന്നു ചോദിക്കുമ്പോഴുള്ളതു പോലെയുള്ള പ്രശ്നമാണ്. അങ്ങനെയുള്ള ചർച്ചകൾ ഒരു വശത്ത് നടക്കുമ്പോഴും ഈ പ്രശ്നത്തെ വേറൊരു രീതിയിൽ ഉന്നയിക്കാനാണ് ശ്രമിക്കുന്നത്. ഒരു രാഷ്ട്രീയ സാഹചര്യം അതാവശ്യപ്പെടുന്നുണ്ട്.

ഇന്നത്തെ ഹിജാബ് ചർച്ചയുടെ പശ്ചാത്തലത്തിൽ, വസ്ത്രം എന്നതിനു പല അർത്ഥങ്ങൾ കൈവരുന്നുണ്ട്. എലിസബത്ത് ബുകർ The Islamic Veil: A Beginner’s Guide എന്ന പുസ്തകത്തിൽ ഒരു ന്യൂനപക്ഷ സാഹചര്യത്തിൽ മുസ്‌ലിം സ്ത്രീ വേഷത്തിന്റെ അർത്ഥം വ്യത്യാസം അഥവാ ഡിഫറൻസ് ആണെന്നാണ് പറയുന്നത്. ദേശരാഷ്ട്രവുമായ സാമൂഹിക കരാർ എന്ന നിലയിലും ഒരു ന്യൂനപക്ഷ പ്രശ്നം എന്ന നിലയിലും ഇവിടെ ഇന്ത്യൻ സാഹചര്യത്തിൽ ഹിജാബിനെ നാം വ്യത്യാസം എന്ന ഫ്രെയിമിലാണ് ചർച്ച ചെയ്യേണ്ടതെന്നു ബുകറിന്റെ പഠനങ്ങൾ ഉപയോഗിച്ചു ചിന്തിക്കുമ്പോൾ വ്യക്തമാകുന്നു. 

People protesting in front of Maharaja’s college, Ernakulam against the controversial Hijab Ban; (C) Woke Malayalam; Photo By: Ron Davis

ഹിജാബ് എന്ന വ്യത്യാസത്തെക്കുറിച്ചാണ് (difference) ഈ ചർച്ച എന്നു നാം മനസ്സിലാക്കണം. സാമൂഹിക സംഘാടനത്തിന്റെ പ്രശ്നം ആണ് ഈ വ്യത്യാസം. അതായത്, മുസ്‌ലിം എന്നോ സ്ത്രീ എന്നോ വ്യവഹരിക്കപ്പെടുന്ന ഒരു വിഭാഗത്തിന്റെ മേലെ വന്നു ചേരുന്ന ഒരു രാഷ്ട്രീയ പ്രശ്നം കൂടിയാണ് ഇവിടെ ചർച്ച ചെയ്യുന്നത്. വസ്ത്രത്തിലെ വ്യത്യാസം എന്ന ചർച്ച ഒരു സാമൂഹിക- രാഷ്ട്രീയ വ്യത്യാസത്തെക്കുറിച്ച് കൂടിയാണ്. മുസ്‌ലിം സ്ത്രീയുടെ വ്യത്യാസത്തെ (difference) എങ്ങിനെ ക്രമീകരിക്കാം എന്നതാണ് ഈ ചർച്ച. ഇത് കൊളോണിയൽ കാലം മുതൽ തുടങ്ങിയ ഒരു ചർച്ചയാണ്. ആഗോളവും ദേശീയവുമാണ്. ഇന്ത്യയിൽ ഈ ചർച്ചകൾ വളരെ സാധാരണ സാഹചര്യത്തിൽ ജീവിക്കുന്ന ഹിജാബ് ധാരികളായ മുസ്‌ലിം വിദ്യാർത്ഥിനികളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നുവെന്നതിനാൽ ഇത് ഇന്ന് തെരുവുകളിലെത്തിയിരിക്കുന്നു. 

വസ്ത്രം എന്ന സൂചകത്തെ സാധ്യമാക്കുന്ന ചരിത്രപരമായ ചില തിരിച്ചറിവുകൾ ഈ സാഹചര്യം അത്യാവശ്യമാക്കുന്നുണ്ട്. ഫ്രാൻസ് ഫാനോ തന്റെ Unveiling Algeria എന്ന പഠനത്തിൽ ഫ്രഞ്ച് അധിനിവേശ അൾജീരിയയിൽ മുസ്‌ലിം സ്ത്രീയുടെ വസ്ത്രത്തെ മാനേജ് ചെയ്യാൻ ശ്രമിച്ച രീതികളും അതിനോടുള്ള പ്രതികരണവും ചർച്ച ചെയ്യുന്നുണ്ട്. സ്വാതന്ത്ര്യം, ജനാധിപത്യം, തുല്യത ഇവയുടെ പാരമ്പര്യം അവകാശപ്പെടുന്ന ഫ്രാൻസ് ഇന്നും മുസ്‌ലിം സ്ത്രീയുടെ വസ്ത്രത്തെ ക്കുറിച്ചുള്ള ആകാംക്ഷകളിൽ നിന്നു മോചിതമായിട്ടില്ല എന്നതും കാണാം. അതായത്, മുസ്‌ലിം വസ്ത്രത്തെക്കുറിച്ചുള്ള ആകുലതകൾക്ക് ചരിത്രപരമായ അധികാര ബന്ധത്തിന്റെ പ്രശ്നങ്ങൾ ഉണ്ട്. ചരിത്രപരമായ കാരണങ്ങളാൽ ഹിജാബ് അടക്കമുള്ള മുസ്‌ലിം സ്ത്രീ വേഷങ്ങൾ ലോകവ്യാപകമായി ചർച്ച ചെയ്യപ്പെടുന്നുവെന്ന തിരിച്ചറിവ് വളരെ പ്രധാനമാണ്. ഈ തിരിച്ചറിവിന്റെ അഭാവത്തിൽ ഒരു തുണിക്കഷ്ണം മാത്രമായി ഹിജാബ് പ്രശ്നത്തെ കാണാനുള്ള സാധ്യത കൂടുതലാണ്.

വസ്ത്രം ധരിക്കാനുള്ള ഒരു അവകാശം എന്നതോടൊപ്പം തന്നെ രാഷ്ട്രീയപരമായ നിരവധി ഘടകങ്ങൾ ഹിജാബ് ചർച്ചയിലുണ്ട്. മതം, മതേതരത്വം, ദേശീയത ഒക്കെ ഹിജാബ് എന്ന പേരിനു ചുറ്റും ചർച്ച ചെയ്തു കൊണ്ടിരിക്കുന്നു. ഒരു വസ്ത്രം എന്നത് വസ്ത്രത്തേക്കാൾ വലിയ പ്രശ്നമായി മാറുന്നുവെന്നത് അത്ഭുതകരമാണ്. ഇതാണ് നാം ആലോചിക്കേണ്ട നിർണായക മേഖലയെന്നു തോന്നുന്നു.

കർണാടകയിൽ ഉണ്ടായിരിക്കുന്ന ഹിജാബ് വിവാദം വസ്ത്ര സ്വാതന്ത്ര്യമായും, അവകാശ ലംഘനമായും മാത്രം കാണാനാവില്ലല്ലോ. മുസ്ലിം വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ മുന്നേറ്റത്തിൽ പലർക്കുമുള്ള അസഹിഷ്ണുത കൂടെ ഇത് കാണിക്കുന്നില്ലേ. സത്യത്തിൽ മുസ്‌ലിം വിഭാഗത്തിൽ നിന്നുള്ളവർ ഉയർന്ന വിദ്യാഭ്യാസം ലഭിക്കുന്നതും, മികച്ച സ്ഥാനങ്ങൾ വഹിക്കുന്നതും പലരേയും പേടിപ്പെടുത്തുന്നുണ്ടോ? 

ന്ത്യൻ സാഹചര്യത്തിൽ സച്ചാർ റിപ്പോർട്ടിനു ശേഷം മുസ്ലിം സമുദായം വികസനോൻമുഖമായ ഒരു രാഷ്ട്രീയ സമീപനത്തിലേക്ക് മാറിയിരിക്കുന്നുവെന്നു അബൂ സാലിഹ് ശരീഫ് Institutionalizing Constitutional Rights: Post-Sachar Committee Scenario എന്ന പഠനത്തിൽ പറയുന്നു. വിദ്യാഭ്യാസ മേഖലയിൽ മുസ്ലിം ന്യൂനപക്ഷത്തിന്റെ പതിതാവസ്ഥ തിരിച്ചറിയുന്ന ഇടപെടലുകൾ ഇന്ന് വ്യാപകമാണ്. മുസ്‌ലിം ന്യൂനപക്ഷ രാഷ്ട്രീയ വിഭാഗങ്ങൾ തന്നെ രാഷ്ട്രീയ അവകാശങ്ങളെ പുതിയ വികസന വീക്ഷണ കോണിൽ ഇന്ന് അവതരിപ്പിക്കുന്നു. ഇതിന്റെ ഗുണഭോക്താക്കൾ/കൈകാര്യ കർത്താക്കൾ എന്ന നിലയിൽ പരിമിതികൾ ഉള്ളതോടൊപ്പം തന്നെ മുസ്‌ലിം സ്ത്രീകൾ വിദ്യാഭ്യാസ–സാമൂഹിക മുന്നേറ്റങ്ങളിൽ വ്യാപ്തരാകുന്നു. ഈ സാഹചര്യത്തിലാണ് ഹിജാബ് നിരോധനം എന്ന സാംസ്കാരിക പ്രശ്നം ഉയർന്നു വരുന്നത്. ഇതിലൂടെ അവകാശ രഹിതരായ വിഭാഗമാക്കി മുസ്ലിം സ്ത്രീകളെ നിലനിർത്താനുള്ള ഒരു സംസ്കാരിക പദ്ധതിയായി ഹിജാബ് നിരോധനം മാറുന്നു. ഒരു രാഷ്ട്രീയ പ്രശ്നം ഉണ്ടായി വരുന്നത് ഒരു സാംസ്കാരിക പ്രശ്നമായാണ്. ഈ മാറ്റം കൂടുതൽ പഠിക്കണമെന്നാണ് ആഗ്രഹം.

ന്യൂനപക്ഷത്തിനുള്ളിലെ ന്യൂനപക്ഷം എന്ന നിലയിൽ മുസ്‌ലിം സ്ത്രീകൾ അനുഭവിക്കുന്ന അവകാശ ലംഘനത്തിനു ഇരട്ട പരാധീനതയുടെ സ്വഭാവം ഇത്തരം മാറ്റങ്ങളിൽ നിരന്തരം വരുന്നുണ്ട്. എന്തുകൊണ്ട് ഹിജാബ് നിരോധനം എന്നതിന്റെ അർത്ഥം തെളിയുന്ന മറ്റൊരു വഴി കൂടിയാണിത്. 

മലാലയും ഉഡുപ്പിയിലെ വിദ്യാർത്ഥികളും ഒരുപോലെ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവരാണല്ലോ. മലാല യൂസഫ്സായ് അടക്കമുള്ള മറ്റു നാടുകളിലെ മുസ്ലിം സ്ത്രീകളുടെ ചെറുത്തുനിൽപ്പുകളെ പ്രചോദനമായി കാണുന്നവരും, പ്രശംസിക്കുന്നവരും പലപ്പോഴും നമ്മുടെ രാജ്യത്ത് പ്രശ്നങ്ങളിൽ മൗനം പാലിക്കുകയാണ്. എങ്ങനെയായിരിക്കും ഇങ്ങനെയൊരു ചിന്താഗതിയിലേക്ക് ഭൂരിപക്ഷം പേരും എത്തിയത്?

സാമൂഹിക മാധ്യമങ്ങളുടെ കാലത്തും മറ്റൊരു രാജ്യത്ത് അടിച്ചമർത്തപ്പെടുന്ന മുസ്‌ലിം സ്ത്രീയെക്കുറിച്ച് സംസാരിക്കുന്ന ആവേശം സ്വന്തം നാട്ടിലെ മുസ്‌ലിം സ്ത്രീയെക്കുറിച്ച് ഉണ്ടാവാത്തതിൽ അത്ഭുതം ഇല്ല. അറിയാൻ വഴിയില്ലാഞ്ഞിട്ടല്ല. കാരണം അടിച്ചമർത്തപ്പെട്ട മുസ്‌ലിം സ്ത്രീ എന്ന സങ്കല്പത്തോടുള്ള വിമർശനരഹിതമായ അറ്റാച്മെന്റ് നിർവഹിക്കുന്ന കാര്യങ്ങൾ ഏറെ വികസിതമാണ്. മലാലയെക്കുറിച്ച് നിരവധി പുസ്തകങ്ങൾ മലയാളത്തിൽ ഇറങ്ങിയിട്ടുണ്ട്. എന്നാൽ ശബ്ദവും ചിന്തയും ഉള്ള എത്ര മുസ്‌ലിം സ്ത്രീകളെ നമ്മുടെ മുഖ്യധാരാ പ്രസാധകർ ഇതുവരെ പരിഗണിച്ചിട്ടുണ്ട്? ഈ ചോദ്യത്തിനുത്തരം തേടിയാൽ നമ്മുടെ മൗനത്തിന്റെ കാരണങ്ങൾ ലഭിക്കും. 

ചില മുസ്‌ലിം സ്ത്രീകൾക്ക് ടോക്കൺ റെപ്രസെന്റെഷൻ നൽകി പരിഹരിക്കേണ്ടതല്ല ഇത്. അടിച്ചമർത്തപ്പെട്ട മുസ്‌ലിം സ്ത്രീ എന്ന സങ്കൽപത്തെ നിരാകരിക്കാതെ സംസാരിക്കുന്ന, അത്തരം പരിലാളനകൾ ഏറ്റു വാങ്ങാൻ തയ്യാറുള്ള, മുസ്ലിം സ്ത്രീകളെ മാത്രമേ പൊതുയിടം ദൃശ്യതയിൽ നിലനിറുത്തുവെന്നതാണ് ഇതിന്റെ മറുവശം. ഇങ്ങനെ നടന്ന ഒരു സാംസ്കാരിക-രാഷ്ട്രീയ പരിശീലനത്തിന്റെ അനന്തര ഫലമാണ് ഇന്ന് ഇന്ത്യയിൽ വികസിക്കുന്ന ഭൂരിപക്ഷ വാദം. മുസ്‌ലിം സ്ത്രീകളെക്കുറിച്ചുള്ള വാർപ്പു മാതൃകകൾ ഇന്ത്യയിലെ ഭൂരിപക്ഷ വാദത്തിന്റെ പ്രചോദന ഘടകമാണ്. നേരത്തെ സൂചിപ്പിച്ചത് പോലെ, ഹിജാബ് അടക്കമുള്ള വസ്ത്രങ്ങളെ സാംസ്കാരിക പ്രശ്നമാക്കി നിലനിർത്തുന്ന ഘടകങ്ങൾ പണ്ട് തൊട്ടേ ഇന്ത്യയിലുണ്ട് എന്നതാണ് വാസ്തവം. അത്തരം പ്രതിസന്ധികൾ ഇപ്പോൾ ചോദ്യത്തിലുന്നയിച്ച തരത്തിൽ പ്രകടമായി വരുന്നുണ്ട്.

ഹിജാബ് അടക്കമുള്ള ഇസ്ലാമിക വേഷങ്ങളോടുള്ള വിയോജിപ്പും, വിലക്കും ആദ്യമായല്ല ഇന്ത്യയിൽ നടക്കുന്നത്. 2013 ൽ കേരളത്തിലെ സ്കൂളുകളിൽ ഹിജാബിന് വിലക്കേർപ്പെടുത്തിയതും, സിബിഎസ്‌സി ഏർപ്പെടുത്തിയ വിലക്കുകളുമെല്ലാം ഇതിൽ ചിലതു മാത്രമാണ്. എന്നുമുതലാണ് ധരിക്കുന്നവർക്ക് പ്രശ്നമില്ലാത്ത ഇത്തരം വേഷങ്ങൾ കാണുന്നവർക്ക് പ്രശ്നമായി മാറിയത്?

കേരളത്തിലെ സ്കൂളുകളിൽ ഹിജാബ് ധരിച്ചതിന്റെ പേരിൽ മുസ്‌ലിം വിദ്യാർഥിനികൾ നേരിട്ട വിവേചനം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. എംഎസ്എഫിലെയും ഹരിതയിലെയും പ്രവർത്തന കാലയളവിൽ ഫാത്തിമ തഹലിയ ഈ പ്രശ്നം അന്വേഷിക്കുകയും അഭിമുഖീകരിക്കുകയും ചെയ്തിട്ടുണ്ട് എന്നവർ ഈയിടെ സോഷ്യൽ മീഡിയയിൽ പറഞ്ഞല്ലോ. എട്ടു വർഷം മുമ്പ്, 2014ൽ  ഫാസില എകെ, സംറ അബ്ദുൽ റസാഖ് തുടങ്ങിയവർ ചേർന്ന് ജിഐഒ കേരള ഘടകത്തിനു വേണ്ടി ചെയ്ത ‘ഇൻ ദ നെയിം ഓഫ് സെക്കുലറിസം’, നിരവധി മുസ്‌ലിം വിദ്യാർഥിനികളുടെ ഹിജാബ് അനുഭവങ്ങൾ വിവരിക്കുന്നതും ശ്രദ്ധേയമായ ഇടപെടൽ ഇവിടെ നടത്തിയവയും ആയിരുന്നു. മതേതര കേരളത്തിലെ സ്കൂളുകളിൽ നടന്ന വസ്ത്ര വിവേചനം നിരവധി മുസ്‌ലിം സ്ത്രീകൾ തന്നെ ഡോക്യുമെന്റ് ചെയ്തിട്ടുണ്ട്.

കർണാടകയിൽ ആർ എസ് എസ് നടപ്പിലാക്കുന്ന അജണ്ടകൾ തിരിച്ചറിയുമ്പോൾ തന്നെ കേരളത്തിലെ പൊതുവിദ്യാഭ്യാസ ഇടങ്ങളിലെ വസ്ത്ര വിവേചനം ഇനിയും കൂടുതൽ അന്വേഷണ വിധേയമാക്കേണ്ടതുണ്ട്. പക്ഷേ, കേരളത്തിലെ വസ്ത്ര വിവേചനത്തെ മറികടക്കാൻ കഴിയുന്ന രാഷ്ട്രീയ ഘടകങ്ങൾ ഇവിടെ ലഭ്യമാണ്. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ഇടം കേരളത്തിൽ ശക്തമാണ്. എന്നാൽ സംഘപരിവാർ നേരിട്ടു നിയന്ത്രണം ഏറ്റെടുത്ത ഹിജാബ് നിരോധനത്തിൽ അത്തരമൊരു സാധ്യത എന്തുകൊണ്ടില്ല എന്ന പ്രശ്നവുമുണ്ട്. 

വിദ്യാഭ്യാസത്തിന്റെ ഉയർച്ച കൊണ്ടും, സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള ആശയ കൈമാറ്റത്തിലൂടെയും മറ്റും ഇത്തരം വിലക്കുകൾക്കും നിയന്ത്രണങ്ങൾക്കും എതിരെ ഉണ്ടായിരുന്ന ചെറുത്തുനിൽപ്പുകൾ മുമ്പത്തേക്കാൾ അധികമായി ഇന്ന് ശക്തമാണെന്ന്,അതിനു ലഭിക്കുന്ന പിന്തുണ കൂടുതലാണെന്ന് തോന്നുന്നുണ്ടോ?

ഹിജാബ് വിലക്കിനെതിരെ ലോക വ്യാപകമായി തന്നെ പ്രതിഷേധം ശക്തമാകുന്നു. വിവിധ സംസ്ഥാനങ്ങളിൽ മുസ്‌ലിം സ്ത്രീകളുടെ മുന്നേറ്റങ്ങൾ നടക്കുന്നു. പൗരത്വ പ്രക്ഷോഭത്തിന്റെ ഭാഗമായി നടന്ന ജന മുന്നേറ്റത്തെ അനുസ്മരിപ്പിക്കുന്ന ജനകീയ പ്രക്ഷോഭങ്ങൾ ശക്തിപ്പെട്ടു വരുന്നു. മർദ്ദിത ന്യൂനപക്ഷം എന്ന നിലയിൽ മുസ്‌ലിം സ്ത്രീകളുടെ മുന്നേറ്റത്തിനു പിന്തുണ വർധിച്ചു വരുന്നു.

പൊതുയിടത്തിൽ മുസ്‌ലിം സമുദായത്തിന്റെ ചരിത്രവുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ട ചിഹ്നങ്ങൾ തന്നെ നിരോധിക്കുന്ന സംഘപരിവർ സർക്കാറുകൾ ഇന്ത്യയിലുണ്ട്. മാത്രമല്ല, ഹിജാബ് അടക്കമുള്ള വസ്ത്രങ്ങൾ ധരിക്കുന്ന മുസ്‌ലിം സ്ത്രീ ഒരു മുസ്‌ലിം എന്ന നിലയിൽ ദൃശ്യതയുള്ള മുസ്‌ലിം ആണെന്ന എമ്മ റ്റർലോവിന്റെ നിരീക്ഷണം (Visibly Muslim: Fashion, Politics and Faith എന്ന പുസ്തകം കാണുക) പഠിച്ചാൽ ഇതു സംബന്ധിച്ച സമീപനം വ്യക്തമാക്കുന്നു.

2020 ഫെബ്രുവരിയിൽ ഡൽഹിയിൽ മുസ്‌ലിം വിരുദ്ധ കലാപം ഉണ്ടായപ്പോൾ തെരുവിൽ നടക്കാനിറങ്ങാനും മെട്രോയിൽ യാത്ര ചെയ്യാനും എനിക്കും ഈ ഭയം അനുഭവപ്പെട്ടിരുന്നു. അതിനു ശേഷമാണ് പൊതുയിടത്തിലെ എന്റെ ദൃശ്യതയുടെ അപകടം എനിക്ക് ശരിക്കും അനുഭവപ്പെട്ടത്.

അൽപം കൂടി വിശദീകരിച്ചാൽ, മറ്റുള്ള മുസ്‌ലിംങ്ങൾക്ക് ദൃശ്യത അഥവാ വിസിബിലിറ്റി എന്നതൊരു പ്രശ്നമാകാത്ത സാഹചര്യം ഉണ്ട്. എന്നാൽ ഹിജാബ് ധരിക്കുന്നതിലൂടെ ദൃശ്യത സ്വയം കൈവരുന്നു. പേരോ മറ്റു അടയാളങ്ങളോ ഇല്ലാതെ തന്നെ ദൃശ്യത സ്വയം കൈവരുന്ന നിലയിലാണ് മുസ്‌ലിം സ്ത്രീയുള്ളത്. മതവിദ്യാഭ്യാസം നേടുന്ന, തൊപ്പിയൊക്കെ ധരിക്കുന്ന മുസ്‌ലിം പുരുഷൻമാരും ഈ പ്രശ്നം നേരിടുന്നുണ്ട്.

മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ പൊതുയിടത്തിലെ ദൃശ്യത ആ അർഥത്തിൽ ഹിജാബ് ധരിക്കുന്ന മുസ്‌ലിം സ്ത്രീയിലൂടെ നേരിട്ടു കൈവരുന്നു. ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ ഈ ദൃശ്യതക്ക് രാഷ്ട്രീയമായ മാനം ഉണ്ട്. അതിനു ഹിജാബ് ധരിക്കുന്ന മുസ്‌ലിം സ്ത്രീ നൽകുന്ന വിലയും വളരെ വലുതാണ് എന്നാണ് പുതിയ സംഭവവികാസങ്ങൾ നൽകുന്ന സൂചന. അതിനാൽ തന്നെ സ്വാഭാവികമായ ചെറുത്തു നിൽപ്പുകൾ ഉയർന്നു വരുന്നു. അത് വലിയൊരു പ്രചോദനമായി ജനസഞ്ചയത്തിന്റെ ഊർജ സ്രോതസ്സായി മാറുന്നുവെന്നത് പ്രത്യാശ നൽകുന്നതാണ്.

കർണാടകയിലെ ഹിജാബ് വിവാദത്തിന്റെ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന മിക്ക നാഷണൽ ന്യൂസ് ഏജൻസികളും മുഖം മറയ്ക്കുന്ന നിഖാബോ ബുർഖയോ ഇട്ട സ്ത്രീകളുടെ ചിത്രങ്ങളായിരുന്നു വാർത്തയുടെ കവർചിത്രമായി കൊടുത്തിരുന്നത്. അവിടെ മുഖം മറയ്ക്കലല്ല വിഷയം എന്നറിഞ്ഞിട്ടും തെറ്റിദ്ധരിപ്പിക്കാനും, തെറ്റായ വ്യാഖ്യാനങ്ങൾ നൽകാനും വേണ്ടിയുള്ള ശ്രമമായിരുന്നത് എന്ന് തോന്നുന്നുണ്ടോ?

ലയാള മാധ്യമങ്ങൾ തന്നെ ഇത്തരം ചിത്രങ്ങൾ ഉപയോഗിച്ചിരുന്നു. മുസ്‌ലിം പ്രശ്നങ്ങളിൽ മാധ്യമങ്ങൾ ഉപയോഗിക്കുന്ന ഇമേജുകൾ എന്ന പ്രശ്നം ഇതിലുണ്ട്. താടി, തൊപ്പി, നിഖാബ് തുടങ്ങിയ അടയാളങ്ങൾ യാതൊരു പരിശോധനയും ഇല്ലാതെ വെറുതെ ചേർക്കുന്നതല്ല. ഒരു പ്രത്യേക രീതിയിൽ മുസ്‌ലിംങ്ങളെക്കുറിച്ചുള്ള കാഴ്ചയെ നിർമിക്കാനാണ് ശ്രമം. കാഴ്ച നിർമിക്കപ്പെടുന്നതാണ്. അധികാരത്തിന്റെ കാഴ്ച, ന്യൂനപക്ഷങ്ങളെ എങ്ങനെ നിർമിക്കുന്നുവെന്ന ചിന്ത ഈ സാഹചര്യത്തിൽ ആവശ്യമാണ്. മുസ്‌ലിംകളുടെ ഫോട്ടോ ഒരു റെപ്രസന്റെഷനൽ ഇമേജ് എന്ന തരത്തിൽ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിന്റെ രീതിയെക്കുറിച്ച് പാട്രിക് ഫ്രെഞ്ചിനെ പോലുള്ളവർ ഇന്ത്യൻ/ആഗോള പശ്ചാത്തലത്തിൽ ഉന്നയിച്ച വിമർശനം ഒക്കെ കഴിഞ്ഞു എത്രയോ കാലമായി. പക്ഷെ, മാധ്യമ രംഗത്ത് നിലനിൽക്കുന്ന, സാക്ഷരതയുടെയും ജനാധിപത്യപരമായ സംവാദത്തിന്റെയും അഭാവം നിരന്തരം ഇങ്ങിനെ പുറത്തു വരുന്നു. ഇപ്പോഴത്തെ വിവാദ പശ്ചാത്തലത്തിൽ അത് കൂടുതൽ ചർച്ചയായി എന്നു മാത്രം.

ദേശീയതയുടെ ശത്രുക്കൾ, ദേശസുരക്ഷയ്ക്ക് ഭീഷണി തുടങ്ങിയ ലേബലുകളാണല്ലോ പലപ്പോഴും ആർഎസ്എസ് ഭരണകൂടം മുസ്ലിം വിഭാഗങ്ങൾക്കും, ബന്ധപ്പെട്ട വിഷയങ്ങളിലും ഉപയോഗിക്കുന്നത്. എന്തിനായിരിക്കും മുസ്‌ലിംകൾക്കെതിരെ ദേശീയതയെ തന്നെ അവർ ആയുധമാക്കുന്നത്?

പൗരത്വം തന്നെ നിഷേധിച്ച് മുസ്‌ലിംങ്ങളെ അവകാശരഹിതരാക്കുന്ന ഒരു ഭരണകൂട അജണ്ടയുടെ തുടർച്ച ഈ പ്രശ്നത്തിലുണ്ട്. പൗരത്വത്തെ നിർവചിക്കുമ്പോൾ, അവകാശം ഉണ്ടാവാനുള്ള അവകാശം (right to have rights ) എന്ന് പൊതുവെ ലിബറൽ ജനാധിപത്യത്തിന്റെ അന്തസത്ത ഉൾകൊള്ളുന്ന പണ്ഡിതർ, ഹന്ന ആരെന്റ്നെ പിന്തുടർന്ന് പറയാറുണ്ട്. അവകാശ വ്യവഹാരത്തിന്റെ പരിധികളും പരിമിതികളും തിരിച്ചറിഞ്ഞ ഒരു കാലത്താണ് നാം ജീവിക്കുന്നതെന്ന വിമർശനം മറുവശത്തുണ്ടെങ്കിലും.

അതായത്, മറ്റെല്ലാ അവകാശങ്ങളും ഉണ്ടാകാനുള്ള അവകാശമാണ് പൗരത്വം. ഹിജാബ് ഒരു വസ്ത്ര അവകാശം മാത്രമാണ്. അവകാശങ്ങളെ സാധ്യമാക്കുന്ന അവകാശം ആയ പൗരത്വം തന്നെ നിഷേധിക്കുന്ന സംഘപരിവാറിനു വസ്ത്ര അവകാശം വിലക്കാൻ അധികം ചിന്തിക്കേണ്ട ആവശ്യമില്ലന്നു നാം മനസ്സിലാക്കണം. 

തത്വത്തിൽ, സ്‌റ്റേറ്റാണ് അവകാശത്തെ നിയമപരമായി സാധ്യമാക്കുന്നത്. പക്ഷെ ഹിന്ദുത്വ ദേശീയ വാദം സ്റ്റേറ്റിനെ വരിഞ്ഞു മുറുക്കിയ സന്ദർഭത്തിൽ ഒരു ഉദാര ജനാധിപത്യ അവകാശം എന്നത് ഹിന്ദുത്വ ദേശീയ വാദത്തിന്റെ ഉദാരതയുടെ ഭാഗമായി മാറുന്നുവെന്നതാണ്. തീവ്രദേശീയത ഭരണകൂടത്തിന്റെ മുഖ്യ സ്വഭാവം ആയി മാറുമ്പോൾ ആധിപത്യ ദേശീയ സങ്കൽപത്തിനു പുറത്തുള്ള ജനവിഭാഗങ്ങളെ പുറന്തള്ളുകയും ഉൻമൂലനം ചെയ്യുകയും ചെയ്യുന്ന തരത്തിലാണ് ആധുനിക സ്റ്റേറ്റ് ഒരു രാഷ്ട്രീയ ക്രമമായി നില നിൽക്കുന്നത്. സ്വാഭാവികമായും സംഘപരിവാറിനു ഈ ഘടനകളെ ഉപയോഗിച്ചു കൊണ്ട് നില നിൽക്കാൻ കഴിയുന്നുണ്ട്. അതിനെ മറികടക്കാൻ കഴിയുന്ന മറ്റു ശക്തികൾ വളരെ ദുർബലമാണ്. 

പലതരം നിയമങ്ങളിലൂടെയും, പ്രവർത്തികളിലൂടെയും ഇസ്ലാമോഫോബിയ വളർത്താൻ ശ്രമിക്കുന്ന ഒരു ഭരണകൂടമുള്ള, നിലനിൽപ്പിനായി സ്വന്തം രാജ്യത്ത് സമരം ചെയ്യുന്ന ന്യൂനപക്ഷ ജനതയുള്ള ഒരു നാട്ടിൽ ഇനിയും അനീതിക്കെതിരെ നിശബ്ദത പാലിക്കുന്നത് എത്രത്തോളം ഭീകരമായിരിക്കും? മത-രാഷ്ട്രീയ വ്യത്യാസമില്ലാതെ ഒരു പൗരനെന്ന നിലയിൽ എങ്ങനെയാണ് ഈ ഫാസിസ്റ് ചിന്താഗതിക്കെതിരെ നമ്മൾ പ്രതികരിക്കേണ്ടത്?

പ്രായോഗിക പ്രവർത്തനത്തിനു അതിന്റെതായ ചലന നിയമങ്ങൾ ഉണ്ടെങ്കിലും, ഈ വിഷയത്തിൽ പൗര സമൂഹത്തിന്റെ തലത്തിൽ പൊതുസമീപനത്തെക്കുറിച്ച് ചില മുൻമാതൃകകൾ മുൻനിറുത്തി ആലോചിക്കേണ്ടതുണ്ട്. യൂറോപ്പിലെ ഹിജാബ് ചർച്ചയെക്കുറിച്ച് മയന്തി ഫെർണാണ്ടോ തന്റെ The Republic Unsettled: Muslim French and the Contradictions of Secularism എന്ന കൃതിയിൽ നടത്തുന്ന നിരീക്ഷണങ്ങൾ ഉദാഹരണമാണ്. യൂറോപ്പിൽ മുസ്‌ലിം സ്ത്രീകൾ കുടിയേറ്റ, ന്യൂനപക്ഷ വിഭാഗമാണ്. ഒരു തൊഴിൽ/സാമൂഹിക ശക്തി എന്ന നിലയിൽ അവർ നേരിടുന്ന അവകാശ പ്രശ്നങ്ങൾ ഒരു വസ്ത്ര പ്രശ്നമാക്കി മാറ്റുന്നത് തീർച്ചയായും രാഷ്ട്രീയ പ്രശ്നത്തെ സാസ്കാരിക പ്രശ്നമാക്കി മാറ്റുന്ന നവലിബറൽ/നവവംശീയ/ഇസ്‌ലാമോഫോബിക് നയങ്ങളുടെ ഭാഗമാണ്.

അൽപം കൂടി വിശദീകരിക്കാം. മുസ്‌ലിം സ്ത്രീയുടെ രാഷ്ട്രീയ അവകാശ പ്രശ്നം ഒരു വസ്ത്ര സ്വാതന്ത്ര്യ പ്രശ്നമാക്കുക. അങ്ങനെ നടക്കുന്ന ചർച്ചയിലൂടെ വസ്ത്ര സ്വാതന്ത്ര്യം എന്ന ഫിക്സേഷൻ സാമൂഹിക ചർച്ചകളുടെ വ്യാപകമാക്കുക. ഇതിലൂടെ മൊത്തം സമൂഹത്തെ രാഷ്ട്രീയപരമായി ഭിന്നിപ്പിക്കുക. മുസ്‌ലിംങ്ങളെക്കുറിച്ചുള്ള കെട്ടുകഥകൾ വ്യാപിച്ചുകൊണ്ട് ഇസ്‌ലാമോഫോബിയ വ്യാപിക്കുക. ഇതിലൂടെ വംശീയ സ്വഭാവമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങൾ അധികാരം പിടിച്ചടക്കുന്ന കാഴ്ചയാണ് ലോകത്ത് പല ഭാഗത്തും നടക്കുന്നത്. ഇന്ത്യയിലെ മുസ്‌ലിം അപരവൽക്കരണവും ഇത്തരം ഭരണമനോഭാവ രീതികളും സങ്കേതങ്ങളും സ്വായത്തമാക്കുന്നുവെന്ന തിരിച്ചറിവ് വ്യാപകമാകേണ്ടതുണ്ട്.

ആണധികാരം അടിച്ചേൽപ്പിച്ചോ, അല്ലെങ്കിൽ ചിന്താശേഷിയില്ലാതെ പിന്തുടർന്ന് പോകുന്നതോ ആയവരാണ് ഹിജാബ് ധരിക്കുന്നതെന്ന മിഥ്യാധാരണ കണ്ടു വരാറുണ്ട്. സത്യത്തിൽ ഹിജാബ് എന്ന വസ്ത്രത്തെ ഒരു മതവിശ്വാസത്തിനും അപ്പുറത്തേക്ക് എങ്ങനെയാണ് നിർവചിക്കാനാവുക ?

റ്റേതു വസ്ത്രവും പോലെ ഹിജാബ് വ്യത്യാസം, ചരിത്രം ഇവയുടെ കൂടി ഭാഗമായ സാമൂഹിക ഉത്പന്നമാണ്. ഇന്ത്യയിൽ തന്നെ സാരി എന്നു പറയുന്ന വസ്ത്രം ഇവിടുത്തെ ഭരണാധികാരികളുടെ കൂടി വസ്ത്രമായി മാറുന്നത് ബ്രിട്ടീഷ് കൊളോണിയൽ കാലഘട്ടത്തിൽ സാരി ചുറ്റിച്ചു സ്ത്രീകളുടെ ശരീരത്തിൽ നടത്തിയ പരിഷ്കരണ നടപടികളിലൂടെയാണ് എന്ന് എമ്മ റ്റർലോ വിശദീകരിക്കുന്നുണ്ട്. ഏതു വസ്ത്ര മാതൃകകളും ഇത്തരം നിരവധി മാറ്റങ്ങളുടെ ഭാഗമാണ്.

പക്ഷേ, ഹിജാബ് ഇന്നും ഒരു ചർച്ചയാവുന്നത് വിവിധ സാമൂഹിക – രാഷ്ട്രീയ സാഹചര്യങ്ങളിൽ ഭരണനിർവഹണത്തിന്റെ സാങ്കേതിക വിദ്യകൾ പ്രവർത്തിക്കുന്നതിന്റെ ഭാഗമാണ്. മുസ്‌ലിം എന്ന ഗണത്തെ നിർമിക്കുകയും നിർണ്ണയിക്കുകയും ചെയ്യുന്ന ഭരണഉപാധികളെ പ്രശ്നവൽകരിക്കാതെ ഹിജാബ് ചർച്ച ചെയ്യാൻ കഴിയില്ല. ഭരണനിർവഹണത്തിന്റെ ഉപാധികളെ വിമർശിക്കുകയും വിശകലനം ചെയ്യുകയും മാറ്റിത്തീർക്കുകയും ചെയ്യുന്ന പ്രവർത്തനത്തിന്റെ ഭാഗമായാണ് ഇത്തരം വിവേചനങ്ങളെയും അതിനെതിരായ ചെറുത്തു നിൽപ്പ് ശ്രമങ്ങളെയും നാം കാണേണ്ടത്.

കേരളത്തിൽ എസ്പിസി യൂണിഫോമിൽ ഹിജാബ് ധരിക്കുന്നത് വിലക്കിയതും ഒരു തരത്തിൽ അവകാശലംഘണമെന്ന വാദമുണ്ടല്ലോ. മുസ്ലിം സ്ത്രീ എന്ന വിഷയത്തിൽ ബിജെപിയുടെ ഫാസിസ്റ് ചിന്തകളോട് തുല്യമായ രീതിയിലാണോ കമ്മ്യൂണിസ്റ്റ് അടക്കമുള്ള മറ്റു പാർട്ടികളുടെ മനോഭാവവും?

തോമസ് പിക്കറ്റി Capital and Ideology എന്ന പുസ്തകത്തിൽ ഒരു കാര്യം പറയുന്നുണ്ട്. ആദ്യ ഘട്ടത്തിൽ, ഫ്രാൻസിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കാണ് മുസ്‌ലിംകൾ വോട്ടു ചെയ്യുന്നത്. കാരണം ന്യൂനപക്ഷ – കുടിയേറ്റ തൊഴിലാളികളാണ് ബഹുഭൂരിപക്ഷം ഫ്രഞ്ച് മുസ്‌ലിംകളും. അതിനാൽ തന്നെ വെള്ളക്കാരായ തൊഴിലാളി യൂണിയനുകളുടെ ഭാഗമായി അവർ പ്രവർത്തിക്കുന്നു. എന്നാൽ ഇസ്‌ലാമോഫോബിയ ഫ്രാൻസിലെ തൊഴിലാളി വർഗത്തെ ഭിന്നിപ്പിക്കുന്ന തരത്തിൽ വംശീയ വലതുപക്ഷം വികസിപിച്ചപ്പോൾ അതിനെ ചെറുത്തു നിൽക്കാൻ പരമ്പരാഗത ഇടതുപക്ഷം ശ്രമിച്ചില്ല. വെള്ളക്കാരായ തൊഴിലാളി വർഗത്തിന്റെ വംശീയ – വലതുപക്ഷ ചായ്‌വ് തടയാൻ കഴിഞ്ഞില്ല. ഇതോടു കൂടി മറ്റു കുടിയേറ്റ വിഭാഗങ്ങളോടൊപ്പം ചേർന്ന് വേറിട്ടു സംഘടിക്കാൻ മുസ്ലിംങ്ങൾ തയ്യാറായി. പരമ്പരാഗത ഇടതുപക്ഷം സ്വാഭാവികമായും നവലിബറലിസത്തിന്റെ സാംസ്കാരിക യുക്തി എന്ന നിലയിൽ ഹിജാബ് പ്രശ്നത്തെ ഗൗരവത്തോടെ എടുത്തില്ലെന്നും നാം മനസ്സിലാക്കണം. തീർച്ചയായും ഫ്രാൻസിലെ ഇടതു പ്രസ്ഥാനങ്ങൾ ഈ വിഷയത്തിൽ ആന്തരികമായി പിളർന്നിരുന്നു. വിവിധ ഇടതു പാർട്ടികൾ അവിടെ അതു തിരിച്ചറിഞ്ഞു നിലപാടെടുക്കുന്നുണ്ട്.

എന്നാൽ ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ മുസ്‌ലിംങ്ങളെ വംശഹത്യക്കു വിധേയമാക്കണം എന്ന ഫാസിസ്റ്റ് സമീപനവും കമ്യൂണിസ്റ്റ് പാർട്ടികൾ കേരളത്തിൽ അടക്കം നടത്തുന്ന സാമൂഹ്യ- രാഷ്ട്രീയ വിവേചന സമീപനങ്ങളും രണ്ടാണ്. അതിനെ സമീകരിക്കേണ്ടതില്ല. അത്തരമൊരു സമീകരണം യുക്തിപരമല്ല. അതിനിടയിൽ ധാരാളം അന്തർധാരകൾ ഉണ്ടെങ്കിലും വംശഹത്യ അജണ്ടയും വിവേചനവും രണ്ടു വ്യത്യസ്ത പ്രശ്നങ്ങളാണ്.

ഹിന്ദുത്വയുടെ സാംസ്കാരിക അജണ്ടകളെ ഇടതുപക്ഷ കാഴ്ചപ്പാടുള്ളവർ സ്വീകരിക്കുന്നുവെന്നതു വസ്തുതയാണ്. അതു വിമർശിക്കപ്പെടേണ്ടതുണ്ട്. കേരളത്തിലെ ഭരണകക്ഷിയായ സി പി എം മുസ്‌ലിം പശ്ചാത്തലമുള്ള പ്രസ്ഥാനങ്ങളെ സംഘപരിവാറിനോടു ഉപമിക്കുന്ന രീതി തിരുത്തേണ്ടതുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ ഒരു കേവല ദേശീയ സാംസ്കാരിക ഭൂരിപക്ഷവാദ പാർട്ടി എന്നതിലേക്ക് തരം താഴുന്നതിൽ നിന്ന് ആ പാർട്ടിയെ രക്ഷിക്കാൻ അതിന്റെ അണികൾക്കു എത്രത്തോളം കഴിയുന്നതിനുസരിച്ചാണ് അതിന്റെ ഭാവി.

മുസ്കാന് നിരവധി ആളുകൾ പിന്തുണ നൽകുന്നുണ്ട്. അതിനിടയിലും ജയ് ശ്രീറാം എന്ന് ആക്രോശിക്കുന്നവരോട് അല്ലാഹു അക്ബർ എന്നലായിരുന്നു മറുപടി നൽകേണ്ടത് എന്ന തരത്തിലുമുള്ള അഭിപ്രായങ്ങളും ഉണ്ടായിരുന്നു. നിങ്ങളതിനെ എങ്ങനെയാണ് നോക്കി കാണുന്നത്?

പാർശ്വവൽകൃതരായ വിവിധ തരത്തിലുള്ള സാമൂഹിക വിഭാഗങ്ങൾ ഉയർത്തുന്ന മുദ്രാവാക്യങ്ങൾ വളരെ ജൈവികമായി ഉൾകൊള്ളാൻ ശ്രമങ്ങൾ ഉണ്ടാവേണ്ടതുണ്ട്. മർദ്ദനത്തിനെതിരെ എങ്ങനെ പ്രതികരിക്കണമെന്ന വിഷയത്തിൽ മർദ്ദിതർക്ക് ഉപദേശം നൽകുന്നത് സൂക്ഷിച്ചു വേണം എന്ന പൊതുസമീപനം കൈമോശം വരുന്നതു കൊണ്ടാണ് അനാവശ്യമായ ആശങ്കകൾ ഉയർന്നു വരുന്നത് .

ഇന്ത്യയിൽ സ്ത്രീകളോ ദലിതരോ ആക്രമിക്കപ്പെടുമ്പോൾ അവർക്കൊന്നും നൽകാത്ത ഉപദേശ നിർദേശങ്ങൾ നാം മുസ്‌ലിംങ്ങൾക്ക് നൽകുന്നുണ്ടെങ്കിൽ അതിന്റെ പേരാണ് ഇസ്‌ലാമോഫോബിയ. മുസ്‌ലിംങ്ങൾക്ക് മാത്രം പ്രത്യേകം പെരുമാറ്റം നിർദേശിക്കലാണ് അത്. എല്ലാ മർദ്ദിതർക്കും സാമൂഹിക വിഭാഗങ്ങൾക്കും ഒരേ അവകാശമാണുള്ളത്. 

കർഷക പ്രക്ഷോഭത്തിൽ സിഖ് മതചിഹ്നങ്ങൾ ധാരാളമായി ഉണ്ടായിരുന്നു. നാഥുറാം ഗോഡ്‌സെ വെടി വെച്ചപ്പോൾ ഗാന്ധിയുടെ ഹേ റാം എന്ന വിളി ഇന്ത്യയിലെ സെക്കുലർ മിത്തോളജിയുടെ ഭാഗമാണ് എന്നതു നാം ഓർക്കാതെ പോകരുത്. അവിടെയൊന്നും ബാധകമാത്ത ബാധ്യതകൾ, ചോദ്യ ചിഹ്നങ്ങൾ മുസ്ലിം വനിതാ പ്രക്ഷോഭകാരികൾക്ക് നാം ബാധകമാക്കുന്നുണ്ടെങ്കിൽ അതിലൊരു അനീതിയുണ്ട്.

വർഷങ്ങൾക്ക് മുമ്പ് ഉറുദു കവിതകൾ വായിക്കുന്ന ഒരു സുഹൃത്ത് പറഞ്ഞ രസകരമായ ഒരു നിരീക്ഷണം പറയാം. ഖൽബ് അഥവാ ഹൃദയം എന്ന വളരെ പ്രധാനമായ ഇസ്‌ലാമിക സൂഫി സങ്കൽപത്തിൽ നന്ന് ഉരവം കൊണ്ട ഉറുദു വാക്കിൽ നിന്നാണ് ഇങ്കുലാബ് എന്ന പദം ഉയർന്നു വരുന്നത്. സ്വന്തം ഹൃദയത്തെ ശരിയായ പാതയിലേക്ക് നയിക്കാനാണ് ഉറുദു, പേർഷ്യൻ മിസ്റ്റിക് കവികൾ ആ വാക്ക് വികസിപ്പിച്ചത്. ദേശീയ പ്രസ്ഥാനകാലത്ത് ഇങ്കുലാബ് എന്ന പദം ഖൽബിനു മറ്റൊരർഥം നൽകി വികസിപ്പിച്ചത് നാം കണ്ടു. എല്ലാ വിമത രാഷ്ട്രീയത്തിന്റെയും പ്രതീകമായി ഇങ്കുലാബ് മാറി. വാക്കുകളുടെ പ്രയോഗ സന്ദർഭത്തിലൂടെയാണ് അർഥം നിരന്തരം വികസിക്കുന്നത് എന്നതാണ് സാമാന്യ ഭാഷാപഠന സമീപനം. അതു മുസ്‌ലിംങ്ങൾക്ക് അനുവദിച്ചു നൽകാൻ കഴിയേണ്ടതുണ്ട്. മറ്റുള്ളവർക്ക് നൽകുന്ന അവകാശങ്ങൾ മുസ്‌ലിംങ്ങൾക്ക് നൽകാൻ കഴിയില്ലെന്ന സമീപനമാണ് ഇസ്‌ലാമോഫോബിയ. മുസ്‌ലിംകളുടെ രാഷ്ട്രീയ സംഘാടനത്തോടുള്ള ദേശീയത ഭയമാണ് ഇതിനു പുറകിൽ. ഹിന്ദുത്വവാദികൾക്കെതിരെ Why I am a Hindu എന്ന പുസ്തകം എഴുതിയ ശശി തരൂർ എന്തിനാണ് അല്ലാഹു അക്ബറിനെ ഭയപ്പെടുന്നത്?

ഒരു രാഷ്ട്രീയ സന്ദർഭത്തിൽ അല്ലാഹു അക്ബർ എന്നതു സ്വാഭാവികമായി ഉയർന്നു വന്നതാണ്. ആ സ്വാഭാവികതയെ ഉൾകൊണ്ട ദലിത് രാഷ്ട്രീയ നേതാവായ തോൾ തീരുമാവളവൻ എം പി ഇൻഡ്യൻ പാർലമെന്റിൽ അല്ലാഹു അക്ബർ വിളിച്ചിരുന്നു. മുസ്‌ലിം സ്ത്രീകളോടു ഇത്രയേറെ ആഴത്തിൽ ഐക്യപ്പെട്ട മറ്റൊരു സമകാലിക സംഭവുമുണ്ടോ? മർദ്ദിത ന്യൂനപക്ഷത്തിന്റെ സ്വയം നിർണ്ണയാവകാശത്തെ ഗൗരവത്തിലെടുക്കാത്തവരാണ് അല്ലാഹു അക്ബർ എന്ന മുദ്രാവാക്യത്തിൽ അസ്വസ്ഥതയുള്ളത് എന്നതാണ് തോൾ തിരുമാവളവൻ പ്രായോഗികമായി പറയുന്നത്.

ഹിജാബ് വിഷയത്തിൽ കേരളം ഗവർൺർ ആരിഫ് ഖാന്റെ പ്രതികരണം വലിയ വിവാദമായിരുന്നല്ലോ. കൃത്യമായ അജണ്ട ഇതിനു പിന്നിലുണ്ടെന്ന് അദ്ദേഹം പറയുന്നുണ്ട്. നാഷണൽ മാധ്യമങ്ങൾക്കടക്കം അദ്ദേഹം നൽകിയ പ്രതികരണങ്ങളിൽ അദ്ദേഹം ശരിയായ രീതിയിലായിരുന്നോ വിഷയത്തെ സമീപിച്ചിരുന്നത്?

80-കളിൽ ശാബാനു കേസിൽ അടക്കം നിറഞ്ഞു നിന്ന മുസ്‌ലിം പരിഷ്കരണവാദി പുരുഷനായ ആരിഫ് മുഹമ്മദ് ഖാൻ അടക്കമുള്ളവർ സംസാരിക്കുന്നതും മറ്റൊന്നല്ല. നേരത്തെ സൂചിപ്പിച്ച ഉദാര സ്ത്രീവാദത്തിന്റെ പരിഷ്കരണ ഭാഷയും പ്രയോഗവും ഉപയോഗിച്ചാണ് ഇന്ത്യയിൽ ഈ മാറ്റങ്ങൾ വരുന്നത് എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇന്ത്യയിലെ ഫെമിനിസം പോലും ഇന്ന് എത്രയേറെ മാറിയിരിക്കുന്നു. ഇന്ത്യൻ ദേശീയതയിൽ മുസ്ലിം സ്ത്രീകളുടെ അവസ്ഥയെക്കുറിച്ചു നിലനിന്ന പുരോഗമന/മതേതര സങ്കൽപങ്ങൾ തന്നെയാണ് സംഘപരിവാർ മറ്റൊരു ഉദ്ദേശ്യത്തിലാണെങ്കിൽ പോലും നടപ്പിലാക്കുന്നത് എന്ന വിമർശനത്തിൽ ചില വസ്തുതകൾ ഉണ്ട്. ഇത് ഇന്ത്യയിലെ സംഘപരിവാർ വിരുദ്ധ മുന്നേറ്റങ്ങളുടെ കൂടി പ്രതിസന്ധികളെ വെളിവാക്കുന്നുണ്ട്.

ലിബറൽ/മതേതര പരിഷ്കരണവാദത്തിന്റെ ലക്ഷ്യവും സംഘപരിവാർ പരിഷ്കരണവാദത്തിന്റെ ലക്ഷ്യവും രണ്ടാണെങ്കിലും രണ്ടും സങ്കൽപത്തിൽ പരസ്പരം ഒന്നു ചേരുന്നുവെന്നു ശാബാനു കേസിനെക്കുറിച്ചുള്ള എന്റെ പഠനത്തിൽ മനസ്സിലായ കാര്യമാണ്.

അതായത്, മറ്റു സ്ത്രീകളിൽ നിന്ന് വ്യത്യസ്തയാണ് മുസ്‌ലിം സ്ത്രീ എന്ന സമീപനത്തെ പുതിയ രീതിയിൽ പ്രശ്നവൽകരിക്കാൻ തയ്യാറാവുക എന്നതൊരു അടിയന്തിര രാഷ്ട്രീയ പ്രശ്നമാണ്. മുസ്‌ലിം സ്ത്രീയുടെ വ്യത്യാസത്തെക്കുറിച്ച് പുതിയൊരു രാഷ്ട്രീയ വിശകലന രീതിശാസ്ത്രം വിവിധ ഫെമിനിസ്റ്റുകളും മത ന്യൂനപക്ഷ/കീഴാള വിഭാഗങ്ങളും വികസിപ്പിക്കേണ്ടതുണ്ട്. Gendering Minorities: Muslim Women and the Politics of Modernity എന്ന ഷെറിൻ ബി എസിന്റെ പുതിയ പുസ്തകം ഇത്തരമൊരു ശ്രമത്തിന്റെ ഭാഗമായി വായിക്കേണ്ടതുണ്ട്.

യഥാർത്ഥത്തിൽ, ആരിഫ് മുഹമ്മദ് ഖാൻ നടത്തിയ പ്രസ്താവന ഇന്ത്യയിലെ ജീർണിച്ച വരേണ്യ പരിഷ്കരണവാദത്തിന്റെ ഹാങ്ങോവർ മാത്രമാണ്. ബി ജെ പിയുടെ ഭാഗമായ അദ്ദേഹം സ്വന്തം രാഷ്ട്രീയത്തിന്റെ തന്നെ അനിവാര്യമായ തേട്ടത്തിന്റെ ഭാഗമായി അവിടെ എത്തിപ്പെട്ടതാണ്. പുരോഗമന വ്യവഹാരങ്ങളുടെ കാലഹരണപ്പെട്ട ആകാംക്ഷകളുടെ അപ്പുറം കടക്കുന്ന പുതിയ രാഷ്ട്രീയ മുന്നേറ്റങ്ങളുടെ ആവശ്യകത ഇത് തെളിയിക്കുന്നു.