Sat. Apr 20th, 2024

പെണ്ണെഴുത്തുകൾ വിരളമായിരുന്ന, നോവലുകൾ വായിക്കുന്നത് പോലും ദുശ്ശീലമായി കണ്ടിരുന്ന കാലത്ത് ഫെമിനിസവും, രാഷ്ട്രീയ സാമൂഹിക വിഷയങ്ങളും ഉൾപ്പെടുത്തി നോവലുകൾ രചിച്ച ഇംഗ്ലീഷ് എഴുത്തുകാരിയാണ് ജെയിൻ ഓസ്റ്റിൻ (Jane Austen). നോവലിനു ബഹുമാന്യമായ സ്ഥാനം നേടികൊടുക്കുന്നതിൽ ഫ്രാൻസിസ് ബർണിയോടൊപ്പം സ്ഥാനം വഹിച്ച ഈ എഴുത്തുകാരിയുടെ പേര് പക്ഷേ പുറംലോകം അറിഞ്ഞത് അവരുടെ മരണശേഷമായിരുന്നു. പ്രൈഡ് ആൻഡ് പ്രെജുഡിസ് (Pride and Prejudice), സെൻസ് ആൻഡ് സെൻസിബിലിറ്റി (Sense and Sensibility) തുടങ്ങി ലോക പ്രശസ്തമായ ഓസ്റ്റിന്റെ പുസ്തകങ്ങൾ പറയുന്ന ഫെമിനിസവും, റിയലിസവും ഇന്നും നിരൂപകർ വിശകലനം ചെയ്യുന്നവയാണ്.

അന്തസ്സുകെട്ട ശീലങ്ങളായി കലാവായനയെ കണ്ടിരുന്ന പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലും യുകെ സ്റ്റീവൻടണിലെ വായനാന്തരീക്ഷമുള്ള കുടുംബത്തിലായിരുന്നു ജെയിൻ ഓസ്റ്റിൻ വളർന്നത്. പാസ്റ്ററിൻ്റെ മകളായ ഓസ്റ്റിൻ, തന്റെ അച്ഛന്റെ ലൈബ്രറിയിലെ പുസ്തകങ്ങൾ വായിക്കാനുള്ള അവസരമുണ്ടായിരുന്നു. കൂടാതെ അവരുടെ ഒരു സഹോദരൻ കവിതയും, മറ്റൊരു സഹോദരൻ മതപ്രസംഗവും എഴുതുമായിരുന്നു. തന്റെ പതിനൊന്നാം വയസ്സിൽ അങ്ങനെ വായനയോടൊപ്പം എഴുത്തിലേക്കും ഓസ്റ്റിൻ കടന്നുവന്നു.

കുടുംബവൃത്തങ്ങളിൽ പങ്കുവെയ്ക്കാനും, സ്വയം ഉറക്കെ വായിച്ചു രസിക്കാനുമായിരുന്നു ആദ്യകാലങ്ങളിൽ ഓസ്റ്റിൻ നോവലുകൾ എഴുതിയിരുന്നത്. എന്നാൽ മകളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ അച്ഛൻ ശ്രമം നടത്തിയിരുന്നു. പ്രൈഡ് ആൻഡ് പ്രെജുഡിസ് ആയിരുന്നു ആദ്യം പ്രസിദ്ധീകരിക്കാനായി 1797ൽ പ്രസാധകരെ സമീപിച്ചത്. എന്നാൽ ഇത് പ്രസിദ്ധീകരണ യോഗ്യമല്ലെന്ന് പറഞ്ഞു തള്ളിക്കളഞ്ഞു.

പിന്നീട് 1803ൽ നോർ അബേർ ആബി എന്ന ലോകപ്രശസ്ത നോവൽ പ്രസിദ്ധീകരിച്ചെങ്കിലും വലിയ സ്വീകാര്യത ലഭിച്ചിരുന്നില്ല. 1811ൽ സെൻസ് ആൻഡ് സെൻസിബിലിറ്റി പ്രസിദ്ധീകരിക്കുകയും, അത് വൻ വിജയമാവുകയും ചെയ്തതോടെയാണ് അതുവരെ ഓസ്റ്റിന്റേതായി പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ പ്രശസ്തമാകുന്നത്. 

സ്ത്രീകളുടെ വേഷങ്ങൾ പുരുഷന്മാർ നിയന്ത്രിച്ചിരുന്ന, സ്വത്വം വെളിപ്പെടുത്തിയ സ്ത്രീ എഴുത്തുകാർക്കെതിരെ വിമർശനങ്ങളും കുത്തുവാക്കുകളും ഉയർന്ന കാലത്ത് സ്വന്തം പേര് വെളിപ്പെടുത്താതെയായിരുന്നു ഓസ്റ്റീൻ നോവലുകൾ പ്രസിദ്ധീകരിച്ചിരുന്നത്. സെൻസ് ആൻഡ് സെൻസിബിലിറ്റി വരെയുള്ള നോവലുകളിൽ ‘ഒരു സ്ത്രീ എഴുതിയത്’ എന്ന് മാത്രമായിരുന്നു നൽകിയിരുന്നത്. പിന്നീട് ഈ പുസ്തകം കൂടുതൽ പ്രശസ്തി നേടാൻ തുടങ്ങിയപ്പോൾ ‘സെൻസ് ആൻഡ് സെൻസിബിലിറ്റിയുടെ കർത്താവിന്റേത്’ എന്നാക്കി മാറ്റി. ഒടുക്കം ഓസ്റ്റിന്റെ ചരമക്കുറിപ്പിലാണ് പുസ്തകങ്ങളുടെ പേര് പറഞ്ഞ് അവയുടെ രചയിതാവെന്ന് ഔദ്യോഗികമായി അറിയിച്ചത്. ജീവിച്ചിരുന്നപ്പോൾ ലഭിച്ചതിനേക്കാൾ അംഗീകാരങ്ങൾ അങ്ങനെ മരിച്ചതിനു ശേഷം അവർ ഏറ്റുവാങ്ങി. ഓസ്റ്റിന്റെ പല നോവലുകളും പല ഭാഷകളിലേക്ക് വിവർത്തനം ചെയ്യുകയും, എല്ലായിടങ്ങളിലും അവർക്ക് ആരാധകർ ഉണ്ടാവുകയും ചെയ്തു. 

ആദ്യകാലങ്ങളിൽ ഓസ്റ്റിൻ രചിച്ചിരുന്ന നോവലുകൾ പലതും ഉന്നതരുടെ ജീവിത സൗകര്യങ്ങളിൽ വേരൂന്നിയ കൃതികളായിരുന്നു. എന്നാൽ കഥാപാത്ര ഘടനയിലും തൊഴിലുകളോടും സമൂഹത്തിന്റെ വിവിധ തലങ്ങളോടുള്ള സമീപനത്തിലും അവരുടെ നോവലുകളിൽ പിന്നീട് വലിയ മാറ്റങ്ങളുണ്ടായി. റിയലിസ്റ്റിക് രീതിയിലുള്ള എഴുത്തുകളായിരുന്നു അവ ഓരോന്നും.

അവർ ജീവിച്ചിരുന്ന കാലത്തെ യാഥാർത്ഥ്യത്തിൽ നിന്ന് വളരെ അകലെയായിരുന്ന ഒരു എഴുത്തുകാരിയായിരുന്നു ജെയ്ൻ ഓസ്റ്റിനെന്ന് വിമർശനം നേരിടേണ്ടി വന്നിട്ടുണ്ട്. അന്ന് ബ്രിട്ടനിലുണ്ടായിരുന്ന യുദ്ധത്തിന്റെ അവസ്ഥയെയോ അല്ലെങ്കിൽ അതിവേഗം സംഭവിക്കുന്ന സാമൂഹികവും രാഷ്ട്രീയവുമായ മാറ്റങ്ങളെയോ ഓസ്റ്റിന്റെ എഴുത്തുകൾ പ്രതിഫലിപ്പിച്ചിരുന്നില്ല എന്നതായിരുന്നു ഇതിനു കാരണമായി പറഞ്ഞിരുന്നത്. എന്നാൽ അന്നത്തെ ഗാർഹിക ജീവിതത്തെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചും, വിശാലമായ രാഷ്ട്രീയ സാമൂഹിക വിഷയങ്ങളെക്കുറിച്ചും അവരുടെ അഭിപ്രായങ്ങളും വിശ്വാസങ്ങളും വ്യക്തമായി നോവലുകളിൽ പ്രതിപാദിച്ചിരുന്നു.

ജെയ്ൻ ഓസ്റ്റിന്റെ നോവലുകൾ ഇന്നും സ്ത്രീകളുടെയും പുരുഷന്മാരുടെയും ജീവിതത്തെ സ്വാധീനിക്കുന്നുവെന്ന് അംഗീകരിക്കുന്നുണ്ടെങ്കിലും, ഓസ്റ്റിന്റെ എഴുത്തുകൾ ഫെമിനിസ്റ്റ് ചിന്താഗതി ഉള്ളതായിരുന്നോ എന്ന ചോദ്യം അവരുടെ നോവലുകൾ വായിക്കുന്നിടത്തോളം കാലം വായനക്കാരും നിരൂപകരും ചർച്ച ചെയ്യുന്ന ഒന്നാണ്. അവളുടെ നോവലിലെ കഥാപാത്രങ്ങൾക്ക് ഇന്നത്തെ കാലത്തെ സ്ത്രീകളുടെയും പുരുഷന്മാരുടെയും ഫെമിനിസ്റ്റ് ആശയമല്ലായിരിക്കാം. പക്ഷേ ഫെമിനിസം ഒരു ചാലനാത്മക ആശയമാണെന്നിരിക്കെ ആ കാലഘട്ടത്തിൽ അവരുടെ കഥാപാത്രങ്ങളും എഴുത്തുക്കളുമെല്ലാം ഫെമിനിസ്റ്റ് ആശയം ഉൾക്കൊള്ളുന്നവയായിരുന്നു.

ലൈംഗികതയെയും വിവാഹത്തെയും കുറിച്ചുള്ള ആധുനിക കാഴ്ചപ്പാട് മൂലം പുതിയ വായനക്കാർക്ക് ഓസ്റ്റിനെ മനസ്സിലാക്കാൻ പലപ്പോഴും കഴിഞ്ഞിട്ടില്ല എന്നാണ് ചിലർ പറയുന്നത്. ഓസ്റ്റിന് അറിയാമായിരുന്ന വിവാഹം എന്നത് ഒരു സ്ത്രീ അവളുടെ പണം, ശരീരം, നിയമപരവും പ്രായപൂർത്തിയുമായ അവളുടെ നിലനിൽപ്പ് എന്നിവയെല്ലാം തന്റെ ഭർത്താവിന് നൽകുന്നതായിരുന്നു. ഭർത്താക്കന്മാർക്ക് അവരുടെ ഭാര്യമാരെ ദുരുപയോഗം ചെയ്യാനോ അവരെ തടവിലാക്കാനോ അല്ലെങ്കിൽ അവരുടെ കുട്ടികളെ കൊണ്ടുപോകാനോ പോലും നിയമത്തിന്റെ പരിധിക്കകത്ത് അന്ന് കഴിയുമായിരുന്നു. ഓസ്റ്റിന്റെ കാലത്തെ സ്ത്രീകളുടെ അവസ്ഥയും, വിവാഹവും എത്ര ഗൗരവമായ വിഷയമാണെന്ന് വായനക്കാർക്ക് മനസ്സിലാകുമ്പോഴാണ് അവരുടെ നോവലിന്റെ തീവ്രതയും മനസിലാവുക. ഓസ്റ്റിന്റേത് ഒരിക്കലും റൊമാന്റിക് നോവലുകൾ അല്ലായിരുന്നു. പക്ഷേ അവരുടെ പല നോവലുകളും ചലച്ചിത്രമാക്കി ആവിഷ്കരിച്ചപ്പോൾ ആ തലത്തിലായിരുന്നു ചിത്രീകരിച്ചത് എന്ന് മാത്രം.

സ്ത്രീകൾ നോവൽ എഴുതരുതെന്നും, പ്രസിദ്ധീകരിക്കരുതെന്നും സാമൂഹ്യ വിലക്കുകൾ ഉണ്ടായിരുന്ന, സ്ത്രീകൾ പുരുഷന്മാരുടെ തൂലികനാമത്തിൽ എഴുതിയിരുന്ന കാലത്ത്, ഓസ്റ്റിൻ എഴുതുന്നതും ‘എഴുത്തുകാരി’ എന്ന പേരിൽ പ്രസിദ്ധീകരിക്കുന്നതും പോലും ആത്യന്തികമായി ഫെമിനിസ്റ്റ് പ്രവൃത്തിയെ പ്രതിനിധീകരിക്കുന്നത് തന്നെയായിരുന്നു.

ഇതുകൂടാതെ അവരുടെ നോവലുകൾ സ്ത്രീകളെ കേന്ദ്രീകരിച്ചായിരുന്നു. അതിലെ സ്ത്രീ കഥാപാത്രങ്ങൾ അവർ കണ്ടെത്തിയ സാഹചര്യങ്ങളിൽ തങ്ങളാൽ കഴിയുന്നത് ചെയ്തു. അവർ സ്വന്തം സന്തോഷത്തിനും തിരഞ്ഞെടുക്കാനുള്ള അവകാശത്തിനും വേണ്ടി പോരാടി. ഓസ്റ്റിന്റെ കഥാപാത്രങ്ങളൊന്നും ഒരു സാമൂഹിക മാനദണ്ഡത്തെ വെല്ലുവിളിക്കാനും എതിർക്കാനുമുള്ള പ്രത്യക്ഷമായ ഫെമിനിസ്റ്റ് ആഗ്രഹം പ്രകടിപ്പിച്ചില്ലെങ്കിലും, ഓസ്റ്റിൻ തന്നെ അത് ചെയ്യുകയായിരുന്നു. വിവാഹം കഴിക്കേണ്ടെന്ന് തീരുമാനിക്കുകയും പകരം നോവലുകൾ എഴുതുകയും ചെയ്തുകൊണ്ട്, അവിവാഹിതരായ സ്ത്രീകൾക്ക് സ്വയം നിലനിൽപ്പില്ലെന്ന ധാരണയെ ഓസ്റ്റിൻ വെല്ലുവിളിച്ചു. ഇഗ്ലണ്ടിൽ നോവൽ പ്രസിദ്ധീകരിക്കുന്ന ആദ്യത്തെ എഴുത്തുകാരിയല്ല ഓസ്റ്റിൻ എങ്കിലും, നിരവധി സ്ത്രീ എഴുത്തുകാർക്ക് പ്രചോദനമാവാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. 

“ഓസ്റ്റിന്റെ നോവലുകൾക്ക് സാർവത്രിക ആകർഷണമുണ്ട്, അവ ആദ്യമായി പ്രസിദ്ധീകരിച്ചപ്പോൾ ഉള്ളത് പോലെത്തന്നെ ഇന്നും ശക്തമായി സംസാരിക്കുന്നവയാണ്” എന്ന് 2017 ൽ ഓസ്റ്റിന്റെ ഛായാചിത്രം പതിപ്പിച്ച 10 പൗണ്ട് ഇറക്കുമെന്ന് പ്രഖ്യാപിച്ച ശേഷം നോട്ട് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ബിബിസിയോട് പറഞ്ഞിരുന്നു. അത് ശരിവെയ്ക്കും വിധം ഇന്നും നിരവധി വായനകൾക്ക്, ചിന്തകൾക്ക് ജെയിൻ ഓസ്റ്റിനും അവരുടെ എഴുത്തുകളും വഴിവെയ്ക്കുന്നുണ്ട്.