Mon. Dec 23rd, 2024
പൊന്നാനി:

ആവശ്യം കഴിഞ്ഞപ്പോൾ അഗ്നിരക്ഷാ സേന കയ്യൊഴിഞ്ഞു. നാട്ടുകാർക്ക് ദുരിതമായി ജല സംഭരണ കേന്ദ്രങ്ങൾ. മാലിന്യം കെട്ടിക്കിടന്ന് പകർച്ചവ്യാധി ഭീഷണി ഉയർത്തുന്ന ഇടമായി മാതൃശിശു ആശുപത്രിക്കു സമീപത്തെ ജലസംഭരണ കേന്ദ്രം മാറി. ആധുനിക സംവിധാനങ്ങളെത്തുന്നതിനു മുൻപ് തീയണയ്ക്കാനുള്ള ജലം ശേഖരിച്ചു വച്ചിരുന്ന സംഭരണ കേന്ദ്രമാണ് മാലിന്യ കേന്ദ്രമായി മാറിയത്.

മാതൃശിശു ആശുപത്രി, ഡയാലിസിസ് സെന്റർ തുടങ്ങിയ ആരോഗ്യ കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന ഭാഗത്തുനിന്ന് ഏതാനും മീറ്റർ അകലെയാണ് ഈ മാലിന്യ കേന്ദ്രം. നഗരസഭയിൽ വികസന പദ്ധതികൾ പലതും സ്ഥലമില്ലാത്തത് കാരണം തഴയപ്പെടുമ്പോൾ കണ്ണായ സ്ഥലത്ത് സർക്കാർ ഭൂമി നാട്ടുകാർ‌ക്ക് ഉപദ്രവമായി മാറുന്ന അവസ്ഥയാണ്. നേരത്തേ പൊന്നാനിയിൽ 4 ഇടങ്ങളിൽ ഫയർ ഫോഴ്സിന് സംഭരണ കേന്ദ്രങ്ങളുണ്ടായിരുന്നു.

മാതൃശിശു ആശുപത്രിക്കു സമീപത്തുള്ള കേന്ദ്രത്തിനു പുറമേ പുതുപൊന്നാനി ബീവി ജാറം റോഡ്, മുക്കാടി, ബദർ പള്ളി റോഡ് എന്നിവിടങ്ങളിലും സംഭരണ കേന്ദ്രങ്ങളുണ്ടായിരുന്നു.
പല ഭാഗത്തും ഭൂമി കയ്യേറിപ്പോയതായി ആരോപണമുണ്ട്. ഓരോ കേന്ദ്രങ്ങളിലും ജലം സംഭരിച്ചു വയ്ക്കുന്ന കാലം കഴിഞ്ഞതോടെ അഗ്നിരക്ഷാ സേന ഈ കേന്ദ്രങ്ങളെ പൂർണമായി കയ്യൊഴിഞ്ഞു.

നഗരസഭയുടെയും അഗ്നിരക്ഷാ സേനയുടെയും കണക്കിൽ പെടാതെയാണ് ഭൂമി കിടക്കുന്നത്. ഇതിനാൽ അഗ്നിരക്ഷാ സേനയ്ക്കും നഗരസഭയ്ക്കും ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. ഭൂമി അളന്ന് തിട്ടപ്പെടുത്തി വികസന പദ്ധതികൾക്കായി ഉപയോഗിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.