നീലേശ്വരം:
വികസനത്തിന് വഴിയൊരുക്കാന്‍ സ്ഥലം സൗജന്യമായി വിട്ടുനല്‍കി കോട്ടപ്പുറം വൈകുണ്ഠ ക്ഷേത്ര കമ്മിറ്റി. മലബാറിലെ ടൂറിസം രംഗത്ത് ഏറെ ശ്രദ്ധയാകര്‍ഷിക്കാന്‍ പോകുന്ന ഹൗസ് ബോട്ട് ടെര്‍മിനലിലേക്കുള്ള റോഡിനായി സ്ഥലം വിട്ടുനല്‍കിയാണ് ക്ഷേത്ര കമ്മിറ്റി മാതൃകയായത്.
ഹൗസ്‌ബോട്ട് ടെര്‍മിനലിലേക്കും മാട്ടുമ്മലിലേക്കും കടന്നു പോകുന്ന റോഡില്‍ നിലവില്‍ അഞ്ചുമീറ്റര്‍ മാത്രമാണ് വീതി.
റോഡിന് വീതിയില്ലാത്തത് വലിയ ഗതാഗതക്കുരുക്കിന് വഴിയൊരുക്കുമെന്ന് മനസ്സിലാക്കിയതോടെയാണ് അധികൃതര്‍ ക്ഷേത്രം ഭാരവാഹികളെ സമീപിച്ചത്. ഇതേത്തുടര്‍ന്ന് ക്ഷേത്രം ഭാരവാഹികള്‍ അടിയന്തരമായി യോഗം ചേരുകയും മതില്‍ പൊളിച്ചുമാറ്റി സ്ഥലംവിട്ടുകൊടുക്കാന്‍ സമ്മതിക്കുകയുമായിരുന്നു.
സ്ഥലം വിട്ടുനല്‍കാന്‍ ക്ഷേത്ര കമ്മിറ്റിയും നാട്ടുകാരും ഒരുമിച്ചുതന്നെ തീരുമാനമെടുക്കുകയായിരുന്നെന്ന് ക്ഷേത്രം ഭാരവാഹി സുധാകരന്‍ പറഞ്ഞു. എട്ടുമീറ്റര്‍ വീതിയില്‍ 200 മീറ്ററോളം സ്ഥലമാണ് ക്ഷേത്രം വിട്ടുനല്‍കിയത്. കോട്ടപ്പുറം വൈകുണ്ഠക്ഷേത്രം ഭാരവാഹികളുടെ മാതൃകാപ്രവര്‍ത്തനത്തെ അഭിനന്ദിക്കുന്നുവെന്ന് നീലേശ്വരം നഗരസഭ വൈസ് ചെയര്‍മാന്‍ പിപി മുഹമ്മദ് റാഫി പറഞ്ഞു.