Fri. May 3rd, 2024
കിയവ്:

റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന് പിന്നാലെ റസ്റ്ററന്റിന്റെ ബേസ്മെന്റ് അഭയകേന്ദ്രമാക്കി ഇന്ത്യക്കാരൻ. കിയവ് നഗരത്തിലെ ​’സാത്തിയ’ റസ്റ്ററന്റാണ് യുദ്ധത്തിൽ ദുരിതമനുഭവിക്കുന്നവർക്കുള്ള അഭയകേന്ദ്രമായത്. ഗുജറാത്തിൽ നിന്നുള്ള മനീഷ് ദവെയാണ് റസ്റ്ററന്റിന്റെ ഉടമ.

ഇവിടെ അഭയം തേടിയെത്തിയ 130ഓളം പേർക്ക് ദവെ സൗജന്യമായി ഭക്ഷണവും നൽകുന്നുണ്ട്. കഴിയുന്നടുത്തോളം കാലം താൻ ഇത് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

തന്റെ റസ്റ്ററന്റ് അഭയകേന്ദ്രമാക്കിയെന്ന് കാണിച്ച് ദവെ ടെലഗ്രാമിൽ മെസേജും പോസ്റ്റ് ചെയ്തിരുന്നു. ഇന്ത്യയിൽ നിന്നോ മറ്റു രാജ്യങ്ങളിൽ നിന്നുള്ളവർക്ക് തന്റെ റസ്റ്ററന്റിലേക്ക് എത്താമെന്ന് അദ്ദേഹം ടെലിഗ്രാം സന്ദേശത്തിൽ പറഞ്ഞു. സുരക്ഷിയില്ലാത്ത സ്ഥലങ്ങളിൽ കഴിയുന്നവർക്ക് റസ്റ്ററന്റിലെത്താം. ഇവിടെ താമസിക്കുന്നവർക്ക് ഭക്ഷണം സൗജന്യമായി നൽകുമെന്നും ദവെ വ്യക്തമാക്കുന്നു.

2021ലാണ് ദവെ റസ്റ്ററന്റ് തുടങ്ങാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ഈ ജനുവരിയിലാണ് റസ്റ്ററന്റ് തുടങ്ങിയത്. എന്നാൽ, അപ്രതീക്ഷിതമായെത്തിയ യുദ്ധം ദവെയുടെ കണക്കുകൂട്ടലുകളെ തെറ്റിക്കുകയായിരുന്നു.