മലമ്പുഴ:
ആ പക്ഷിയുടെ ദേശാടനം ഇവിടെ മലമ്പുഴ ഡാമിൽ അവസാനിച്ചു. മനുഷ്യൻ വലയെറിഞ്ഞു കുരുക്കിയത് അതിന്റെ ജീവനാണ്. മലമ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ആരോ ഉപേക്ഷിച്ച വലയിൽ കുടുങ്ങി ചിറകുവിടർത്താൻ പോലുമാകാതെയാണ് അന്ത്യം.
ഏതോ ദേശത്തു നിന്നെത്തിയ ചേരക്കൊക്കൻ പക്ഷിയാണു ചത്തത്. രക്ഷിക്കാനെന്നോണം മറ്റൊരു പക്ഷി വല കൊത്തിമുറിക്കാൻ ശ്രമിക്കുന്ന കാഴ്ച വേദനയുണ്ടാക്കിയതായി പക്ഷിനിരീക്ഷകരുടെ കൂട്ടായ്മയായ നാച്വറൽ ഹിസ്റ്ററി സൊസൈറ്റി ഓഫ് പാലക്കാട് അംഗങ്ങൾ പറഞ്ഞു. ഇവരാണു മലമ്പുഴ ചേമ്പനയിൽ വലയിൽ കുടുങ്ങിയ പക്ഷിയെ കണ്ടത്.
അപ്പോഴും ജീവൻ ബാക്കിയുണ്ടായിരുന്നു. പക്ഷേ, രക്ഷിക്കാനായില്ലെന്നു സെക്രട്ടറി വി പ്രവീൺ പറഞ്ഞു. വേനൽകാലത്ത് മലമ്പുഴ ഡാമിലേക്ക് ഒട്ടേറെ ദേശാടനപ്പക്ഷികൾ എത്താറുണ്ട്. പലതും ആയിരക്കണക്കിനു കിലോമീറ്ററുകൾക്ക് അപ്പുറത്തു നിന്ന്.
ഏപ്രിൽ വരെ അവ ഇവിടെ തുടരും. ശേഷം അടുത്ത നാട്ടിലേക്കു പറക്കും. ഡാമിന്റെ കരയിൽ വലയും പ്ലാസ്റ്റിക്കും ഉൾപ്പെടെ ഉപേക്ഷിച്ചു പോകുന്നത് പക്ഷികൾക്കും ചെറിയ മൃഗങ്ങൾക്കും ജീവനു ഭീഷണിയാണെന്നു വനംവകുപ്പ് അധികൃതർ പറയുന്നു.
കഴിഞ്ഞ ദിവസം ഡാമിൽ മേയുന്ന പശുവിന്റെ വായിൽ വല കുടുങ്ങി. പശുവിന്റെ ഉടമ കണ്ടതിനാൽ രക്ഷിക്കാനായി.