Wed. Dec 18th, 2024
കാലടി:

അഞ്ചാംക്ലാസ്‌ വിദ്യാർത്ഥിയുടെ അവസരോചിത ഇടപെടലിൽ സഹപാഠികൾ അപകടത്തിൽനിന്ന്‌ രക്ഷപ്പെട്ടത്‌ തലനാരിഴയ്‌ക്ക്‌. ശ്രീമൂലനഗരം അകവൂർ സ്‌കൂളിലെ ബസാണ്‌ തിങ്കൾ വൈകിട്ട്‌ അപകടത്തിൽനിന്ന്‌ രക്ഷപ്പെട്ടത്‌. ഡ്രൈവർ ഇല്ലാത്തസമയത്ത് നീങ്ങിയ ബസ്‌ അഞ്ചാംക്ലാസ്‌ വിദ്യാർത്ഥി ആദിത്യൻ ബ്രേക്ക്‌ ചവിട്ടി നിർത്തുകയായിരുന്നു.

ആദിത്യനുൾപ്പെടെ വിദ്യാർത്ഥികൾ സ്‌കൂൾ വിട്ട് വീട്ടിലേക്ക് പോകാനായി ബസിൽ കയറിയിരിക്കുകയായിരുന്നു. ഇറക്കത്തിലായിരുന്നു ബസ് പാർക്ക് ചെയ്തിരുന്നത്. ചായ കുടിക്കാൻ പോയ ഡ്രൈവർ തിരിച്ചെത്തുംമുമ്പ്‌ ബസ്‌ നീങ്ങിത്തുടങ്ങി.

ബസിലെ കുട്ടികൾ കരച്ചിലും ബഹളവുമായി. ഡ്രൈവർസീറ്റിന്‌ എതിർവശത്ത്‌ ഇരുന്ന ആദിത്യൻ വേഗം ഡ്രൈവർസീറ്റിലെത്തി ബ്രേക്ക്‌ ചവിട്ടി വാഹനം നിർത്തി. സ്കൂൾ അധികൃതരും നാട്ടുകാരും ചേർന്ന് ആദിത്യനെ അനുമോദിച്ചു.

വെൽഡിങ്‌ ജോലി ചെയ്യുന്ന ശ്രീമൂലനഗരം ശ്രീഭൂതപുരം വാരിശേരി രാജേഷിന്റെയും മീരജയുടെയും മകനാണ്‌ ആദിത്യൻ. മീരജയുടെ സഹോദരൻ സജീഷ്‌ ടിപ്പർ ലോറി ഡ്രൈവറാണ്‌. അവധി ദിവസങ്ങളിൽ ലോറി കഴുകാനും മറ്റുമായി സജീഷിനൊപ്പം പോകാറുള്ള ആദിത്യൻ ആ പരിചയംവച്ചാണ്‌ ബസ്‌ ബ്രേക്കിട്ട്‌ നിർത്തിയത്‌.