Thu. Dec 19th, 2024

 

രീരത്തിനു പ്രവർത്തിക്കാനാവശ്യമായ ഭക്ഷണത്തിൽ നിന്നും ലഭിക്കുന്ന ഊർജത്തിന്റെ അളവാണ് കലോറി. ശരാശരി ഒരാൾക്ക് 2000 കലോറി ഊർജം പ്രതിദിനം വേണമെന്നാണ് കണക്ക്.

സ്ട്രെസ് ടെസ്റ്റിന് (stress test) വന്നിരിക്കുന്ന ക്രിസ്റ്റീനയ്ക്ക് ഹെർമൻ പോണ്ട്സർ വാക്കാലുള്ള ഒരു ഗണിത ക്രിയ കൊടുത്തു. 

പൂജ്യത്തിലെത്തുന്നത് വരെ 1022 എന്ന നമ്പറിൽ നിന്നും 13 കുറയ്ക്കുക. ഒരിക്കൽ തെറ്റിയാൽ വീണ്ടും ആദ്യം മുതൽ തുടങ്ങുക.

ക്രിസ്റ്റീന എണ്ണാൻ തുടങ്ങുമ്പോൾ പോണ്ട്സർ ഇടയ്ക്കു കയറി അവളെ സമ്മർദ്ദത്തിലാക്കാൻ ശ്രമിക്കും. വീണ്ടുമവൾ തുടങ്ങുമ്പോൾ ഇത് തന്നെ ആവർത്തിക്കും. പിന്നീട് അവളോട് ഉച്ചത്തിൽ 505 നെ 117 കൊണ്ട് ഗുണിക്കാൻ ആവശ്യപ്പെട്ടു. അത് കഴിഞ്ഞ് ഏറ്റവും ഇഷ്ടപ്പെടുന്ന ജോലി എന്താണ്, ബിരുദാനന്തരം കഴിഞ്ഞ് എന്താണ് ചെയ്യാൻ പോകുന്നത്, തുടങ്ങി ഒരു വിദ്യാർത്ഥിയെ സമ്മർദ്ദത്തിലാക്കുന്ന നിരവധി ചോദ്യങ്ങൾ അദ്ദേഹം ചോദിച്ചു. 

ജീവിതത്തിന്റെ സാമ്പത്തിക ശാസ്ത്രത്തിൽ, കലോറിയാണ് കറൻസി

ഇതിനിടയിലെല്ലാം പോസ്റ്റ്ഡോക് സെയ്ൻ സ്വാൻസണും അണ്ടർഗ്രേഡ് ഗബ്രിയേൽ ബട്ട്ലറും അവളുടെ ഹൃദയമിടിപ്പ് നിരീക്ഷിക്കുകയും, അവൾ എത്രമാത്രം കാർബൺ ഡൈ ഓക്സൈഡ് പുറത്തേക്ക് വിടുന്നു എന്ന് നോക്കുകയുമായിരുന്നു. അതിലൂടെ ഗണിത ഉത്കണ്ഠയെ നേരിടുമ്പോൾ ക്രിസ്റ്റീന എത്രമാത്രം ഊർജ്ജം വിനിയോഗിച്ചുവെന്ന് അവർ കണ്ടെത്തുകയായിരുന്നു. 

(C) New Scientist

മറ്റൊരു ദിവസം, വ്യായാമം ചെയ്യുമ്പോഴോ സമ്മർദ്ദത്തിലായിരിക്കുമ്പോഴോ വാക്‌സിനോടുള്ള പ്രതിരോധ പ്രതികരണം വർദ്ധിപ്പിക്കുമ്പോഴോ ആളുകൾ എത്രമാത്രം ഊർജം ചെലവഴിക്കുന്നുവെന്ന് ഇതുപോലെ പോണ്ട്സറും വിദ്യാർത്ഥികളും കണ്ടെത്തിയിരുന്നു. 

തന്റെ 44-ാം വയസ്സിൽ, ബയോളജിക്കൽ നരവംശശാസ്ത്രജ്ഞനെന്ന നിലയിൽ പോണ്ട്‌സർ കലോറി എണ്ണുകയാണ്. വലിയ കുരങ്ങുകൾക്കിടയിൽ മനുഷ്യനു മാത്രം വലിയ തലച്ചോറുകളും നീണ്ട ബാല്യങ്ങളും, കുട്ടികളും, ദീർഘായുസുമൊക്കെ എങ്ങനെ നേടാനായെന്ന് കണ്ടെത്തുകയായിരുന്നു അയാളുടെ ലക്ഷ്യം. 

പൊണ്ണത്തടിയെക്കുറിച്ച് പഠിക്കുന്ന ഫിസിയോളജിസ്റ്റുകൾ വികസിപ്പിച്ച ഒരു രീതിയനുസരിച്ച്, മൃഗങ്ങളും ജീവിതത്തിന്റെ വിവിധ തലങ്ങളിലുള്ള ആളുകളും പ്രതിദിനം ഉപയോഗിക്കുന്ന മൊത്തം ഊർജ്ജം പോണ്ട്‌സറും സഹപ്രവർത്തകരും അളന്നു. ഇതുപ്രകാരം ശരാശരിയിലും കൂടുതലുള്ള ഊർജ്ജം കത്തിക്കാൻ വ്യായാമം നിങ്ങളെ സഹായിക്കുന്നില്ല എന്നാണവർ കണ്ടെത്തിയത്. ഉദാഹരണത്തിന് ആഫ്രിക്കയിൽ സജീവമായി വേട്ടയാടുന്നവർ ഇല്ലിനോയിസിലെ ഉദാസീനമായ ഓഫീസ് ജോലിക്കാരെക്കാൾ കൂടുതൽ ഊർജ്ജം ദിവസവും ചെലവഴിക്കുന്നില്ലെന്ന്. എന്നാൽ പോണ്ട്‌സറിന്റെ ഈ കണ്ടെത്തൽ സൂക്ഷമത ഇല്ലാത്തതാണെന്ന് കൻസാസ് യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിലെ വ്യായാമ ഫിസിയോളജിസ്റ്റ് ജോൺ തൈഫോൾട്ട് പറഞ്ഞിട്ടുണ്ട്. അനാരോഗ്യ ശീലങ്ങളിലേക്ക് ഇത് ഡയറ്റ് എടുക്കുന്നവരെ തള്ളിവിടുമെന്നാണ് അദ്ദേഹത്തിന്റെ വാദം. 

എന്നാൽ മറ്റു ചിലർ പറയുന്നത് മനുഷ്യന്റെ ഊർജ്ജ ചെലവുകളെക്കുറിച്ചുള്ള മിഥ്യാധാരണകൾ ഇല്ലാതാക്കുന്നതിനൊപ്പം, പോണ്ട്‌സറിന്റെ കണ്ടെത്തൽ മനുഷ്യ ശരീരശാസ്ത്രവും പരിണാമവും മനസ്സിലാക്കുന്നതിനുള്ള പുതിയ ലെൻസാകുമെന്നാണ്. അദ്ദേഹത്തിന്റെ പുസ്തകത്തിൽ എഴുതിയത് പോലെ ‘ജീവിതത്തിന്റെ സാമ്പത്തിക ശാസ്ത്രത്തിൽ, കലോറിയാണ് കറൻസി’.

രണ്ട് ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപകരുടെ മകനായ പോണ്ട്സർ, പെൻസിൽവാനിയയിലെ കെർസി എന്ന ചെറുപട്ടണത്തിനടുത്തുള്ള അപ്പലാച്ചിയൻ കുന്നുകളിലെ 40 ഹെക്ടർ വനത്തിലാണ് വളർന്നത്. അവരുടെ വീട് പണിയാൻ സഹായിച്ച അവന്റെ അച്ഛൻ, കാര്യങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്നും അവ ശരിയാക്കാമെന്നും ജിജ്ഞാസയുള്ളവനായിരിക്കാൻ പോണ്ട്‌സറിനെ പഠിപ്പിച്ചു. പോണ്ട്‌സറിന്റെ പതിനഞ്ചാം വയസിൽ അച്ഛൻ മരിച്ചപ്പോൾ സ്വയം പര്യാപ്തതയുടെ ആ പാഠങ്ങൾ അവനെ ശക്തനാക്കി. ഇതോടൊപ്പം കസിൻ പഠിപ്പിച്ചു തന്ന മലകയറ്റം, ധൈര്യവാനും സംഘടിതവുമാകാൻ അവനെ പഠിപ്പിച്ചു. ഈ വൈദഗ്ദ്ധ്യം പിന്നീട് തന്നെ ബുദ്ധിപരമായ അപകടസാധ്യതകൾ ഏറ്റെടുക്കാൻ സഹായിച്ചുവെന്നും അദ്ദേഹം പറയുന്നുണ്ട്. “നിങ്ങൾക്ക് ഒരു മോശം അനുഭവം ഉണ്ടാവുകയും ജീവിതം നിങ്ങളുടെ ട്രാക്കിൽ നിന്ന് നിങ്ങളെ പറിച്ചെടുക്കുകയും ചെയ്യുന്നത് ഭയപ്പെടുത്തുന്ന കാര്യമാണ്. എന്നാലും നിങ്ങൾ മുന്നോട്ട് പോകേണ്ടതുണ്ട്, പുതിയ കാര്യങ്ങളെ ഭയപ്പെടരുതെന്ന് അത് നിങ്ങളെ പഠിപ്പിക്കും,” പോണ്ട്സർ പറയുന്നു

പെൻസിൽവാനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ ചേർന്ന്, അച്ഛന്റെ പാതയിൽ പോകാനിരുന്ന പോണ്ട്സർ, അന്തരിച്ച പ്രശസ്ത പാലിയോ ആന്ത്രോപ്പോളജിസ്റ്റ് അലൻ വാക്കറിനൊപ്പം പ്രവർത്തിച്ചതാണ് വഴിത്തിരിവായത്. ഹാർവാർഡ് സർവകലാശാലയിൽ അപേക്ഷിച്ചില്ലെങ്കിൽ താനൊരു വിഡ്ഢിയാണെന്ന് വാക്കർ പറഞ്ഞതോടെയാണ് പോണ്ട്സർ ഹാർവാർഡിലെത്തിയത്. 

2000-കളുടെ തുടക്കത്തിൽ, ഒരു വ്യക്തിയുടെ 37 ട്രില്യൺ കോശങ്ങൾ 24 മണിക്കൂറിനുള്ളിൽ കത്തിച്ചുകളയുന്ന കിലോ കലോറികളുടെ എണ്ണമായ മനുഷ്യന്റെ മൊത്തം ഊർജച്ചെലവിനെക്കുറിച്ച് (TEE) ശാസ്ത്രജ്ഞർക്ക് കാര്യമായ അറിവുണ്ടായിരുന്നില്ല. എന്നാൽ വിശ്രമവേളയിൽ നമ്മുടെ ശരീരം ശ്വസനത്തിനും രക്തചംക്രമണത്തിനും മറ്റ് സുപ്രധാന പ്രവർത്തനങ്ങൾക്കും ഉപയോഗിക്കുന്ന ഊർജ്ജം ഉൾപ്പെടുന്ന അടിസ്ഥാന ഉപാപചയ നിരക്ക് (BMR) ഗവേഷകർ അളന്നിരുന്നു. സസ്തനികൾക്കിടയിൽ ശരീര വലുപ്പത്തിനനുസരിച്ച് BMR ഏതാണ്ട് സമാനമാണെന്നായിരുന്നു കണ്ടെത്തൽ. 

മറ്റുള്ളവയെ അപേക്ഷിച്ച് മനുഷ്യർക്ക് അധിക ഊർജ്ജ ചെലവ് ഉണ്ട്. നമ്മുടെ വലിയ മസ്തിഷ്കം, ഇത് പ്രതിദിനം നമ്മുടെ ഊർജ്ജ ഉപയോഗത്തിന്റെ 20% വരും. ചെറിയ കുടലുകളും മറ്റ് അവയവങ്ങളും പരിണമിച്ചുകൊണ്ട് നമ്മുടെ പൂർവ്വികർ ആ വിലകൂടിയ മസ്തിഷ്കത്തിന് നഷ്ടപരിഹാരം നൽകിയെന്ന് എയ്ല്ലോ നിർദ്ദേശിച്ചു . കൂടുതൽ കാര്യക്ഷമമായി നടക്കാനും ഓടാനും പരിണമിച്ചാണ് മനുഷ്യർ ഊർജം ലാഭിച്ചതെന്ന് മറ്റുള്ളവർ കരുതി. ഈ ആശയങ്ങൾ വെച്ച് പരീക്ഷണങ്ങൾ നടത്താൻ പോണ്ട്സർ തീരുമാനിച്ചെങ്കിലും പ്രൈമേറ്റുകൾ ചലിക്കുമ്പോൾ എത്രമാത്രം മൊത്തം ഊർജ്ജം ഉപയോഗിക്കുന്നു എന്ന് ആർക്കും അറിയാത്തതിനാലും, ശരീരഘടനയിലെ വ്യത്യാസങ്ങൾ അല്ലെങ്കിൽ അവയവങ്ങളുടെ വലുപ്പത്തിലുള്ള ട്രേഡ്-ഓഫുകൾ ഊർജ്ജ ഉപയോഗത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നറിയാത്തതിനാലും ശ്രമം ഉപേക്ഷിച്ചു. പകരം സാധാരണ ദിവസങ്ങളിൽ നടക്കുകയും ഓടുകയും ചെയ്യുന്ന മനുഷ്യരും മൃഗങ്ങളും ചെലവഴിക്കുന്ന കലോറി അളന്ന് അടിസ്ഥാനകാര്യങ്ങളിലേക്ക് മടങ്ങുകയാണ് വേണ്ടതെന്ന് അദ്ദേഹം മനസ്സിലാക്കി.

ഭക്ഷണത്തിൽ നിന്ന് പഞ്ചസാരയെ ഊർജ്ജമാക്കി മാറ്റാൻ സസ്തനികൾ ഓക്സിജൻ ഉപയോഗിക്കാറുണ്ട്, അവിടെ CO2 ഒരു ഉപോൽപ്പന്നമാവും. ഒരു സസ്തനി കൂടുതൽ CO2 പുറന്തള്ളുന്നു എന്നാൽ കൂടുതൽ ഓക്സിജനും കലോറിയും വിനിയോഗിക്കുന്നു എന്നാണർത്ഥം. പോണ്ട്സറിന്റെ പിഎച്ച്.ഡി. പ്രബന്ധത്തിൽ, ഇതടിസ്ഥാനമാക്കി ഓടുമ്പോഴും നടക്കുമ്പോഴും നായ്ക്കളും ആടുകളും എത്രമാത്രം CO2 പുറന്തള്ളുന്നുവെന്ന് പോണ്ട്സർ അളന്നു. നീളമുള്ള കാലുകളുള്ള നായ്ക്കൾ ഓടാൻ കോർഗിസിനേക്കാൾ (കുറുക്കന്റേതു പോലുള്ള തലയും നീളം കുറഞ്ഞ കാലുകളുമുള്ള ഒരു തരം നായ) കുറച്ച് ഊർജ്ജം മാത്രമേ ഉപയോഗിക്കുന്നുള്ളൂവെന്ന് അദ്ദേഹം കണ്ടെത്തി. കാലക്രമേണ, “മനുഷ്യർ, നായ്ക്കൾ, ആട് എന്നിവയിൽ നടക്കുന്നതിനും ഓടുന്നതിനും ചെലവഴിക്കുന്ന ഊർജം അളക്കാൻ ആരംഭിച്ച പദ്ധതി, ഊർജ്ജ ചെലവുകൾ അളക്കുന്നതിനുള്ള ഒരുതരം പ്രൊഫഷണൽ അഭിനിവേശമായി വളർന്നു.” ക്രിസ്റ്റീനയുടെ സ്‌ട്രെസ് ടെസ്റ്റിൽ ചെയ്‌തതുപോലെ, ഒരു പ്രത്യേക പ്രവർത്തനത്തിൽ എരിയുന്ന കലോറി കണ്ടെത്തുന്നതിന് പോണ്ട്‌സർ ഇപ്പോഴും പുറന്തള്ളുന്ന CO2 അളക്കുകയാണ്. 

മാഡിസണിലെ വിസ്കോൺസിൻ സർവകലാശാലയിലെ ഫിസിയോളജിസ്റ്റ് ഡെയ്ൽ സ്കോളർ TEE അളക്കുന്നതിനുള്ള ഒരു മികച്ച മാർഗം ഇതിനിടെ വികസിപ്പിച്ചെടുത്തു. ഹൈഡ്രജന്റെയും ഓക്‌സിജന്റെയും പ്രത്യേകമായ ഐസോടോപ്പുകളുള്ള വെള്ളത്തിന്റെ ഒരു കോക്‌ടെയിൽ ആളുകൾ കുടിക്കുന്നു. തുടർന്ന് ഗവേഷകർ 1 ആഴ്ചയിൽ പല തവണ അവരുടെ മൂത്രം സാമ്പിൾ ചെയ്യുന്നു. ലേബൽ ചെയ്തിരിക്കുന്ന ഹൈഡ്രജൻ ശരീരത്തിലൂടെ മൂത്രം, വിയർപ്പ്, മറ്റ് ദ്രാവകങ്ങൾ എന്നിവയിലൂടെ പുറന്തള്ളപ്പെടുന്നു. പക്ഷെ ഒരു വ്യക്തി കലോറി വിനിയോഗിക്കുന്നതിനാൽ ലേബൽ ചെയ്തിരിക്കുന്ന ഓക്സിജന്റെ ചിലത് CO2 ആയും പുറന്തള്ളപ്പെടുന്നു. അതിനാൽ മൂത്രത്തിൽ ലേബൽ ചെയ്‌ത ഹൈഡ്രജനും ലേബൽ ചെയ്‌ത ഓക്‌സിജനും തമ്മിലുള്ള അനുപാതം വഴി, ഒരു വ്യക്തിയുടെ കോശങ്ങൾ ഒരു ദിവസം ശരാശരി എത്ര ഓക്‌സിജൻ ഉപയോഗിക്കുന്നുവെന്നും, അതുവഴി എത്ര കലോറി വിനിയോഗിച്ചും എന്ന് കണ്ടെത്താനാവുന്നു. മൊത്തം ഊർജ്ജ ഉപയോഗം കണ്ടെത്താനുള്ള ഗുണനിലവാരമുള്ള രീതിയാണിതെങ്കിലും, ഒരു ടെസ്റ്റിന് $600 ചിലവാകും, ഇത് മിക്ക പരിണാമ ജീവശാസ്ത്രജ്ഞർക്കും താങ്ങാനാവുന്നതല്ല.

2008-ൽ, വെന്നർ ഗ്രെനിന്റെ സഹകരണത്തോടെ നാല് ഒറാങ്ങുട്ടാനുകളിലാണ് പോണ്ട്സർ ഈ രീതി ഉപയോഗിച്ച് പഠനം നടത്തിയത്. ഒറാങ്ങുട്ടാനുകളുടെ വായിലേക്ക് ഐസോടോപ്പ് ചേർത്ത പഞ്ചസാര രഹിത ഐസ് ചായ ഒഴിച്ച ശേഷം അവയുടെ മൂത്രസാമ്പിളുകൾ ശേഖരിച്ച് പരിശോധിച്ചപ്പോൾ ഒറംഗുട്ടാനുകൾ അവരുടെ വലിപ്പമുള്ള ഒരു സസ്തനിക്ക് പ്രതീക്ഷിച്ച ഊർജത്തിന്റെ മൂന്നിലൊന്ന് വിനിയോഗിച്ചതായി കണ്ടെത്തി. 113 കിലോഗ്രാം ഉള്ള ഒരാൾ സാധാരണയായി 3300 കിലോ വിനിയോഗിക്കുമ്പോൾ ഒറാങ്ങുകൾ പ്രതിദിനം 2050 കിലോ കലോറി മാത്രമാണ് വിനിയോഗിച്ചത്. പണ്ട് ദീർഘകാല ഭക്ഷ്യക്ഷാമം അനുഭവിക്കുകയും പ്രതിദിനം കുറച്ച് കലോറിയിൽ അതിജീവിക്കാൻ പരിണമിക്കുകയും ചെയ്തതിനാൽ ഇവർ കുരങ്ങുകളുടെ കുടുംബവൃക്ഷത്തിലെ മടിയന്മാരായെന്ന് പോണ്ട്സർ പറയുന്നു. 

അടിമത്തത്തിലും വന്യജീവി സങ്കേതങ്ങളിലും ഉള്ള കുരങ്ങുകളിൽ നടത്തിയ ഇരട്ടി ലേബൽ ചെയ്ത ജലപഠനങ്ങളിലൂടെ ശരീരഭാരവുമായി ക്രമീകരിക്കുമ്പോൾ സസ്തനികൾക്കെല്ലാം സമാനമായ ഉപാപചയ നിരക്കാണെന്ന വീക്ഷണം തെറ്റാണെന്ന് കണ്ടെത്തി. കുരങ്ങുകളിൽ മനുഷ്യൻ ഏറ്റവും ചെറുതാണെങ്കിലും, ശരീരഭാരം ക്രമീകരിക്കുമ്പോൾ, ചിമ്പുകൾ, ബോണോബോസ് എന്നിവയേക്കാൾ 20% വും ഗൊറില്ലകളേക്കാൾ 40% വും, ഒറംഗുട്ടാനുകളേക്കാൾ 60% വും കൂടുതൽ ഊർജ്ജം നമ്മൾ വിനിയോഗിക്കുന്നതായി ‘നേച്ചറിൽ’ പോണ്ട്സറും സഹപ്രവർത്തകരും 2016 -ൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

ഇതേപോലെ, പുരുഷന്മാർ മറ്റ് ആൺകുരങ്ങുകളെ അപേക്ഷിച്ച് ഇരട്ടി കൊഴുപ്പും സ്ത്രീകൾ മറ്റ് പെൺകുരങ്ങുകളെ അപേക്ഷിച്ച് മൂന്നിരട്ടിയും കൊഴുപ്പും ശേഖരിക്കുന്നു. നമ്മുടെ ഭാരമേറിയ ശരീരത്തിലെ കൊഴുപ്പ് നമ്മുടെ വേഗത്തിലുള്ള ഉപാപചയ നിരക്കിനൊപ്പം പരിണമിച്ചതായാണ് പോണ്ട്സർ കരുതുന്നത്. മെലിഞ്ഞ ടിഷ്യുവിനേക്കാൾ കുറഞ്ഞ ഊർജ്ജം കൊഴുപ്പ് വിനിയോഗിക്കുകയും കൂടുതൽ ഊർജ ശേഖരം നൽകുകയും ചെയ്യുന്നു. മറ്റ് കുരങ്ങുകളെ അപേക്ഷിച്ച് കൊഴുപ്പിന്റെയും ഭക്ഷണത്തിന്റെയും ശേഖരത്തെ വേഗത്തിൽ ഊർജമാക്കി മാറ്റാനുള്ള നമ്മുടെ കഴിവ് മൂലം എല്ലാ ദിവസവും കൂടുതൽ ഊർജം ലഭിക്കുന്നു. 

നവജാതശിശുക്കൾക്ക് അവരുടെ ഗർഭിണികളായ അമ്മമാരുടെ അതേ ഉപാപചയ നിരക്ക് ഉണ്ട്, ഇത് ശരീരത്തിന്റെ വലുപ്പത്തിനനുസരിച്ച് ക്രമീകരിക്കുമ്പോൾ മറ്റ് സ്ത്രീകളിൽ നിന്ന് വ്യത്യസ്തമല്ല. എന്നാൽ 9-നും 15-നും ഇടയിൽ പ്രായമുള്ള കുട്ടികൾ, ശരീരത്തിന്റെ വലിപ്പവും കൊഴുപ്പും ക്രമീകരിക്കുമ്പോൾ മുതിർന്നവരേക്കാൾ 50% കൂടുതൽ ഊർജ്ജം ഒരു ദിവസം ചെലവഴിക്കുന്നു.

പെരുമാറ്റത്തിലെയും ശരീരഘടനയിലെയും മനുഷ്യ സ്വഭാവവിശേഷങ്ങൾ വേഗത്തിലുള്ള മെറ്റബോളിസങ്ങൾ നിലനിർത്താൻ സഹായിക്കുമെന്ന് പോണ്ട്സർ കരുതി. 2010-ൽ ഹഡ്‌സ വേട്ടക്കാരുടെ ഊർജ ബജറ്റ് പഠിക്കാൻ ടാൻസാനിയയിലേക്ക് പോയപ്പോൾ, ഭക്ഷണം പങ്കിടുന്നതിന്റെ മൂല്യത്തെക്കുറിച്ച് പോണ്ട്‌സർ ഒരു പാഠം പഠിച്ചു. അവർ ഇപ്പോഴും ഭക്ഷണങ്ങൾ പങ്കിട്ടു കൊണ്ടിരുന്നു, ഇതവരെ കൂടുതൽ സജീവമായിരിക്കാൻ സഹായിച്ചു. അവർ വേട്ടയാടുകയും ഭക്ഷണം കണ്ടെത്തുകയും ചെയ്യുമ്പോൾ, ഹഡ്‌സ സ്ത്രീകൾ ദിവസവും ഏകദേശം 8 കിലോമീറ്ററും, പുരുഷന്മാർ 14 കിലോമീറ്ററും നടക്കുന്നുണ്ട്. ഒരു സാധാരണ അമേരിക്കക്കാരൻ 1 ആഴ്ചയിൽ നടക്കുന്നതിനേക്കാൾ കൂടുതലാണിത്.

ഹഡ്‌സയിൽ ചിലർ ശരാശരിയേക്കാൾ 10% കൂടുതലോ കുറവോ കലോറി വിനിയോഗിച്ചിരുന്നു. എന്നാൽ കൊഴുപ്പില്ലാത്ത ശരീരഭാരവുമായി ക്രമീകരിക്കുമ്പോൾ, യുണൈറ്റഡ് സ്‌റ്റേറ്റ്‌സിലും യൂറോപ്പ്, റഷ്യ, ജപ്പാൻ എന്നിവിടങ്ങളിലെ പുരുഷന്മാരും സ്ത്രീകളും ഉപയോഗിക്കുന്ന ശരാശരി ഊർജമാണ് ഹഡ്‌സ പുരുഷന്മാരും സ്ത്രീകളും പ്രതിദിനം ഉപയോഗിച്ചിരുന്നത്. “പ്രതിദിനം ഉപയോഗിക്കുന്ന കലോറി വർദ്ധിപ്പിക്കുന്നതിനുപകരം, കലോറികൾ ചെലവഴിക്കുന്ന രീതിയിൽ ഹഡ്സയുടെ ശാരീരിക പ്രവർത്തനങ്ങൾ മാറ്റുകയായിരുന്നെന്നാണ് പോണ്ട്സർ ഇതേപ്പറ്റി പറയുന്നത്.

ഷിക്കാഗോ ലയോള യൂണിവേഴ്സിറ്റിയിലെ എപ്പിഡെമിയോളജിസ്റ്റായ ആമി ലൂക്ക്, ഇരട്ടി ലേബൽ ചെയ്ത ജലപഠനത്തിലൂടെ ഇത്തരത്തിലൊരു കാര്യം കണ്ടെത്തിയിട്ടുണ്ട്. 75 കിലോഗ്രാം സ്ത്രീക്ക് ഏകദേശം 2400 കിലോ കലോറി എന്ന കണക്കിൽ പടിഞ്ഞാറൻ ആഫ്രിക്കയിലെ സ്ത്രീ കർഷകർ ഉപയോഗിച്ച അതേ ഊർജമാണ് ചിക്കാഗോയിലെ സ്ത്രീകളും പ്രതിദിനം ഉപയോഗിക്കുന്നതെനന്നായിരുന്നു അവർ കണ്ടെത്തിയിരുന്നത്. 

ഹാഫ് മാരത്തണുകൾ ഓടാൻ പരിശീലിപ്പിച്ച സ്ത്രീകളെക്കുറിച്ചുള്ള മറ്റൊരു ടീമിന്റെ പഠനറിപ്പോർട്ട് പ്രകാരവും പോണ്ട്സർ ഈ കാര്യം ശരിവെച്ചു. പരിശീലനം ആരംഭിക്കുന്നതിന് മുമ്പുള്ളതിനേക്കാൾ പ്രതിദിനം കുറഞ്ഞ ഊർജമാണ് ആഴ്ചയിൽ 40 കിലോമീറ്റർ ഓടുമ്പോൾ അവർ ഉപയോഗിച്ചത്. ആഴ്ചയിൽ 6 ദിവസം വീതം, 140 ദിവസം 42.6 കിലോമീറ്റർ ഓടിയ മാരത്തണർമാരുടെ മറ്റൊരു പഠനത്തിൽ ഓട്ടക്കാർ കാലക്രമേണ ഉപയോഗിക്കുന്ന ഊർജ്ജം കുറയുന്നതായി കണ്ടെത്തിയിട്ടുണ്ട്. തുടക്കത്തിൽ 6200 കലോറിയും ഓട്ടം അവസാനിക്കുമ്പോൾ പ്രതിദിനം 4900 കലോറിയുമാണ് അത്‌ലറ്റുകൾ ഉപയോഗിച്ചത്. മാസങ്ങളായി കൂടുതൽ ഓടുമ്പോൾ, അധിക വ്യായാമച്ചെലവുകൾക്കായി അവരുടെ മെറ്റബോളിക് എഞ്ചിനുകൾ മറ്റെവിടെയെങ്കിലും ഊർജോപയോഗം വെട്ടികുറച്ചിരിക്കാമെന്നാണ് പോണ്ട്സർ പറയുന്നത്. കൂടുതൽ സജീവമായ മനുഷ്യർക്ക് നിങ്ങൾ പ്രവചിക്കുന്നത് പോലെ ഉയർന്ന TEE ഇല്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. 

‘പോണ്ട്സറിന്റെ ഏറ്റവും വിവാദപരവും രസകരവുമായ ആശയം’ എന്നാണ് അദ്ദേഹത്തിന്റെ തീസിസ് ഉപദേശകനായിരുന്ന ഹാർവാർഡ് പാലിയോ ആന്ത്രോപോളജിസ്റ്റ് ഡാനിയൽ ലീബർമാൻ ഇതേ കുറിച്ച് പറഞ്ഞത്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് പോൺസറിന്റെ കണ്ടെത്തലുകൾ നിരുത്സാഹപ്പെടുത്തുന്നതാണ്. വ്യായാമം ചെയ്ത് പൊണ്ണത്തടിയിൽ നിന്ന് കരകയറാനാവില്ലെന്നാണ് ചൈനീസ് അക്കാദമി ഓഫ് സയൻസസിലെ പരിണാമ ഫിസിയോളജിസ്റ്റായ ജോൺ സ്പീക്ക്മാൻ പറയുന്നത്. എന്നാൽ പോണ്ട്സറിന്റെ സന്ദേശം ഗുണത്തേക്കാളേറെ ദോഷം ചെയ്തേക്കാമെന്ന് തിഫോൾട് മുന്നറിയിപ്പ് നൽകുന്നുണ്ട്. വ്യായാമം ചെയ്യുന്ന ആളുകൾക്ക് ആദ്യം ശരീരഭാരം കൂടാനുള്ള സാധ്യത കുറവാണെന്നും, ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടഞ്ഞ് പ്രമേഹം, ഹൃദ്രോഗം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുമെന്നും അദ്ദേഹം പറയുന്നു.

“വ്യായാമം സമ്മർദ്ദ പ്രതികരണത്തെ കുറയ്ക്കുകയാണെങ്കിൽ, ആ നഷ്ടപരിഹാരം ഒരു നല്ല കാര്യമാണ്.” എന്നാൽ ഭക്ഷണക്രമം തെറ്റിദ്ധരിപ്പിക്കുന്നത് ശരിയല്ലെന്ന് പോണ്ട്സർ പറയുന്നു. “വ്യായാമം നിങ്ങളെ അസുഖം വരുന്നതിൽ നിന്ന് തടയുന്നു, എന്നാൽ ശരീരഭാരം നിയന്ത്രിക്കുന്നതിനുള്ള നിങ്ങളുടെ ഏറ്റവും മികച്ച ഉപകരണമാണ് ഭക്ഷണക്രമം.”

ഇതിനിടയിൽ, കഴിഞ്ഞ വർഷം പോണ്ട്സറും സ്പീക്ക്മാനും ചേർന്ന് ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസി ഇരട്ടി ലേബൽ ചെയ്ത വാട്ടർ ഡാറ്റാബേസ് കൂട്ടിച്ചേർക്കാനുള്ള ശ്രമത്തിന് നേതൃത്വം നൽകി . 8 ദിവസത്തിനും 95 വയസ്സിനും ഇടയിൽ പ്രായമുള്ള ഏകദേശം 6800 പേരെ പഠനത്തിൽ ഉൾപ്പെടുത്തിയിരുന്നു. മനുഷ്യായുസ്സിൽ ഊർജ്ജ ഉപയോഗത്തെക്കുറിച്ചുള്ള ആദ്യത്തെ സമഗ്രമായ പഠനം നടത്താനായാണ് അവർ ഈ ഡാറ്റാബേസ് ഉപയോഗിച്ചത്. 

നവജാതശിശുക്കൾക്ക് അവരുടെ ഗർഭിണികളായ അമ്മമാരുടെ അതേ ഉപാപചയ നിരക്ക് ഉണ്ട്, ഇത് ശരീരത്തിന്റെ വലുപ്പത്തിനനുസരിച്ച് ക്രമീകരിക്കുമ്പോൾ മറ്റ് സ്ത്രീകളിൽ നിന്ന് വ്യത്യസ്തമല്ല. എന്നാൽ 9-നും 15-നും ഇടയിൽ പ്രായമുള്ള കുട്ടികൾ, ശരീരത്തിന്റെ വലിപ്പവും കൊഴുപ്പും ക്രമീകരിക്കുമ്പോൾ മുതിർന്നവരേക്കാൾ 50% കൂടുതൽ ഊർജ്ജം ഒരു ദിവസം ചെലവഴിക്കുന്നു. അത് അവരുടെ വളരുന്ന മസ്തിഷ്കത്തിനും, ഒരുപക്ഷേ, പ്രതിരോധ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനും ഊർജം പകരാൻ സാധ്യതയുണ്ട്. ‘സയൻസിൽ’ റിപ്പോർട്ട് ചെയ്ത ഈ കണ്ടെത്തലുകൾ പോഷകാഹാരക്കുറവുള്ള ശിശുക്കളുടെ വളർച്ച മുരടിച്ചേക്കാവുന്നത് എന്തുകൊണ്ടെന്ന് വിശദീകരിക്കാൻ സഹായിക്കുന്നതായിരുന്നു.

ശരീരവലുപ്പത്തിനനുസരിച്ച് ക്രമീകരിക്കുമ്പോൾ, ഏകദേശം 5 വയസ്സ് വരെ കുട്ടികളുടെ മെറ്റബോളിസങ്ങൾ ഉയർന്ന നിലയിലായിരിക്കും. 20 വയസ്സ് ആകുമ്പോൾ ഇത് പതുക്കെ കുറയുകയും പ്രായപൂർത്തിയാകുമ്പോൾ സ്ഥിരത കൈവരിക്കുകയും ചെയ്യുന്നു. 60 വയസിനു ശേഷം മനുഷ്യന്റെ ഊർജോപയോഗം കുറയുന്നു. 90 വയസ്സ് ആകുമ്പോൾ, മധ്യവയസ്കരായവരേക്കാൾ 26% കുറവാണ് മനുഷ്യൻ ഉപയോഗിക്കുന്ന ഊർജം.

അത്‌ലറ്റുകളെക്കുറിച്ചുള്ള തന്റെ പഠനങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ ഒരു നിഗൂഢതയാണ് പോണ്ട്‌സർ ഇപ്പോൾ അന്വേഷിക്കുന്നത്. എത്ര വേഗത്തിൽ ഭക്ഷണം ദഹിപ്പിക്കാനും ഊർജമാക്കി മാറ്റാനും കഴിയും എന്നതനുസരിച്ച് നമ്മുടെ ശരീരത്തിന് പ്രതിദിനം എത്ര കലോറി കത്തിക്കാം എന്നതിന് ഒരു പരിധി ഉണ്ട്. 85 കിലോഗ്രാം ഭാരമുള്ള ഒരാളുടെ പരിധി പ്രതിദിനം 4650 കലോറി ആയിരിക്കുമെന്നാണ് അദ്ദേഹം കണക്കാക്കുന്നത്. ഇതിൽ എലൈറ്റ് അത്‌ലറ്റുകൾക്ക് മാസങ്ങളോളം പരിധികൾ ഉയർത്താൻ കഴിയും, പക്ഷേ അത് അനിശ്ചിതമായി നിലനിർത്താൻ കഴിയില്ല, പോണ്ട്സർ പറയുന്നു.

ഇതുകൂടാതെ പരമാവധി ഊർജ പരിധി മറികടക്കാതെ, തീവ്രമായ വ്യായാമത്തിനും രോഗങ്ങളെ ചെറുക്കാനും ശരീരം എങ്ങനെയാണ് ഊർജം ചെലവഴിക്കുന്നതെന്ന് മനസിലാക്കാൻ വേണ്ടി, പോണ്ട്‌സറും അവന്റെ വിദ്യാർത്ഥികളും ശരീരം മറ്റ് പ്രവർത്തനങ്ങളെ എങ്ങനെ തടയുന്നു എന്ന് അന്വേഷിക്കുകയാണ്. 

അതുകൊണ്ടാണ് ലാബിൽ വെച്ച് ക്രിസ്റ്റീനയെ സമ്മർദ്ദത്തിലാക്കിയപ്പോൾ അവൾ എത്ര ഊർജം ഉപയോഗിച്ചെന്ന് പോണ്ട്സർ അളന്നത്. സമ്മർദം കൂടിയപ്പോൾ അവളുടെ ഹൃദയമിടിപ്പ് മിനിറ്റിൽ 115 ആയും, ഊർജ്ജ ഉപയോഗം മിനിറ്റിൽ 1.2 കിലോ കലോറിയിൽ നിന്ന് 1.7 കിലോ കലോറി ആയി ഉയർന്നു.

“ഗണിത പരീക്ഷയിൽ അവൾ മിനിറ്റിൽ 40% കൂടുതൽ ഊർജ്ജം കത്തിച്ചു, അഭിമുഖത്തിൽ 30%,” പോണ്ട്സർ പറയുന്നു. “നിങ്ങളുടെ ഊർജ്ജത്തെ ഏകദേശം 40% വർദ്ധിപ്പിക്കുന്ന മറ്റേതെങ്കിലും പ്രക്രിയയെക്കുറിച്ച് ചിന്തിക്കുക.”

മാനസിക പിരിമുറുക്കത്തിന്റെ മറഞ്ഞിരിക്കുന്ന വില മനസിലാക്കാൻ ഇത്തരം പരീക്ഷണങ്ങൾ സഹായിക്കുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു. സമ്മർദ്ദവും രോഗപ്രതിരോധ പ്രതിപ്രവർത്തനങ്ങളും ഊർജ്ജ ഉപഭോഗം വർദ്ധിപ്പിക്കുന്നത് എങ്ങനെയെന്ന് അളക്കുന്നത്, ഇവ നമ്മുടെ ദൈനംദിന ഊർജ്ജ ബജറ്റിൽ എങ്ങനെ മാറ്റം വരുത്തുമെന്ന് കണ്ടെത്താൻ സഹായിക്കും. 

ആൻ ഗിബ്ബൺ, science.org ൽ എഴുതിയ ‘THE CALORIE COUNTER’ എന്ന ലേഖനത്തിൽ നിന്ന്