Mon. Dec 23rd, 2024
വടകര:

നഗരത്തിലെ വിവിധ തോടുകളിലെ മലിനീകരണത്തിന് കാരണമായ സ്ഥാപനങ്ങളെ കണ്ടെത്തണമെന്ന ആവശ്യം ശക്തമായി. ഒവി തോട്, അരയാക്കി തോട്, ചോളംവയൽ ഓവുചാൽ എന്നിവിടങ്ങളിലെ മലിനീകരണം തടയണമെന്നാണ് ആവശ്യം. മലിനജലം ഒഴുക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കണമെന്ന് കൗൺസിലർമാർ ആവശ്യപ്പെടുന്നു.

രൂക്ഷമായ മലിനീകരണത്തിന്റെ പിടിയിലാണ് താഴെ അങ്ങാടി, പാക്കയിൽ പ്രദേശത്തു കൂടെ ഒഴുകുന്ന അരയാക്കി, ഒവി തോടുകൾ. ഓവുചാൽ നവീകരണം നടക്കുന്ന ചോളംവയലിൽ മാർക്കറ്റ് റോഡ് ഭാഗത്തെ മലിനജലം മുഴുവൻ ഒഴുകിയെത്തുന്നു. ഇവിടേക്ക് മലിനജലം ഒഴുകുന്നത് തടയണമെന്നാണ് ആവശ്യം.

മാർക്കറ്റ് റോഡ് ഭാഗത്തെ മലിനജലത്തിനു പുറമേ മത്സ്യ മാർക്കറ്റിലെ അവശിഷ്ടങ്ങളും മത്സ്യം സൂക്ഷിക്കുന്ന തെർമോകോളും വരെ ഓടയിൽ തള്ളുകയാണ്. ഇവ ഒഴുകിയെത്തി ചോളംവയലിൽ രൂക്ഷ മലിനീകരണമുണ്ടാവുന്നു. ഓടയിലേക്ക് മലിനജലം ഒഴുക്കുന്ന നഗരത്തിലെ വിവിധ സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്ത നഗരസഭ മാർക്കറ്റ് റോഡ് ഭാഗത്തെ സ്ഥാപനങ്ങളെ ഒഴിവാക്കിയെന്ന് ആരോപണമുണ്ടായിരുന്നു. ഇതിന്റെ ദൂഷ്യഫലം അനുഭവിക്കുന്നത് ചോളംവയൽ നിവാസികളാണ്.

ഓവുചാൽ നവീകരണം നടക്കുന്ന ചോളംവയൽ ഭാഗത്തെ ഓടയിലേക്ക് മാർക്കറ്റ് റോഡിലെയും പരിസരത്തെയും മലിനജലം ഒഴുക്കുന്നത് തടയണമെന്ന് വാർഡ് കൗൺസിലർ കെ പ്രഭാകരൻ ആവശ്യപ്പെട്ടു. രാത്രിയിലാണ് വെള്ളം ഒഴുക്കുന്നത്. ഇതിനെതിരെ നിയമ നടപടിയെടുക്കണം.

അരയാക്കി, ഒവി തോട്ടിലേക്ക് മലിനജലം ഒഴുക്കുന്നത് വീരഞ്ചേരി, ജെടി റോഡിലെ ചില സ്ഥാപനങ്ങളിൽ നിന്നാണെന്ന് പരാതിയുണ്ട്. 46–ാം വാർഡിലെ ചില വീടുകളിൽ നിന്ന് അരയാക്കി തോട്ടിലേക്ക് മലിനജലം ഒഴുക്കുന്നത് തടയാൻ നഗരസഭ ആരോഗ്യ വിഭാഗം എത്തിയപ്പോൾ പ്രതിഷേധിച്ച നാട്ടുകാർ ഇവിടേക്ക് മാലിന്യം ഒഴുക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. ഇത്തരം സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കണമെന്ന് വാർഡ് കൗൺസിലർ പി റൈഹാനത്ത് ആവശ്യപ്പെട്ടു.