Mon. Dec 23rd, 2024
യുക്രൈൻ:

ലോകത്തിന്‍റെ നൊമ്പരമായി യുക്രൈനിലെ യുദ്ധഭൂമിയില്‍ നിന്നും റഷ്യന്‍ പട്ടാളക്കാരന്‍ അമ്മയ്ക്ക് അയച്ച അവസാനസന്ദേശം. തങ്ങള്‍ സാധാരണക്കാരെപ്പോലും ലക്ഷ്യമിടുന്നുവെന്നും തനിക്ക് പേടിയാകുന്നുമെന്നായിരുന്നു സന്ദേശം. യുദ്ധത്തെക്കുറിച്ചുള്ള യു എൻ ജനറൽ അസംബ്ലിയുടെ അടിയന്തര സെഷനിൽ, യു എന്നിലെ യുക്രൈന്‍ അംബാസഡർ റഷ്യൻ സൈനികൻ തന്‍റെ അമ്മയ്ക്ക് അയച്ചതായി കരുതപ്പെടുന്ന അവസാന സന്ദേശം വായിച്ചു.

”അമ്മേ ഞാനിപ്പോള്‍ യുക്രൈനിലാണ്. ഇവിടെയാണ് യഥാര്‍ഥ യുദ്ധം നടക്കുന്നത്. എനിക്ക് ഭയം തോന്നുന്നു. എല്ലാ നഗരങ്ങളിലേക്കും ഞങ്ങള്‍ ബോംബെറിയുന്നുണ്ട്. സാധാരണക്കാരെപ്പോലും ഞങ്ങള്‍ വെറുതെ വിടുന്നില്ല” എന്നായിരുന്നു സൈനികന്‍ അമ്മയ്ക്ക് അയച്ച മെസേജ്.

എന്തുകൊണ്ടാണ് ഇത്രയും നാളും താനുമായി ബന്ധപ്പെടാതിരുന്നതെന്നും അമ്മ മകനോട് ചോദിക്കുന്നുണ്ട്. തനിക്ക് ആത്മഹത്യ ചെയ്യാന്‍ തോന്നുന്നുവെന്നും സൈനികന്‍ അമ്മയ്ക്ക് അയച്ച ടെക്സ്റ്റ് മെസേജില്‍ പറയുന്നുണ്ട്. ”അവർ [യുക്രേനിയക്കാർ] ഞങ്ങളെ സ്വാഗതം ചെയ്യുമെന്ന് ഞങ്ങളോട് പറഞ്ഞു. പക്ഷേ അവർ ഞങ്ങളുടെ കവചിത വാഹനങ്ങൾക്കടിയിൽ വീഴുന്നു, ചക്രങ്ങൾക്കടിയിൽ വീഴുന്നു, ഞങ്ങളെ കടന്നുപോകാൻ അനുവദിക്കുന്നില്ല. അവർ ഞങ്ങളെ ഫാസിസ്റ്റുകൾ എന്ന് വിളിക്കുന്നു. അമ്മേ, ഇത് വളരെ ബുദ്ധിമുട്ടാണ്” സന്ദേശത്തില്‍ പറയുന്നു.