Mon. Dec 23rd, 2024
കുളത്തൂപ്പുഴ:

ഫിഷറീസ് വകുപ്പിന്റെ നെടുവെണ്ണൂർക്കടവിലെ ശുദ്ധജല മത്സ്യവിത്തുല്പാദന കേന്ദ്രം വികസനത്തിനു കല്ലട പദ്ധതിയുടെ (കെഐപി) ശേഷിച്ച തണ്ണീർത്തടവും മണ്ണിട്ടു നികത്താൻ നീക്കം. തണ്ണീർത്തടങ്ങൾ സംരക്ഷിക്കാൻ കർശന നടപടി വേണമെന്ന സർക്കാരിന്റെ നിർദേശം അവഗണിച്ചാണു ശേഷിക്കുന്ന തണ്ണീർത്തടങ്ങളും മണ്ണിട്ടു നികത്താൻ വീണ്ടും ശ്രമിക്കുന്നത്. തണ്ണീർത്തടം മണ്ണിട്ടു നികത്തുന്നതോടെ കല്ലടയാറ്റിലേക്കെത്തുന്ന പോഷകതോട് നാമാവശേഷമാകും.

പ്രകൃതിക്കു കോട്ടം വരുത്തുന്ന മത്സ്യവിത്തുല്പാദന കേന്ദ്രത്തിന്റെ വിപുലീകരണ പ്രവർത്തനങ്ങൾ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമപ്പഞ്ചായത്തു ഭരണസമിതിയിൽ പഞ്ചായത്തംഗം സാബു ഏബ്രഹാം പ്രമേയം അവതരപ്പിച്ചു. മണ്ണിട്ടു നികത്താൻ ആലോചനയുള്ള കെഐപിയുടെ തണ്ണീർത്തടം.

കെഐപിയിൽ നിന്നു പാട്ടത്തിനെടുത്ത 10 ഏക്കർ തണ്ണീർത്തടത്തിൽ നിന്ന് 5 ഏക്കറാണ് മത്സ്യവിത്തുല്പാദന കേന്ദ്രത്തിന്റെ ഒന്നും രണ്ടും ഘട്ട വികസനത്തിനായി മണ്ണിട്ടു നികത്തി കരയാക്കിയത്. ഇവിടെ ഓഫിസിനും മറ്റുമായി കെട്ടിടങ്ങളും മത്സ്യങ്ങളെ വളർത്താനായി കുളങ്ങളും നിർമിച്ചിരുന്നു. ഇതേവരെ നിർമിച്ച കുളങ്ങളിൽ വിത്തുല്പാദനം ലക്ഷ്യമിട്ടു ലക്ഷക്കണക്കിനു മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചിട്ടുണ്ട്.

കടൽ മത്സ്യങ്ങളുടെ ലഭ്യത കുറയുമ്പോൾ വിപണിയിലെ സാധ്യത മുതലെടുക്കാൻ വാണിജ്യാടിസ്ഥാനത്തിൽ മത്സ്യങ്ങളെ വളർത്താൻ 4 കുളങ്ങൾ നിർമിച്ചിട്ടുണ്ട്. മത്സ്യോല്പാദന മേഖലയിൽ സ്വയം പര്യാപ്തത ലക്ഷ്യമിട്ട് നൈൽ തിലാപ്പിയ ഹാച്ചറിയും 2 വർഷം മുൻപ് തുടങ്ങിയിരുന്നു. 2015ലെ ജില്ലാ പഞ്ചായത്ത് ബജറ്റിൽ 3.5 കോടി ചെലവാക്കിയാണു കേന്ദ്രം സ്ഥാപിച്ചത്.

ഫണ്ടിന്റെ അപര്യാപ്തത വന്നതോടെ ഫിഷറീസ് വകുപ്പ് 10 കോടി രൂപ അനുവദിച്ചിരുന്നു. ഒരു കോടി ശുദ്ധജല മത്സ്യക്കുഞ്ഞുങ്ങളെ ഉല്പ്പാദിപ്പിക്കുകയായിരുന്നു ലക്ഷ്യം. 2018ൽ പൂർത്തീകരണം ലക്ഷ്യമിട്ട കേന്ദ്രത്തിന്റെ വികസന പ്രവർത്തനങ്ങൾ കൊവിഡ് മഹാമാരിയെ തുടർന്നു സ്തംഭിച്ചിരുന്നു.

നിലച്ച പദ്ധതി പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായാണ് ശേഷിച്ച തണ്ണീർത്തടങ്ങളും മണ്ണിട്ടു നികത്താനുള്ള നീക്കം. തണ്ണീർത്തടങ്ങൾ ഒഴിവാക്കി സമീപത്തെ മറ്റു പ്രദേശത്തേക്ക് പദ്ധതി പ്രവർത്തനം തുടരണമെന്നും പ്രാദേശികതലത്തിലുള്ളവർക്ക് തൊഴിൽ ലഭ്യത ഉറപ്പാക്കണമെന്നും ആവശ്യമുണ്ട്.