കൊച്ചി:
ഏഷ്യൻ ഗെയിംസിൽ രാജ്യത്തിനുവേണ്ടി സ്വർണം നേടുകയാണ് ലക്ഷ്യമെന്ന് ബാഡ്മിൻറൺ താരം പി വി സിന്ധു. ഏഷ്യന്‍ ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ് ഉള്‍പ്പെടെ പ്രധാന മത്സരങ്ങൾക്കൊപ്പം താന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ജനുവരിയിൽ നടക്കുന്ന ഇന്ത്യന്‍ ഓപണിലാണെന്നും താരം പറഞ്ഞു. നിരവധി ചാമ്പ്യന്‍ഷിപ്പുകള്‍ ഉണ്ടായിരുന്നതിനാല്‍ കഴിഞ്ഞ രണ്ടുമാസം തിരക്കേറിയതായിരുന്നു.
റാങ്കിങ്ങിനും സീഡിങ്ങിനും മത്സര പങ്കാളിത്തം പ്രധാനമാണ്. എന്നാൽ, ഫിസിക്കല്‍ ട്രെയിനര്‍ ഒപ്പം ഉണ്ടായിരുന്നതിനാല്‍ മത്സരങ്ങള്‍ക്കിടയിലും കായികക്ഷമത നിലനിര്‍ത്താന്‍ കഴിഞ്ഞതായും ലോക ഏഴാം നമ്പര്‍ താരം പറഞ്ഞു. അടുത്ത വർഷവും തുടര്‍ച്ചയായ ടൂര്ണമെൻറുകളുണ്ട്.
നൂറുശതമാനം കായികക്ഷമത ഉറപ്പവരുത്തേണ്ടത് ആവശ്യമായതിനാൽ ഏതെല്ലാം മത്സരങ്ങള്‍ കളിക്കണമെന്നത് പരിശീലകനോടും ടീമിനോടും ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ഏഷ്യന്‍ ഗെയിംസ് എല്ലായ്പ്പോഴും കഠിനമാണ്. എന്നാലും സ്വർണം നേടലാണ് ലക്ഷ്യം.
മികച്ച പ്രകടനം നടത്തിയ എല്ലാ മുന്‍നിര ഏഷ്യന്‍ താരങ്ങളും ഉണ്ടാകുമെന്നതിനാൽ ആദ്യറൗണ്ട് മുതല്‍ മികച്ച പ്രകടനം വേണ്ടി വരും. ബാഡ്മിൻറണ്‍ രംഗത്ത് വളര്‍ന്നുവരുന്ന താരങ്ങള്‍ക്ക് ശരിയായ മാര്‍ഗനിര്‍ദേശവും ശരിയായ പരിശീലകരെയുമാണ് വേണ്ടതെന്നും പിവി സിന്ധു പറഞ്ഞു. കൊച്ചിയില്‍ ലി-നിങ് എക്സ്ക്ലൂസീവ് ഷോറൂം പ്ലേ വെൽ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അവർ. ഒളിമ്പിക്സിൽ കളിക്കാൻ ഉപയോഗിച്ച ബാഡ്മിൻറണ്‍ റാക്കറ്റ് സിന്ധു മന്ത്രി പി രാജീവിന് സമ്മാനിച്ചു.