Wed. Jan 22nd, 2025
പുൽപള്ളി:

വനാതിർത്തി ഗ്രാമങ്ങള്‍ കൂരിരുട്ടിലായതോടെ നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ തുരത്താൻ കഴിയാതെ ജനം. സന്ധ്യയോടെ ആനയും കടുവയും പന്നിയുമടക്കമുള്ളവ നാട്ടിലിറങ്ങുന്നതു പതിവായിട്ടും ഈ പ്രദേശങ്ങളിലെ തെരുവുവിളക്കുകൾ തെളിക്കാൻ നടപടിയില്ല. ത്രിതല പഞ്ചായത്ത് ഭരണസമിതികൾ അധികാരമേറ്റിട്ട് വർഷമൊന്നു കഴിഞ്ഞിട്ടും പാതയോരങ്ങളില്‍ ബള്‍ബ് കത്തിക്കാനായിട്ടില്ല.

ഫണ്ടില്ല, സര്‍ക്കാരിന്റെ നിലാവ് പദ്ധതി നടപ്പായില്ല എന്നെല്ലാമാണ് ഭരണകര്‍ത്താക്കളുടെ വാദം. നിലാവ് പദ്ധതിക്കു മുന്‍ പഞ്ചായത്ത് ഭരണസമിതി പണമടച്ചിരുന്നു. മുന്‍ സര്‍ക്കാര്‍ ആവിഷ്കരിച്ച നിലാവ് പദ്ധതിക്കു മിക്ക പഞ്ചായത്തുകളിലും കെഎസ്ഇബി പ്രത്യേക ലൈന്‍ വലിച്ചിരുന്നു. എന്നാൽ ബള്‍ബിട്ടില്ല.

കടുത്ത അനാസ്ഥയാണു ത്രിതല പഞ്ചായത്തും കെഎസ്ഇബിയും തെരുവുവിളക്കിന്റെ കാര്യത്തില്‍ പുലര്‍ത്തുന്നത്. ഉണ്ടായിരുന്ന വിളക്കുകള്‍ മഴക്കാലത്ത് കണ്ണടച്ചു. വന്‍തുക മുടക്കി വര്‍ഷാവര്‍ഷം പഞ്ചായത്തുകള്‍ തെരുവുവിളക്കുകള്‍ സ്ഥാപിക്കാറുണ്ട്.

ഗ്യാരണ്ടിയുള്ള ഇവയെല്ലാം മാസങ്ങള്‍ക്കുള്ളില്‍ തകരാറിലായി. ഹൈമാസ്റ്റ്, ലോമാസ്റ്റ് വിളക്കുകളുടെ അറ്റകുറ്റപണികളും സമയത്തു നടക്കുന്നില്ല. ഇതോടെ പുലർച്ചെയും സന്ധ്യയ്ക്കും പുറത്തിറങ്ങാനാവാത്ത അവസ്ഥ.

സാമൂഹികവിരുദ്ധർ, തെരുവുനായ്ക്കൾ എന്നിവയ്ക്കു പുറമേ വന്യജീവികൾ കൂടി തെരുവുകളിൽ പതിയിരിക്കുന്നു. തീരദേശത്ത് റോഡിലൂടെയാണ് ആനക്കൂട്ടത്തിന്റെ സഞ്ചാരം. ഇന്നലെ രാത്രിയിലും മാടപ്പള്ളിക്കുന്ന് റോഡില്‍ ആനക്കൂട്ടമെത്തി.

റോഡിലൂടെ ജനം പോകുമ്പോഴാണ് കര്‍ണാടക വനത്തില്‍ നിന്ന് ആനക്കൂട്ടമെത്തിയത്. ക്ഷേത്രത്തിലെ ഭജന കഴിഞ്ഞു മടങ്ങുകയായിരുന്ന സ്ത്രീകളും കുട്ടികളുമെല്ലാം ഓടി രക്ഷപെടുകയായിരുന്നു. മിന്നാമിനുങ്ങിന്റെ വെളിച്ചം പോലുമില്ലാത്ത റോഡിലൂടെ പേടിച്ചാണ് അത്യാവശ്യക്കാര്‍ പോകുന്നത്. രാവിലെ പാല്‍ അളക്കാന്‍ പോകുന്നവരും ജോലിക്കിറങ്ങുന്നവരുമെല്ലാം ദുരിതത്തിലായി.