Sat. Apr 27th, 2024
ഇരിട്ടി:

ബാരാപോളിന്‌ പിറകെ അയ്യങ്കുന്ന്‌ ഏഴാംകടവിലും വൈദ്യുതി ഉല്പ്പാദനത്തിന്‌ സാധ്യത തെളിയുന്നു.  ബിടെക്‌ ബിരുദധാരികളായ മൂന്ന്‌ ചെറുപ്പക്കാരുടെ സംരംഭത്തിനാണ്‌  ഏഴാംകടവിൽ മിനി ജലവൈദ്യുത പദ്ധതിയാരംഭിക്കാൻ  സർക്കാർ അനുമതി നൽകിയത്‌. സൂയിസോ എനർജി പ്രൈവറ്റ്‌ ലിമിറ്റഡ്‌ കമ്പനി സംരഭകരായ വിജേഷ്‌ സാം സനൂപ്‌, രോഗിത്‌ ഗോവിന്ദ്‌, ജിത്തു ജോർജ്‌ എന്നിവരാണ്‌  350 കിലോവാട്ട്‌ വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള പദ്ധതിക്ക്‌ രൂപം നൽകിയത്‌.

വൈദ്യുതി വകുപ്പിന്‌ സമർപ്പിച്ച പദ്ധതിയിൽ ആവശ്യമായ പരിശോധനയും പഠനവും നടത്തിയ ശേഷമാണ്‌  അനുമതിക്കായി സമർപ്പിച്ചത്‌. കഴിഞ്ഞ മന്ത്രിസഭ യോഗത്തിൽ നിബന്ധനകൾക്ക്‌ വിധേയമായി അനുമതി നൽകി. പദ്ധതിക്കായി ഒരേക്കർ മതി വളപട്ടണം പുഴയുടെ കൈവഴിയായ കുണ്ടൂർ പുഴയിലെ വെള്ളം ഏഴാംകടവിൽ സ്ഥാപിക്കുന്ന വൈദ്യുത നിലയത്തിലേക്ക്‌ ചെറുചാലുകൾ വഴിയെത്തിക്കും.

വൈദ്യുതി ഉല്പാദിപ്പിച്ചശേഷം വെള്ളം തിരികെ പുഴയിലേക്ക്‌ ഒഴുക്കും. മൂന്നുകോടി രൂപ മുടക്കിൽ ഒരുവർഷംകൊണ്ട്‌ വൈദ്യുതി നിലയം നിർമിക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. പദ്ധതിക്ക്‌ ഒരേക്കർ സ്ഥലം മതി.

ഏഴാംകടവിൽ നിർദിഷ്ട സ്ഥലത്ത്‌ ഇത്‌ ലഭ്യമാക്കിയിട്ടുണ്ട്‌.  ആറുവർഷംമുമ്പ്‌ കെഎസ്‌ഇബി ആരംഭിച്ച  അയ്യങ്കുന്നിലെ ബാരാപോൾ മിനി ജലവൈദ്യുത പദ്ധതിയിൽനിന്ന്‌ 18 മെഗാവാട്ട്‌ വൈദ്യുതി  ഉൽപ്പാദിപ്പിക്കുന്നുണ്ട്‌. ഉല്പ്പാദിപ്പിക്കുന്ന വൈദ്യുതി യൂണിറ്റ്‌ നിരക്കിൽ തുക നിശ്‌ചയിച്ച്‌ കെഎസ്‌ഇബിക്ക്‌ നൽകും. ഇതോടെ ജില്ലയിലെ രണ്ട്‌ വൈദ്യുതി നിലയങ്ങളുള്ള പഞ്ചായത്തായി അയ്യങ്കുന്ന്‌ മാറും.