കല്ലമ്പലം:
നാവായിക്കുളം പഞ്ചായത്തിലെ പറകുന്ന് നാഗർകാവിന് സമീപം ലോറിയിൽ കൊണ്ടു വന്ന മാലിന്യം തള്ളാൻ ശ്രമം. നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. തിരുവനന്തപുരം കോർപറേഷൻ പരിധിയിൽ നിന്ന് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ആയിരുന്നു ലോറി നിറയെ ഉണ്ടായിരുന്നത്.
കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് സാബുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തി തടയുകയും പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. പൊലീസ് എത്തി വാഹനം കസ്റ്റഡിയിൽ എടുത്തു.
ജനവാസ മേഖലയിൽ മാലിന്യം തള്ളാൻ ശ്രമിച്ചതിന് എതിരെ പഞ്ചായത്ത് ഫൈൻ ഈടാക്കി.10,000രൂപ ഫൈൻ അടച്ചതിനു ശേഷം മാത്രമേ വാഹനം വിട്ടു നൽകൂ എന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ മാലിന്യം തള്ളൽ വ്യാപകം ആയെന്നും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.