തിരുവനന്തപുരം:
കേരളത്തിൽ വാക്സീൻ അർഹരായവരിൽ 75 ശതമാനത്തിലേറെ സമ്പൂർണ വാക്സിനേഷൻ പൂർത്തിയാക്കിയ ഘട്ടത്തിലാണ് കൗമാരക്കാർക്കുള്ള വാക്സീൻ കൂടി എത്തുന്നത്. ഭൂരിഭാഗം പേരും വാക്സീനേഷൻ പൂർത്തിയാക്കിയതിനാൽ കേരളത്തിന് പുതിയ ദൗത്യം വെല്ലുവിളിയാവില്ലെന്നാണ് വിലയിരുത്തൽ. രണ്ട് ഡോസ് കൊവിഡ് വാക്സീനും എടുത്ത് നിശ്ചിതഘട്ടം പിന്നിടുമ്പോൾ പ്രതിരോധ ശേഷി ദുർബലമാവുന്നത് കണക്കിലെടുത്താണ് ബൂസ്റ്റർ ഡോസിനുള്ള തീരുമാനം കേന്ദ്രസർക്കാർ സ്വീകരിച്ചത്.
സംസ്ഥാനത്ത് വാക്സീൻ എടുക്കാൻ അർഹതയുള്ള 97.5 ശതമാനം പേരും ഒരു ഡോസ് വാക്സീൻ എടുത്തു. 76.6 ശതമാനം പേരും രണ്ട് ഡോസ് വാക്സീനും എടുത്തവരാണ്. ആദ്യ ഡോസ് എടുത്തവരെ മാത്രം കണക്കാക്കിയാൽ 50 ലക്ഷത്തിന് മുകളിൽ ആളുകൾക്ക് കൂടി വാക്സിൻ നൽകാനുണ്ട്.
ഇതിനിടയിലേക്ക് കൗമാരക്കാർക്കുള്ള വാക്സീൻ കൂടി എത്തുന്നത് വലിയ പ്രതിസന്ധി ആവില്ലെന്നാണ് വിലയിരുത്തുന്നത്. പ്രതിദിനം അഞ്ചര ലക്ഷത്തിന് മുകളിൽ വാക്സീൻ നൽകാൻ സംസ്ഥാനത്തിന് കഴിഞ്ഞിരുന്നു. അതേസമയം കൊവിഡ് ബ്രിഗേഡ് പിരിച്ചുവിട്ടതോടെയുള്ള ജീവനക്കാരുടെ കുറവ് തിരിച്ചടിയാകും.
സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി നടത്തിയ സെറോ സർവേയിൽ 40.2 ശതമാനം കുട്ടികൾക്ക് കോവിഡ് വന്നു പോയി ആന്റിബോഡി രൂപപ്പെട്ടതായി കണ്ടെത്തിയിരുന്നു. പലരിലും ഈ പ്രതിരോധ ശേഷി പിന്നീട് ദുർബലമാവുന്നതും കണ്ടെത്തി. ഈ സാഹചര്യത്തിലാണ് കൗമാരക്കാരിലെ വാക്സീനും, ബൂസ്റ്റർ ഡോസും എത്തുന്നത്.