Fri. Apr 26th, 2024
മുംബൈ:

രാജ്യത്ത്​ കൊവിഡിന്‍റെ ഒമിക്രോൺ വകഭേദം വ്യാപിക്കുന്നതിനിടെ ലോക്​ഡൗണിനെ കുറിച്ച്​ സൂചനകൾ നൽകി മഹാരാഷ്ട്ര മന്ത്രി. മെഡിക്കൽ ഓക്സിജന്‍റെ പ്രതിദിന ആവശ്യകത 800 മെ​ട്രിക്​ ടണിൽ കൂടിയാൽ മാത്രം ലോക്​ഡൗൺ ഏർപ്പെടുത്തുന്നത്​ പരിഗണിക്കുമെന്ന്​ ആരോഗ്യമന്ത്രി രാജേഷ്​ തോപെ പറഞ്ഞു.

ജനങ്ങൾ കോവിഡ്​ നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. മഹാരാഷ്ട്രയിൽ മാത്രം 108 പേർക്കാണ്​ ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചത്​. ഏറ്റവും കൂടുതൽ ഒമിക്രോൺ ബാധിതരുള്ളതും മഹാരാഷ്ട്രയിലാണ്​. രാജ്യത്ത്​ ഇതുവരെ 415 പേർക്ക്​ ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്​.

ഒമിക്രോൺ സ്ഥിരീകരിക്കുന്നവരിൽ രോഗം ഗുരുതരമാവുന്നവരുടെ എണ്ണം താരതമ്യേന കുറവാണ്​. ഐ സി യുവിൽ ​പ്രവേശിക്കപ്പെടുന്നവരുടെ എണ്ണവും കുറവാണ്​. ഒമിക്രോണിനെ പ്രതിരോധിക്കാൻ മാസ്ക്​ ധരിക്കുകയെന്നത്​ പ്രാധാന്യമർഹിക്കുന്ന ഒന്നാണെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.

മുംബൈയിൽ കഴിഞ്ഞ ദിവസം മാത്രം 757 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചിരുന്നു. രോഗബാധ ഉയരുന്നതിന്‍റെ സൂചനയായാണ്​ വിദഗ്​ധർ ഇതിനെ വിലയിരുത്തുന്നത്​. ഒമിക്രോണിനെ തുടർന്ന്​ ചില നിയന്ത്രണങ്ങൾ മഹാരാഷ്ട്ര ഏർപ്പെടുത്തിയിരുന്നു. രാത്രി ഒമ്പത്​ മണി മുതൽ ആറ്​ മണി വരെ അഞ്ച്​ പേരിൽ കൂടുതൽ കൂട്ടം കൂടുന്നതിന്​ വിലക്കേർപ്പെടുത്തിയിരുന്നു.