Mon. Dec 23rd, 2024
ഹൈദരാബാദ്:

വിവാഹേതര ബന്ധം വീട്ടുകാരെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. ഹൈദരാബാദില്‍ യുവതിയുടെ അയല്‍ക്കാരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിനു പിന്നാലെ യുവതിയും സുഹൃത്തും കീടനാശിനി കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടു.

ഡിസംബർ 13ന് ഹൈദരാബാദിലെ എസ്ആർ നഗറിലാണ് സംഭവം നടന്നത്. ഡിസംബർ 17നാണ് യുവതി പൊലീസിൽ പരാതിപ്പെട്ടത്. നിര്‍മാണ തൊഴിലാളിയായ യുവതി കൂടെ ജോലി ചെയ്യുന്ന ആളുമായി പ്രണയത്തിലായിരുന്നു.

13ന് യുവതി സുഹൃത്തിനെ കാണാൻ വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ പ്രതികൾ തടഞ്ഞുനിർത്തി ഇവരുടെ ബന്ധം വീട്ടുകാരോട് വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ആളൊഴിഞ്ഞ മുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തൊട്ടടുത്ത ദിവസം യുവതിയും സുഹൃത്തും ജീവനൊടുക്കാന്‍ തീരുമാനിക്കുകയും ചെയ്തു.

ബോധം മറയുന്നതിനു മുന്‍പ് കീടനാശിനി കഴിച്ചതിനെക്കുറിച്ച് സുഹൃത്ത് കുടുംബാംഗങ്ങളെ അറിയിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. തുടര്‍ന്ന് കുടുംബാംഗങ്ങളെത്തി ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വെള്ളിയാഴ്ച ബോധം തെളിഞ്ഞപ്പോൾ യുവതി ലൈംഗികാതിക്രമത്തെ കുറിച്ച് പൊലീസിനോട് പറഞ്ഞു. തുടർന്ന് കൂട്ടബലാത്സംഗത്തിന് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു