Sat. Apr 20th, 2024
ന്യൂഡൽഹി:

മനുഷ്യക്കടത്ത് കുറ്റാരോപിതയായ ആദിവാസി യുവതിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. തടവിലായി രണ്ട് വർഷം കഴിഞ്ഞിട്ടും വിചാരണ ആരംഭിച്ചിട്ടില്ലെന്ന് കണ്ടെത്തിയ കോടതി യുവതിയെ അനിശ്ചിതമായി തടവിൽ പാർപ്പിക്കാൻ കഴിയില്ലെന്നും പറഞ്ഞു. മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റിലായ മേഘാലയ സ്വദേശി ദ്രഭമോൻ ഫാവ എന്ന 21കാരിക്കാണ് ചീഫ് ജസ്റ്റിസ് എൻവി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ച് ജാമ്യം അനുവദിച്ചത്.

ഹർജിക്കാരി 18 മാസമായി ജയിൽവാസം അനുഭവിക്കുകയും കസ്റ്റഡിയിൽ കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു എന്ന വസ്തുതയും കണക്കിലെടുത്താണ് ജാമ്യം നൽകുന്നതെന്ന് കോടതി പറഞ്ഞു. 2020 ഫെബ്രുവരി മുതൽ ദ്രഭമോൻ ഫാവ ജയിലിൽ കഴിയുകയായിരുന്നു. അറസ്റ്റിലാകുന്ന സമയത്ത് യുവതി ഗർഭിണിയായിരുന്നു. പിന്നീട് ജയിലിൽ ഒരു കുഞ്ഞിന് ജന്മം നൽകി. ഫാവയുടെ കുഞ്ഞും ജയിലിൽ കഴിയുകയാണ്.