Thu. Apr 10th, 2025 11:02:40 AM
വയനാട്:

കടുവാപ്പേടിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കൈയ്യാങ്കളിയുണ്ടായ സംഭവത്തിൽ മാനന്തവാടി കൗൺസിലർക്കെതിരെ കേസ്. വിപിൻ വേണുഗോപാലിനെതിരെ അഞ്ചോളം വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം പുതിയിടത്ത് കടുവയുടെ സാന്നിധ്യമുണ്ടായ സ്ഥലത്ത് പരിശോധനക്കെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരുമായുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് കേസ്.

വൈൽഡ് ലൈഫ് വാർഡൻ നരേന്ദ്ര ബാബുവിന്റെ പരാതിയെ തുടർന്നാണ് മാനന്തവാടി പോലീസ് കേസെടുത്തത്. കൃത്യനിർവ്വഹണം തടസപ്പെടുത്തൽ, ഭീഷണിപ്പെടുത്തൽ, കൈ കൊണ്ടുള്ള മർദനം, അന്യായമായി തടഞ്ഞുവെക്കൽ, അസഭ്യം പറയൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

കുറുക്കൻമൂലയിലെ ജനവാസ മേഖലകളിൽ ഇറങ്ങി വളർത്തുമൃഗങ്ങളെ കൊന്ന കടുവയ്ക്കായി 20 ദിവസത്തിനിപ്പുറവും തെരച്ചിൽ തുടരുകയാണ്. പയ്യമ്പള്ളി, കൊയ്ലേരി മേഖലകളിൽ എവിടെയോ കടുവ ഒളിച്ചിരിപ്പുണ്ടെന്നാണ് നിഗമനം. ഈ പ്രദേശങ്ങളിൽ വനപാലക സംഘവും പോലീസും ക്യാമ്പ് ചെയ്യുന്നുണ്ട്.

കുറുക്കന്മൂലയിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറകളും കൂടുകളും മാറ്റി സ്ഥാപിക്കാനുള്ള നടപടികളും ഇന്നുണ്ടാകും. ജനവാസ മേഖലകളിൽ നിന്ന് ഇറങ്ങി കടുവ കാട്ടിക്കുളം വനമേഖലയിലേക്ക് കടന്നോയെന്നും സംശയമുണ്ട്. അതേസമയം മാനന്തവാടി നഗരസഭയിലെ എട്ട് വാർഡുകളിൽ നിരോധനാജ്ഞ തുടരുകയാണ്.